വത്തിക്കാൻ സിറ്റി: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ 2022ൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ പ്രമേയം ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. ‘മറിയം എഴുന്നേറ്റു തിടുക്കത്തിൽ പുറപ്പെട്ടു’ (മേരി എറോസ് ആൻഡ് വെൻറ് വിത്ത് ഹേസ്റ്റ്) എന്നതാണ് ലോക യുവത കാത്തിരിക്കുന്ന സംഗമത്തിന്റെ പ്രമേയം. അന്താരാഷ്ട്ര യുവജന ഫോറത്തിന്റെ സമാപനത്തിലായിരുന്നു പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്.

താൻ ഒരുക്കിയ പാത പിന്തുടരാനായുള്ള ദൈവത്തിന്റെ സ്വരത്തിന് ചെവി നൽകണമെന്ന് പാപ്പ ഓർമിപ്പിച്ചു. ‘ലോകത്തിന്റെ അന്ധകാരത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശം കൊണ്ടുവരാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് യുവജനങ്ങൾ. എത്ര കൂടുതലായി ആളുകളിലേക്ക് നാം ക്രിസ്തുവിനെ പകരുന്നുവോ, അത്രയും കൂടുതലായി നമുക്ക് ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കും,’ പാപ്പ കൂട്ടിച്ചേർത്തു. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽനിന്ന് 75 മൈലുകൾ മാത്രം അകലെയാണ് 2022ലെ യുവജന സംഗമവേദിയായ ലിസ്ബൺ.