തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു രക്ഷപ്പെട്ടത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന് പിടിയിലായ തടവുകാർ. ജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തയ്യൽ ക്ലാസിന് പോയപ്പോൾ ഇരുവരും പരിസരം നിരീക്ഷിച്ച് മനസിലാക്കി. ഇതിനു ശേഷം ബയോഗ്യാസ് പ്ലാന്റിൽ സാറ്റി ചുറ്റിയാണ് രക്ഷപ്പെട്ടത്.
ശിക്ഷാകാലാവധി നീളുമോ എന്ന ഭയമാണ് ഇത്തരത്തിൽ തടവു ചാടാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. ജയിൽ ചാടിയ സന്ധ്യ, ശിൽപ എന്നിവരെ പാലോടിനു സമീപം അടുക്കുംതറയിൽ നിന്നാണ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻവീട്ടിൽ ശിൽപ്പ എന്നിവരാണ് കഴിഞ്ഞ ദിവസം ജയിൽചാടിയത്. ജയിൽ ചാടാനുള്ള പദ്ധതി ഇവർ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് ഇവർക്ക് തടവുകാരിൽ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.