നോബിൾ തോമസ് പാറക്കൽ

വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്ന കാലത്ത് തത്പരകക്ഷികള്‍ സത്യത്തില്‍ വെള്ളം ചേര്‍ക്കുന്നതിനാലാണ് ഈ എഴുത്ത്. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താക്ക് അധികാരം തിരികെക്കിട്ടി എന്നൊക്കെയാണ് മാധ്യമങ്ങള്‍ എഴുതിപിടിപ്പിക്കുന്നത്. എന്നാല്‍ വാസ്തവമായ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമല്ല.

ആരാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താ?

പൗരസ്ത്യസഭകളിലൊന്നും ലോകമാസകലം പല ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമായ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ രൂപതയാണ് എറണാകുളം-അങ്കമാലി അതിരൂപത. അതേസമയം തന്നെ, മേജര്‍ ആര്‍ച്ചുബിഷപ്പിനെ സംബന്ധിച്ചിടത്തോളം തന്‍റെ അജപാലനത്തിനും പിതൃസവിശേഷമായ പരിപാലനക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സീറോ മലബാര്‍ രൂപതകളില്‍ ഒന്നു മാത്രവുമാണ് അത്.

എന്തായിരുന്നു പ്രതിസന്ധി?

തന്‍റെ അതിരൂപതയുടെ സാന്പത്തികകാര്യങ്ങളില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അഴിമതി കാണിച്ചുവെന്നും പണം അപഹരിച്ചുവെന്നുമായിരുന്നു സമീപകാല സംഭവവികാസങ്ങളിലെ സുപ്രധാന പ്രശ്നമായി നിലനിന്നിരുന്നത്. എന്നാല്‍ സഭയുടെ നിയമാവലികള്‍ക്കനുസരിച്ച് ആലോചനാസമിതികളില്‍ ആലോചിച്ചതിനുശേഷം ബന്ധപ്പെട്ട വൈദികരും സംവിധാനവും തന്നെയാണ് ഈ വിഷയങ്ങളില്‍ തീരുമാനങ്ങളെടുത്തതെന്ന് രേഖകള്‍ സഹിതം തെളിയിക്കാന്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പിന് സാധിച്ചിരുന്നു. എന്നാല്‍ രൂപതാസംവിധാനങ്ങളെ ഹൈജാക്ക് ചെയ്ത വ്യക്തികളും ചില ചെറുകിടപ്രസ്ഥാനങ്ങളും സമാധാനപൂര്‍വ്വകമായ പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ അത് കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. സഭാത്മകമോ ആത്മീയമോ ആയ ചൈതന്യം പ്രതിഷേധപ്രകടനങ്ങളിലും പ്രതികരണങ്ങളിലും കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്ന ഇക്കൂട്ടര്‍ മാധ്യമങ്ങളെയും നിയമസംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി പ്രതിസന്ധി ജ്വലിപ്പിച്ച് നിലനിര്‍ത്തുകയായിരുന്നു ചെയ്തുവന്നിരുന്നത്.

എന്തായിരുന്നു പ്രശ്നങ്ങളോട് മേജര്‍ ആര്‍ച്ചുബിഷപ്പിന് നിലപാട്?

വേദനിക്കുന്ന ഹൃദയത്തോടെ തനിക്കെതിരേ കരുണയില്ലാതെ പോരാടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് നിശബ്ദത പാലിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒരിക്കല്‍പ്പോലും മാധ്യമങ്ങളുടെ മുന്പില്‍ തന്‍റെ ഭാഗം ന്യായീകരിക്കാനോ മറ്റുള്ളവരെ കുറ്റക്കാരനാക്കാനോ അദ്ദേഹം ശ്രമിച്ചില്ല എന്നതില്‍ത്തന്നെ ആ വിശുദ്ധജീവിതത്തിന്‍റെ സഹനപര്‍വ്വം നീതീകരിക്കപ്പെടുന്നുണ്ട്. ഒരു ഇടപാടില്‍ പോലും നേരിട്ട് ഇടപെട്ടില്ല എന്നതിനാല്‍ത്തന്നെ അതിനായി തീരുമാനമെടുത്ത സമിതികളെയും അവ നടപ്പാക്കിയവരെയുമെല്ലാം അദ്ദേഹത്തിന് കുറ്റപ്പെടുത്താമായിരുന്നുവെങ്കിലും ഒരക്ഷരം അദ്ദേഹം ആര്‍ക്കുമെതിരേ ഉരിയാടിയില്ല. അതേസമയം അതിവേഗതയില്‍ അന്വേഷണം നടത്തണമെന്ന് നിര്‍ബന്ധബുന്ധി പിടിച്ചവര്‍ ദുര്‍ബലനായി രോഗാവസ്ഥയില്‍ കിടക്കുന്ന അദ്ദേഹത്തിന് എഴുതി നല്കിയ ചോദ്യാവലിയോട് അതീവബഹുമാനത്തോടെ അദ്ദേഹം പ്രത്യുത്തരിക്കുകയും ചെയ്തു. മനപൂര്‍വ്വമല്ലാതെ തന്റെ ഭാഗത്ത്ത നിന്നുണ്ടായ വീഴ്ചകളില്‍ ഖേദിക്കുന്നുവെന്ന് പ്രസ്തുത ഉത്തരങ്ങളോടൊപ്പം വന്ദ്യപിതാവ് എഴുതിച്ചേര്‍ത്തു. ഇതിനെല്ലാമുപരി, അതിശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചുകൊണ്ട് തന്നെ സമീപിച്ചവരെയെല്ലാം പ്രാര്‍ത്ഥനാപൂര്‍വ്വം മടക്കിയച്ചതും അഭിവന്ദ്യ ആലഞ്ചേരിപിതാവിന്‍റെ വിശുദ്ധജീവിതത്തിന്‍റെ ഉത്തമദൃഷ്ടാന്തമാണ്.

വ്യാജരേഖാ വിവാദം എന്തുകൊണ്ട്?

എല്ലാവിധ വാദങ്ങളും ആരോപണങ്ങളും സീറോ മലബാര്‍ സഭാതലവനെതിരേ ഉയരുകയും സഭാവൃത്തങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഈര്‍ക്കിലിപ്രസ്ഥാനങ്ങള്‍ വലിയ ആദര്‍ശങ്ങളുമായി നിരത്തിലിറങ്ങുകയും അഭിവന്ദ്യ പിതാവിന്‍റെ കോലം കത്തിക്കുകയും സഭയുടെ ആത്മീയപരിസരങ്ങള്‍ക്ക് പരിചയമില്ലാത്ത പദാവലികള്‍ അവര്‍ നിത്യസംഭാഷണത്തിന്റെ ഉപാധിയാക്കുകയുമൊക്കെ ചെയ്ത സാഹചര്യത്തിലാണ് എല്ലാ ആരോപണങ്ങളുടെയും അടിസ്ഥാനമെന്നോണം വ്യാജരേഖകള്‍ പ്രത്യക്ഷപ്പെടുന്നത്. സഭാതലവനെതിരേയുള്ള അതിരൂക്ഷമായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രേഖകള്‍ അടിസ്ഥാനരഹിതമെന്ന് കണ്ട് സഭാസിനഡിന്‍റെ ആലോചനാ-അനുവാദങ്ങള്‍ സ്വീകരിച്ച് നിയമനടപടികള്‍ക്കായി നല്കി. പ്രത്യുത രേഖകളുടെ ഉറവിടവും വ്യാപനവും തികച്ചും വ്യാജമാണെന്നും അഭി. ആലഞ്ചേരി പിതാവ് ആരുടെയൊക്കെയോ ഗൂഡാലോചനകള്‍ക്ക് ഇരയാണെന്നും അതോടെ ലോകമെന്പാടുമുള്ള വിശ്വാസികള്‍ തിരിച്ചറിഞ്ഞു.

അപ്പസ്തോലിക അഡ്മിനിസ്ത്രേറ്റര്‍ ആരായിരുന്നു?

പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് റോമിലെ പൗരസ്ത്യ കാര്യാലയത്തിന്‍റെ സഹായത്തോടെ പ്രസ്തുത രൂപതയുടെ പ്രശ്നപരിഹാരത്തിനായി ഒരു അഡ്മിനിസ്ത്രേറ്ററെ നിയമിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് കുറ്റം ചെയ്തതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റി എന്നൊക്കെയാണ് തത്പരകക്ഷികള്‍ അന്നുമിന്നും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത് മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടി ഉള്‍പ്പെടുന്ന സിനഡിന്‍റെ തീരുമാനമായിരുന്നുവെന്ന് സഭാസംവിധാനത്തെ പരിചയമുള്ളവര്‍ക്കും രേഖകള്‍ പരിശോധിക്കുന്നവര്‍ക്കും വ്യക്തമാകും. പുതിയ നിയമനം ഒരിക്കലും മേജര്‍ ആര്‍ച്ചുബിഷപ്പിന് പകരമായിരുന്നില്ല. മറിച്ച്, പ്രശ്നപരിഹാരത്തിനുള്ള ഒരു താത്കാലിക സംവിധാനം മാത്രമായിരുന്നു. അപ്പസ്തോലിക അഡ്മിനിസ്ത്രേറ്റര്‍ ഉണ്ടായിരുന്നപ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. ആലഞ്ചേരി പിതാവ് തന്നെയായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഡ്മിനിസ്ത്രേറ്ററുടെ ഉത്തരവാദിത്വം അവസാനിക്കുകയും അദ്ദേഹം മടങ്ങിപ്പോവുകയും ചെയ്യുന്നു എന്നതില്‍ക്കവിഞ്ഞ് അഭി. ആലഞ്ചേരി മെത്രാപ്പോലീത്താക്ക് സാങ്കേതികമായ അര്‍ത്ഥത്തില്‍ യാതൊന്നും മടക്കിക്കിട്ടുകയല്ല ചെയ്യുന്നതെന്ന് നാം മനസ്സിലാക്കണം.

മാര്‍ ആലഞ്ചേരി വീണ്ടും മെത്രാപ്പോലീത്തയോ?

അല്ല. അദ്ദേഹം എല്ലായ്പോഴും സഭാതലവനും എറണാകുളം-അങ്കമാലി രൂപതയുടെ മെത്രാപ്പോലീത്തയും ആയിരുന്നു (മുകളിലെ ഖണ്ഡിക). എന്നാല്‍ ഇപ്പോഴത്തെ പ്രചരണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിതതാത്പര്യങ്ങളുള്ളവരും സഭാസംവിധാനങ്ങളെപ്പറ്റി അറിവില്ലാത്ത മാധ്യമങ്ങളുമാണുള്ളത്.

വിവാദങ്ങള്‍ കെട്ടടങ്ങുമോ?

പ്രതീക്ഷയോടു കൂടിയാണ് സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും. സമാധാനം സംസ്ഥാപിക്കുന്നവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടുമെന്ന ക്രിസ്തുവചനമാണ് അനുസ്മരിക്കപ്പെടേണ്ടത്. മാമ്മോദീസായും ഇതരകൂദാശകളും സ്വീകരിച്ച് കത്തോലിക്കാസഭയുടെ അംഗങ്ങളെന്ന നിലയില്‍ സഭാനേതൃത്വത്തെ അംഗീകരിച്ചും അനുസരിച്ചും ജീവിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം സമാധാനസംസ്ഥാപനം അനിവാര്യമായൊരാവശ്യവും നിരന്തരമായ പ്രാര്‍ത്ഥനയുമാണ്. കലഹപ്രിയരെ ചിതറിക്കണമേയെന്ന് നിരന്തരം കുര്‍ബാനയര്‍പ്പണത്തില്‍ സഭ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭിന്നതകള്‍ രൂപപ്പെടുത്തുന്നുവരും അഭിപ്രായവ്യത്യാസങ്ങളെ അനൈക്യത്തിന്റെ ആയുധങ്ങളാക്കുന്നവരും ഇനിയും പിശാചിന്‍റെ സ്വാധീനത്തില്‍ പ്രവര്‍ത്തിച്ചുവെന്നുവരാം. തിരുസ്സഭ ദൈവത്തിലാശ്രയിച്ച് മുന്പോട്ട് പോവുകയും ചെയ്യുന്നു.

(ശുഭവാര്‍ത്തകള്‍ക്കായി സായാഹ്നം വരെ കാത്തിരിക്കാം)