കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഹസ്തദാനം പദ്ധതിയിൽ തീവ്രഭിന്നശേഷിയുളളവരും 2019 ഏപ്രിൽ ഒന്നിന് 12 വയസ്സിൽ താഴെ പ്രായമുളളതുമായ കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുളള മുൻഗണനാ വിഭാഗത്തിൽപ്പെട്ട (വാർഷിക കുടുംബ വരുമാനം പരമാവധി ഒരു ലക്ഷം രൂപ) കുട്ടികളുടെ രക്ഷകർത്താക്കൾക്ക് അപേക്ഷിക്കാം. കുട്ടികൾക്ക് 18 വയസ്സാകുന്നതുവരെ 20,000 രൂപ നിക്ഷേപിക്കും. 18 വയസ്സ് പൂർത്തിയാകുന്നതോടെ നിക്ഷേപത്തുകയും പലിശയും കോർപ്പറേഷന്റെ അനുവാദത്തോടെ പിൻവലിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ച് വൈകുന്നേരം അഞ്ച് മണി. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ സമർപ്പിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും http://www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2347768, 7152, 7153, 7156