ആഷ്‌ലി മാത്യു
ലാന്‍സന്റെയും സ്റ്റെഫിയുടെയും കഥയല്ലിത് ജീവിതമാണ്. ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലടിക്കുന്ന ലാന്‍സണ്‍… രാപകലെന്നില്ലാതെ പരിചരണമേകി ലാന്‍സണിന്റെ കരുത്താവുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫി. മനക്കരുത്തിന്റെ ഉത്തമ ഉദാഹരണം. ഭര്‍ത്താവ് മുഖം കടുപ്പിച്ച് ഒന്ന് നോക്കിയാല്‍ വിവാഹമോചനം തേടുന്ന പുതിയ തലമുറയിലെ ഭാര്യമാര്‍ക്ക് ഇവളെ മാതൃകയാക്കാം. രോഗാവസ്ഥയില്‍ സ്വന്തം ഭര്‍ത്താവിനെ എങ്ങനെ പരിചരിക്കണം എന്നും അവന്റെ തളര്‍ച്ചയില്‍ എങ്ങനെ കൂടെ നില്‍ക്കണമെന്നും അവന് എപ്രകാരം ഒരു കൈത്താങ്ങാവണമെന്നും അവള്‍ കാണിച്ചുതരും. വിവാഹം കഴിഞ്ഞ് കേവലം മൂന്നു വര്‍ഷം മാത്രം. പാലുകുടി മാറാത്ത ഒരു പിഞ്ചോമനയുടെ അമ്മയാണവള്‍, എന്നിട്ടും മാസങ്ങളായി അവൾ തന്റെ പ്രിയതമനായി രാപകല്‍ കാവലിരിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച് മരണത്തോട് മല്ലടിച്ചു കിടക്കുന്ന ലാന്‍സണിന് എന്നും കരുത്തു പകരുന്നത് അവളാണ്. തന്റെ ഭാര്യക്ക് തന്നോടുള്ള സ്‌നേഹവും കരുതലും എത്രത്തോളമുണ്ടന്ന് അവന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും വ്യക്തമാണ്. ജീവന്‍ നിലനിര്‍ത്തി പോകാന്‍ മാത്രം അന്നം കഴിക്കുന്ന ഇവള്‍ കണ്ണിമചിമ്മാതെ ലാന്‍സണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
ലാന്‍സണ്‍ ആത്മ വിശ്വാസത്തോടെ തന്നെ പറയുന്നു എന്റെ ഭാര്യക്കായി ഞാന്‍ തിരിച്ചു വരും. തോറ്റു തോറ്റു തോല്‍വി മടുക്കും വരെ ഞാന്‍ പോരാടും. എനിക്ക് ഈ പന്തയത്തില്‍ എന്റെ ഭാര്യക്കായി ഓടി ജയിച്ചെ മതിയാകൂ, എന്റെ സറ്റെഫിക്കും ഞങ്ങളുടെ പൊന്നോമനക്കുമായി.വേദനയാല്‍ പുളയുന്ന എനിക്ക് ദൈവം കരുത്താകുന്നത് ഇങ്ങനെയൊരു ഭാര്യയെ തന്നു കൊണ്ടാണ്. ഞാന്‍ ഉറങ്ങുമ്പോൾ അവള്‍ എനിക്കായി ഉണര്‍ന്നിരിക്കും ഓക്‌സിജന്‍ പോകുന്നുണ്ടോ പ്രഷര്‍ കുറയുന്നുണ്ടോ എന്നൊക്കെ നോക്കി.
ഇത്രയേറെ സ്‌നഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇന്നത്തെ ദമ്പതികള്‍ ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിക്കണം. സ്ത്രീധനത്തിന്റെ ഇളവും ഭര്‍ത്താവിന്റെ കീശയുടെ ഭാരവും നോക്കി മാത്രം ദൈവം വരദാനമായി തന്ന ദാമ്പത്യം നഷ്ടപ്പെടുത്തി കളയുന്നവര്‍ ഒന്നോര്‍ക്കുക. പരസ്പരം വേദനകള്‍ പങ്കുവെച്ച് ജീവിക്കുന്നവര്‍ക്ക് എന്നും എവിടെയും ഒരിടം ദൈവം കരുതിവെച്ചിട്ടുണ്ടെന്ന്. ഒരു ഒപ്പിൽ തുടങ്ങുന്ന ദാമ്പത്യം മറ്റൊരു ഒപ്പുകൊണ്ട് അവസാനിപ്പിക്കാന്‍ കരുതിയിരിക്കുന്നവര്‍ ലാന്സണിന്റെയും സ്റ്റെഫിയേയും മാതൃകയാക്കുക. അവന്റെ രോഗാവസ്ഥയിലെ ഏറ്റവും നല്ലതും വിലപിടിച്ചതുമായ മരുന്ന് അവളാണ് അവന്റെ നല്ല പാതിയായ ഭാര്യ സ്റ്റെഫി.
ദാമ്പത്യ അവിശ്വസ്തത വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇതിന്റെ പേരിൽ പ്രത്യയശാസ്ത്രത്തിന്റെ പിണിയാളുകൾ പോലും ഒളിവിൽ പോകേണ്ടി വരുന്നു. തേപ്പും പെട്രോളും കത്തിക്കലും ഒന്നും ഇപ്പോൾ വാർത്തയല്ലാതായിരിക്കുന്നു. അനുശാന്തിമാർ പെരുകുന്നു. അമ്മയുടെ ആൺസുഹൃത്തിന്റെ പീഡനം മൂലം പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. തങ്ങളുടെ സമൂഹത്തിൽ ചേർന്നാൽ ഏത് അപചയവും നിയമപരമായി ന്യായീകരിക്കപ്പെടും എന്ന അവകാശവാദവുമായി മൗലികവാദികൾ രംഗത്തെത്തുന്നു. മൂല്യങ്ങൾക്ക് യാതൊരു വിലയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൂല്യാധിഷ്ഠിതമായ യഥാർത്ഥ ക്രിസ്തീയ കുടുംബജീവിതത്തിന്റെ ഉദാത്തമായ മാതൃക നമുക്ക് കാണിച്ചു തരികയാണ് ലാൽസണും സ്റ്റെഫിയും. വിവാഹവും കുടുംബ ജീവിതവും ഒക്കെ വെറും ലൈംഗികത മാത്രമല്ല എന്നും അതിലൊക്കെ ഒത്തിരിയേറെ ഔന്നത്യം പുലർത്തുന്ന ഹൃദയങ്ങളുടെ ഒത്തുചേരൽ ആണെന്നും വിവാഹത്തിന്റെ പ്രാരംഭദശയിലേയ്ക്ക് മാത്രം കടന്ന ഈ യുവദമ്പതികൾ നമുക്ക് ജീവിച്ചു കാണിച്ചു തരുന്നു. ഇതുപോലെ അനേകം ഉദാഹരണങ്ങൾ ആരാലും അറിയപ്പെടാതെ ഈ സമൂഹത്തിൽ നിശബ്ദമായി ജീവിച്ച് കടന്നുപോകുന്നുണ്ട്. അവരാണ് യഥാർത്ഥത്തിൽ മനുഷ്യരാശിയെ ചുമലിൽ താങ്ങി നിർത്തുന്നവർ. പക്ഷേ അവരെ ആരും അറിയാറില്ല. ആരും അവരെക്കുറിച്ച് അന്വേഷിക്കാറില്ല. എന്നാൽ ദുർമാതൃകകളെ ആഘോഷിക്കാനും പിൻപറ്റാനും പലർക്കും വലിയ താൽപര്യമാണ്. മാധ്യമങ്ങളുടെ ചായംതേച്ച ലോകത്തിലെ കൗതുകങ്ങൾക്കപ്പുറവും, സെലിബ്രിറ്റികളുടെ കിളി കൊഞ്ചലുകൾക്കപ്പുറവും, വിയർപ്പിന്റെ ഉപ്പും കണ്ണീരിനെ നനവുള്ള ഒരു യഥാർത്ഥ ലോകമുണ്ടെന്ന് ഓർത്തിരുന്നാൽ നന്ന്. ലാൽസണും സ്റ്റാഫിനെയും ഈ ജീവിത യാഥാർത്ഥ്യത്തിന്റെ ഒരു നേർചിത്രം മാത്രം.
ഇനി ലാൽസന്റെ ജീവിതാവസ്ഥയെ കുറിച്ച്
അന്തിക്കാട് ചാഴൂർ സ്വദേശിയാണ് ചിറമേൽ വീട്ടിൽ ലാൽസൺ (33). ഇദ്ദേഹം കാൻസർ രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുകയാണ് ഇതുവരെ 30 റേഡിയേഷനുകൾ കഴിഞ്ഞു. റേഡിയേഷനുകളെ തുടർന്ന് ഇദ്ദേഹത്തിന്റെ അന്നനാളം കരിഞ്ഞുണങ്ങിയതയി പറയപ്പെടുന്നു. ദിവസം അറുപതിനായിരത്തോളം രൂപയാണ് ഇദ്ദേഹത്തിന്റെ ചികിത്സാചെലവ്. ചികിത്സയ്ക്കായി ലോണെടുത്തതിനെ തുടർന്ന് വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്. ഒരു കൈത്താങ്ങായി ലാൽസൺ സുമനസുകളുടെ സഹായം തേടുന്നു. ലാൽസനെ സഹായിക്കുവാൻ വേണ്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആലപ്പാട് ശാഖയിൽ ഓമന കൊച്ചാപ്പു ആൻഡ് ടി എസ് സ്റ്റെഫി എന്ന വിലാസത്തിൽ 00960 53000006949 ഈ നമ്പറിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ വിലാസത്തിൽ സഹായങ്ങൾ നൽകാവുന്നതാണ്.
ഫെയ്സ് ബുക്ക് ലിങ്ക്
https://www.facebook.com/100004344005813/posts/1304603176361137/?app=fbl