കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥമായ CCC യുടെ ദൃശ്യാവിഷ്‌കാരമായ ‘വീഡിയോ കാറ്റക്കിസം ഓഫ് കാത്തലിക്ക് ചർച്ച്’ പുറത്തിറങ്ങി. 25 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ 46 അധ്യായങ്ങളായാണ് സഭയുടെ മതബോധനഗ്രന്ഥത്തെ അവതരിപ്പിച്ചിരിക്കുന്നത്. നവസുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ സംഘടനയാണ് വീഡിയോയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ ആഴമേറിയ ആത്മീയ രഹസ്യങ്ങളെ ഏറ്റവും ആകർഷകവും ലളിതവുമായ രീതിയിലാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളെ ദൃശ്യാവിഷ്‌കാരത്തിലുടെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് വീഡിയോ ലക്ഷ്യമാക്കുന്നതെന്ന് സംവിധായകൻ ജോൺ കൊൺട്രേക വ്യക്തമാക്കി. 2000 വർഷങ്ങളായി സഭയിൽ പരിപാലിക്കപ്പെടുന്ന വിശ്വാസ പാരമ്പര്യങ്ങളും ആത്മീയ പൈതൃകവും യുവതലമുറയ്ക്ക് കൈമാറുന്നതിൽ വീഡിയോ കാറ്റക്കിസം നിർണ്ണായക പങ്ക് വഹിക്കുമെന്ന് നവസുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ റിനോ ഫിസിഷെല്ലയും പറഞ്ഞു.

ആറ് വർഷം കൊണ്ട് വിവിധ ഭൂഖണ്ഡങ്ങളിൽ നടത്തിയ ചിത്രീകരണങ്ങൾക്കൊടുവിലാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 70, 000ലധികം ആളുകളാണ് സുവിശേഷപ്രഘോഷണാർത്ഥം നിർമ്മാണത്തിൽ പങ്കുചേർന്നത്
. വിശ്വാസപ്രഖ്യാപനം, ക്രിസ്തീയരഹസ്യത്തിന്റെ ആഘോഷം, ക്രിസ്തുവിലുള്ള ജീവിതം, ക്രൈസ്തവ പ്രാർത്ഥന, എന്നിങ്ങനെ നാലുഭാഗങ്ങളായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രാർത്ഥനയിലും കൗദാശിക ജീവിതത്തിലും അടിയുറച്ച് ജീവിക്കാനുള്ള സന്ദേശമാണ് ആത്മീയതയിൽ സമ്പഷ്ടുമായ ദൃശ്യങ്ങളും ഗാനങ്ങളും കലാസൃഷ്ടികളും വഴി പ്രേക്ഷകർക്ക് നൽകുന്നത്