ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതിയൊഴിഞ്ഞു. ഡൽഹിയിലെ സഫ്ദാർജംഗിലുള്ള എട്ടാം നമ്പർ വസതിയിൽ നിന്ന് താൻ താമസം മാറുകയാണെന്നും പഴയ മേൽവിലാസത്തിലോ ഫോൺ നമ്പറുകളിലോ തന്നെ ഇനി ബന്ധപ്പെടാനാകില്ലെന്നും സുഷമ ട്വീറ്റ് ചെയ്തു.
ഒന്നാം മോദി സർക്കാരിലെ ജനപ്രിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് അവർ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. പലപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും അവർ നേടിയിരുന്നു.
എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സര രംഗത്തു നിന്ന് പിന്മാറിയിരുന്നു സുഷമ. അതേസമയം, അവർ ആന്ധ്രപ്രദേശ് ഗവർണറാകുന്നുവെന്നും വാർത്തകൾ വന്നിരുന്നു. കേന്ദ്രമന്ത്രിമാരിൽ ചിലർ ഇക്കാര്യത്തിൽ സുഷമയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ആ വാർത്തകൾ സുഷമ തന്നെ തള്ളി. ഇത് വാസ്തവ വിരുദ്ധമാണെന്നായിരുന്നു അവരുടെ പ്രതികരണം.