കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം 2019 നെക്കുറിച്ചു പാലാരിവട്ടം പിഒസിയിൽ പഠനശിബിരം നടത്തി. പിഒസി ഡയറക്ടറും കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായ റവ.ഡോ. വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.കമ്മീഷൻ ജോയിന്റ് സെക്രട്ടറി ഫാ.ചാൾസ് ലിയോണ്‍ അധ്യക്ഷത വഹിച്ചു. ഡോ. റൂബിൾ രാജ്, ഫാ. ജോസ് കരിവേലിക്കൽ എന്നിവർ വിഷയാവതരണം നടത്തി.
സുദീർഘമായ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ ഗുണപരമായ നിർദേശങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ മതേതര സംസ്കാരത്തിനും ഭരണഘടനാ സംവിധാനങ്ങൾക്കും ഭീഷണിയായേക്കാവുന്ന നിർദേശങ്ങൾ ഉണ്ടെന്നു സമ്മേളനം വിലയിരുത്തി. ഗുണമേന്മയുടെ പേരിൽ നിലവിലുള്ള സംവിധാനങ്ങളെയെല്ലാം പുനരുദ്ധരിക്കുന്നതിനു പകരം അവയെ ഇല്ലാതാക്കി ദേശീയതലത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും വിദേശ ഏജൻസികൾക്ക് വിദ്യാഭ്യാസമേഖലയിൽ സ്ഥാപനങ്ങൾ ആരംഭിക്കാനുമുള്ള നിർദേശങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
അപ്രായോഗികവും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്നതുമായ നിർദേശങ്ങൾ പിൻവലിക്കാനുള്ള നിവേദനങ്ങൾ സർക്കാരിനു നൽകും. ഈ നയത്തെക്കുറിച്ച് പ്രാദേശികമായി അഭിപ്രായ രൂപീകരണം നടത്തി അവ ബന്ധപ്പെട്ടവരെ അറിയിക്കുന്ന കാര്യത്തിൽ മാനേജർമാർ ജാഗ്രത കാണിക്കണമെന്നും സമ്മേളനം ഓർമപ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറിലധികം സ്കൂൾ, കോളജ് മാനേജർമാർ സമ്മേളനത്തിൽ പങ്കെടുത്തു.