കൊച്ചി: പ്രളയദുരിതാശ്വാസത്തിനുള്ള അപേക്ഷകളുടെ നിജസ്ഥിതി പൊതുജനങ്ങളെ അറിയിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി. ദുരിതാശ്വാസത്തിനായി എത്ര അപേക്ഷ ലഭിച്ചു, എത്ര തീര്‍പ്പാക്കി, അപ്പീലുകള്‍ എത്ര, അനുവദിച്ചത് എത്ര എന്നീ വിവരങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നതുള്പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണു ഡിവിഷന് ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. പ്രളയ ദുരിതാശ്വാസ അപേക്ഷ ജനുവരി 31 വരെ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷവും പരാതികള്‍ ലഭിച്ചെന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 വരെ നീട്ടിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ അപേക്ഷകളുടെ നിലവിലെ സ്ഥിതി എന്താണെന്നു വെബ്സൈറ്റില്‍ നിന്നറിയാനാവുമോ എന്നു ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസില്‍നിന്നും കളക്ടറേറ്റില്‍നിന്നും വിവരം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഇതിനായി നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചത്.
അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി 2018 ഡിസംബര്‍ 31ല്‍നിന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 2019 ജനുവരി 31 വരെ നീട്ടിയെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. പിന്നീട് ജൂണ്‍ 30 വരെയാക്കി. ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വൈകിക്കിട്ടിയ അപേക്ഷകള്‍ പഞ്ചായത്തുകളുടെ റിപ്പോര്‍ട്ടിനു വിട്ടു. എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സമയം കഴിഞ്ഞു ലഭിച്ച അപേക്ഷകള്‍ തുറക്കാതെ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷ നിലവിലെ നടപടിക്രമ പ്രകാരം തീര്‍പ്പാക്കും. ശേഷിച്ചവ വിദഗ്ധര്‍ മുഖേന ജില്ലാ കളക്ടര്‍ തീര്‍പ്പാക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
പൂര്‍ണമായും വീടു തകര്‍ന്ന കേസുകളിലെ അപ്പീല്‍(ജനുവരി 31 വരെ ലഭിച്ചത്) 34,768.
തീര്‍പ്പാക്കിയത് 34,277
അപ്പീല്‍ അനുവദിച്ചത് 2,013
ഭാഗികമായി തകര്‍ന്ന വീടുകൾ
(അപ്പീല്‍ ഉള്‍പ്പെടെ) 2,54,597
സഹായം ലഭിച്ചവര്‍ 2,40,894
15 ശതമാനത്തില്‍ താഴെ നാശം
സംഭവിച്ച വീടുകള്‍ 1,30,168
ഇതില്‍ സഹായം ലഭിച്ചവർ 125,426