മൂവാറ്റുപുഴ: കത്തോലിക്ക വിദ്യാർഥികളുടെ പഠനവും സേവനവും വിശ്വാസാധിഷ്ഠിതമാകണമെന്നും അതു ജീവിതശൈലിയാകുന്പോഴാണ് സഭയിലും സമൂഹത്തിലും അവർ ഉത്തമ ക്രിസ്തുസാക്ഷികളാകുന്നതെന്നും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് (കെസിഎസ്എൽ) സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്.
കെസിഎസ്എൽ മാർഗരേഖാപ്രകാശനവും പഠനോപകരണകിറ്റ് വിതരണവും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
കെസിഎസ്എൽ കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ നിർമല എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. ഡോ. ആന്റണി പുത്തൻകുളം അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. സിറിയക് കോടമുള്ളിൽ, സംസ്ഥാന ഓർഗനൈസർ സിറിയക് മാത്യു, രൂപത പ്രസിഡന്റ് ജിജോ മാനുവൽ കല്ലുങ്കൽ, സംസ്ഥാനചെയർപേഴ്സണ് മരിയ ഷാജി, ജനറൽ സെക്രട്ടറി ഫിലിപ്പ് സിബിച്ചൻ, രൂപത ചെയർമാൻ ജോർജി സാജു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 350 ഓളം വിദ്യാർഥികൾ പങ്കെടുത്തു.