പത്തനംതിട്ട: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ ഉത്പാദനം നാമമാത്രം. കാലവർഷം ദുർബലമായതോടെ സംഭരണിയിലേക്കു നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഉത്പാദനം കുറച്ചത്. ശബരിഗിരിയുടെ മൂഴിയാർ വൈദ്യുതി നിലയത്തിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന സംഭരണികളായ കക്കി – ആനത്തോട്, പന്പ എന്നിവിടങ്ങളിൽ ജലനിരപ്പ് 10 ശതമാനത്തിലും താഴെയാണ്.
ഇതിൽ ആനത്തോട് ഡാം ഏറെക്കുറെ വറ്റിവരണ്ടു. കക്കിയിലും പന്പയിലുമാണ് നേരിയ തോതിൽ നീരൊഴുക്കുളളത്. മൂന്നു ദിവസമായി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ല. കക്കിയും ആനത്തോടും ചേർന്നു കിടക്കുന്ന സംഭരണികളാണ്. കക്കിയിൽ വെള്ളമെത്തിയശേഷമാണ് ആനത്തോട്ടിലേക്ക് ഒഴുകിയെത്തേണ്ടത്. ഷട്ടറുകൾ ആനത്തോട് ഡാമിനാണുള്ളത്.