കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിനെതിരേയുള്ള സത്യവിരുദ്ധമായ പ്രചാരണങ്ങൾ അപലപനീയമാണെന്ന് അതിരൂപത പിആർഒ റവ. ഡോ. പോൾ കരേടൻ പത്രക്കുറിപ്പിൽ പറഞ്ഞു.
റോമിൽനിന്നു നിയമിക്കപ്പെട്ട അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിഷ്പക്ഷമായും നീതിപൂർവകമായും തന്റെ ദൗത്യം നിർവഹിക്കുകയാണ്. തനിക്കു ലഭിച്ച നിയമന ഉത്തരവനുസരിച്ച് അതിരൂപതയിലെ സാമ്പത്തിക, ഭൂമി ഇടപാടുകളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകുന്നതിനു ഡോ. ജോസഫ് ഇഞ്ചോടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയും അന്തർദേശീയ അന്വേഷണ ഏജൻസിയായ കെപിഎംജിയെയും മാർ മനത്തോടത്ത് നിയമിച്ചു. ഈ സമിതികളുടെ പ്രവർത്തനങ്ങളിൽ അതിരൂപതയോ വൈദികരോ മറ്റേതെങ്കിലും വ്യക്തികളോ ഇടപെടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല.
സത്യസന്ധവും വസ്തുതാപരവുമായി തയാറാക്കിയ റിപ്പോർട്ട് റോമിലെ പൗരസ്ത്യ തിരുസംഘത്തിന് അതേപടി നേരിട്ടു മാർ മനത്തോടത്ത് ഏല്പിക്കുകയാണുണ്ടായത്. ഈ റിപ്പോർട്ട് റോം പഠിച്ചു വരികയാണ്. അതിലുള്ള തുടർ നടപടികൾ പ്രതീക്ഷിക്കുന്നു.
ഈ സാഹചര്യത്തിൽ മാർ മനത്തോടത്തിനെതിരേ ചിലർ നടത്തുന്ന ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണങ്ങൾ സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കു തടസം സൃഷ്ടിക്കാനാണ് ഇടയാക്കുക. അത്തരം പ്രചാരണങ്ങളിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും അതിരൂപത പിആർഒ ആവശ്യപ്പെട്ടു.