അല്മായര്ക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്രപഠന കേന്ദ്രമായ ചങ്ങനാശ്ശേരി മാര്‍ത്തോമ്മവിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 2019 മാര്‍ത്തോമ്മ പുരസ്‌ക്കാരത്തിന് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി. ഭാരതീയവും പൗരസ്ത്യവുമായ ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷ്ണാര്‍ത്ഥം നിസ്തുല സംഭാവനകളര്‍പ്പിച്ചവരെ ആദരിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുതാണ് മാര്‍ത്തോമ്മ പുരസ്‌ക്കാരം. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ഡോ. പി. സി. അനിയന്‍കുഞ്ഞ് അഡ്വ. ജോജി ചിറയില്‍ എന്നിവരടങ്ങിയ വിദഗ്ദ്ധസമിതയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
2019 ജൂലൈ 3-ാം തിയതി രാവിലെ മാര്‍ത്തോമ്മവിദ്യാനികേതന്‍ ഹാളില്‍ വച്ച് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് ദാനം നിര്‍വഹിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡിന് നല്‍കുന്നത്.
സാര്‍വ്വത്രിക കത്തോലിക്കസഭകൂട്ടായ്മയില്‍ സിറോമലബാര്‍ സഭയുടെ പൈതൃക സംരക്ഷണത്തിന് ഈടുറ്റ നേതൃത്വം നല്കിയ മേലദ്ധ്യക്ഷനാണ് ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് മാര്‍ ജോസഫ് പവ്വത്തില്‍. മാര്‍ കരിയാറ്റി, പാറേമാക്കല്‍ ഗോവര്‍ണ്ണദോര്‍, നിധിയിരിക്കല്‍ മാണിക്കത്തനാര്‍, മല്‍പ്പാന്‍ പ്ലാസിഡ് ജെ. പൊടിപാറ എന്നീ ദാര്‍ശനീകരുടെ പട്ടികയില്‍ വരുന്ന ഈ കാലഘട്ടത്തിന്റെ മഹാചാര്യനാണ് മാര്‍ ജോസഫ് പവ്വത്തില്‍. നൂറുകണക്കിന് ഈടുറ്റ ഇടയലേഖനങ്ങളിലൂടെയും ഒട്ടനവധി ഗ്രന്ഥങ്ങളിലൂടെയും പ്രഭാക്ഷണങ്ങളിലൂടെയും അതിലുപരി നിലപാടുകളിലൂടെയും സഭയുടെ പൗരസ്ത്യ പാരമ്പര്യത്തിന്റെയും, നൂനപക്ഷ അവകാശത്തിന്റെയും സംരക്ഷകാനായിദ്ദേഹം മാനിക്കപ്പെടുന്നു.
ചങ്ങനാശേരി എസ്. ബി, മദ്രാസ് ലെയോള കോളേജുകളിലെ ബിരുദ ബിരുദാനന്തര പഠനങ്ങള്‍ക്ക് ശേഷമാണ് സെമിനാരി പരിശീലനത്തിനായി അദ്ദേഹം ചേര്‍ന്നത്. 1962 ല്‍ പൗരോഹിത്യം സ്വീകരിച്ചശേഷം എസ്.ബി. കോളേജില്‍ അധ്യാപകനായി. പ്രസിദ്ധമായ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ധനതത്വശാസ്ത്രത്തില്‍ ഉന്നതപഠനം പൂര്‍ത്തയാക്കി അദ്ദേഹം 1972 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി. 1977 ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി അദ്ദേഹം 1985 ല്‍ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
1990 ല്‍ അധ്യാപകരുടെ ഉന്നത ദൈവശാസ്ത്രപഠനത്തിനായി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ സ്ഥാപിച്ചു. രണ്ട് തവണ സി.ബി.സി.ഐ. പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സീറോ മലബാര്‍ സഭയുടെ തനിമയുടെ സംരക്ഷണത്തിന് നല്‍കിയ ഈടുറ്റ നേതൃത്വവും സംഭാവനകളും മനസില്‍ സൂക്ഷിച്ചു പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ കിരീടം (La Corona della Chiesa Malabarese) എന്നും വിശേഷിപ്പിച്ചു. 2000 ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച മാര്‍ത്തോമ്മാ പുരസ്‌കാരത്തിന്റെ ജേതാവാണ് മാര്‍ ജോസഫ് പവ്വത്തില്‍.
2019 ജൂ 28-ാം തീയതി അതിരൂപതാ കേന്ദ്രത്തില്‍ വിളിച്ചുചേര്‍ന്ന പത്ര സമ്മേളനത്തില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. വികാരി ജനറാളായ പി. ബി. തോമസ് പാടിയത്ത് ഡയറക്ടര്‍ ഡോ. ജോസഫ് കൊല്ലാറ, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. ജയിംസ് കൊക്കാവയലില്‍, ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍ ഡോ. പി.സി. അനിയന്‍കുഞ്ഞ് അഡ്വ. ജോജി ചിറയില്‍ പുരസ്‌കാര സെക്രട്ടറി അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിയ്ക്കല്‍ ട്രഷറര്‍ അഡ്വ. റോയി തോമസ് എന്നിവര്‍ പത്ര സമ്മേളത്തനത്തില്‍ സിഹിതരായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.