തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കസ്റ്റഡി മരണത്തെയും സർക്കാർ ന്യായീകരിക്കില്ല. ഉത്തരവാദി ആരായാലും കർശന നടപടിയുണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് മർദനത്തിൽ മറുപടി പറയേണ്ടിവന്നത് വിധി വൈപരീത്യമെന്നും അടിയന്തരാവസ്ഥയുടെ വാർഷികം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ പോലീസ് പീഡിപ്പിച്ചുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി പി.ടി തോമസ് പറഞ്ഞു.