നോബിൾ തോമസ് പാറക്കൽ
കത്തോലിക്കാസഭ വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളിലേക്കും പ്രതിസന്ധികളിലേക്കും സൗകര്യപൂര്‍വ്വം കണ്ണടക്കുന്നു എന്നൊരു ആരോപണമുണ്ട്. ഒരര്‍ത്ഥത്തില്‍ (ഈ എഴുത്തുകാരനോട് ഏറ്റവും അടുത്ത ചുറ്റുപാടുകളിലെങ്കിലും) അത് ശരിയാണെന്ന് തോന്നുന്നുമുണ്ട്. അടുത്തിടെ കഴിഞ്ഞുപോയ ഒരു വൈദികകൂട്ടായ്മയുടെ ആകെ ചര്‍ച്ചാവിഷയം വൈദികര്‍ക്ക് ലഭിക്കാതെ പോകുന്ന സ്നേഹവും പരിഗണനയും മാത്രമായിരുന്നു. സമൂഹത്തില്‍ കുലീനരെന്നും സമുദായത്തില്‍ പ്രധാനികളെന്നും കരുതപ്പെടുന്നവരുടെ ചിന്തയിലും ചര്‍ച്ചയിലും ഉണ്ടാകേണ്ട ഗുണനിലവാരമുള്ള ഉള്ളടക്കം, ആശയാവിഷ്കാരത്തിലുണ്ടാകേണ്ട സമഗ്രത, ഉത്തരവാദിത്വങ്ങളുടെ വൈവിധ്യപൂര്‍ണ്ണമായ നിര്‍വ്വഹണത്തില്‍ കാലികമായി ഉള്‍ച്ചേര്‍ക്കേണ്ട ശൈലികള്‍… എന്നിങ്ങനെ, അജഗണത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ചര്‍ച്ചകള്‍ നടക്കേണ്ടിടത്ത് ഇത്തരിക്കെറുവിന്റെ പരാതിപ്പെട്ടികളും ഭിന്നാഭിപ്രായങ്ങളുടെ വാഗ്വിലാസങ്ങളും അരങ്ങേറുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ നമുക്കൊരിക്കലും നമ്മുടെ ഇത്തിരിവട്ടങ്ങളുടെ ചിന്തയിലേക്ക് ഒതുങ്ങിനിന്നുകൊണ്ട് കാതോലികമായ സഭയെ നയിക്കാനാവില്ല, പഠിപ്പിക്കാനാവില്ല, വിശുദ്ധീകരിക്കാനാവില്ല. പുതിയ യുഗത്തില്‍ സഭയില്‍ ജീവിക്കുകയും സഭയെ നയിക്കുകയും വിശുദ്ധീകരിക്കുകയും പഠിപ്പിക്കുകയുമെന്നാല്‍ ആഗോളമായൊരു കാഴ്ചപ്പാടോടെ അതില്‍ അതിജീവിക്കുക എന്നതാണര്‍ത്ഥം.
വൈകാരികസമഗ്രതയില്ലാത്ത പൊട്ടിത്തെറിയില്‍ ഒരു ദിവസം നഷ്ടപ്പെട്ടപ്പോള്‍ സ്വയം ചോദിച്ച ചില ചോദ്യങ്ങളാണിവ:
– പാശ്ചാത്യ സഭയില്‍ കഴിഞ്ഞ ദശകങ്ങളിലുണ്ടായ കുട്ടികളുടെ ലൈംഗികദുരുപയോഗകേസുകള്‍ എന്നെ ബാധിക്കുന്നതല്ലല്ലോ എന്ന് ആശ്വസിക്കാന്‍ കഴിയുമോ… ചുറ്റുപാടുകളിലെ വര്‍ത്തമാനങ്ങളില്‍ ചെറുപ്പക്കാരും വിദ്യാസമ്പന്നരും ഇത്തരം കാര്യങ്ങളെ പരാമര്‍ശിക്കുന്നത് കേട്ടില്ലെന്ന് നടിക്കാനാകുമോ?
– കൊട്ടിയൂര്‍ സംഭവം കേരളസഭയെ പിടിച്ചുകുലുക്കിയപ്പോള്‍ എന്റെ ഇടവകയും പ്രസ്ഥാനവും സുരക്ഷിതമെന്നു കരുതി ഞാന്‍ കണ്ണും ചെവിയുമടക്കുകയാണോ ചെയ്തത്?
– ജലന്ധര്‍ വിഷയം ആഴ്ചകളോളം നിന്നു കത്തിയപ്പോള്‍ അതിന്റെ ചൂരും ചൂടും എന്റെ ആത്മീയതയെയും എന്നോടു ബന്ധപ്പെട്ടവരുടെ ആത്മീയജീവിതത്തെയും സ്വാധീനിച്ചില്ലെന്ന് കരുതാന്‍ മാത്രം മഠയനാണോ ഞാന്‍?
– കുമ്പസാരവിവാദമുണ്ടായപ്പോള്‍ – അതിനോടടുത്തതും അകന്നതുമായ നാളുകളില്‍ – വൈദികരെയും തിരുസ്സഭയെയും ആരും അധിക്ഷേപിച്ചില്ലെന്നും ഏറ്റുപറച്ചിലിന്റെ കൗദാശികനിമിഷങ്ങളെയോര്‍ത്ത് അസ്വസ്ഥതപ്പെട്ടില്ലെന്നും ഞാനെങ്ങനെ ചിന്തിക്കും?
– ഭൂമിയെച്ചൊല്ലിയും സമ്പത്തിനെച്ചൊല്ലിയും വൈദികര്‍ ജാഥ നടത്തുകയും സീറോ മലബാര്‍ സിനഡിനെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയെയും വെല്ലുവിളിക്കുകയും ചെയ്തപ്പോള്‍ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും വിശുദ്ധപാഠങ്ങള്‍ ജനങ്ങള്‍ക്കുപദേശിക്കാന്‍ എനിക്കര്‍ഹത നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിയാന്‍ ഞാന്‍ മടി കാണിക്കുന്നുണ്ടോ?
– അടുത്ത ദിവസങ്ങളിലെ വാര്‍ത്തകളിലൂടെ വൈദികരാല്‍ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭച്ഛിദ്രത്തിന് വിധേയരായെന്ന് വെളിപ്പെടുത്തിയ കന്യാസ്ത്രീകള്‍ വൈദികര്‍ക്കും അവരുടെ അധികാരമനോഭാവത്തിനും നേരേ ചൂണ്ടുന്ന വിരലുകള്‍ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാകുമോ?
– കുട്ടികള്‍, സ്ത്രീകള്‍, ദുര്‍ബലര്‍, പ്രായമായവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലും പെട്ടവരോട് പെരുമാറുന്നതിന് ചട്ടങ്ങളും നിയമങ്ങളും തരുന്ന തിരുസ്സഭയുടെ ധാര്‍മ്മികമനസാക്ഷിയെ ഇനിയും ലാഘവബുദ്ധിയോടെ സമീപിക്കാന്‍ എനിക്ക് കഴിയുമോ?
– കൃപാസനം പത്രം, ഫാ. ഡൊമിനിക് വാളന്മനാല്‍ എന്നിവര്‍ക്കു നേരേയുള്ള സൈബര്‍ ആക്രമണവും പാഞ്ചാലിമേട്, മലയാറ്റൂര്‍ എന്നിങ്ങനെയുള്ള ക്രൈസ്തവഇടങ്ങളോട് ജനം ടിവി പോലുള്ള മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ഗൂഢവും ആസൂത്രിതവുമായ ശത്രുതാമനോഭാവവും ഗൗരവത്തിലെടുക്കാന്‍ ഞാന്‍ ഇനിയും താമസിക്കണമോ?
– വ്യക്തിപരമായുണ്ടാകുന്ന തെറ്റുകളും പരാജയങ്ങളും മുന്‍നിര്‍ത്തി ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുകയും അത്തരം അവഹേളനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്കുകയും ചെയ്യുന്ന സാംസ്കാരികച്യുതിയില്‍ എനിക്ക് ആനന്ദിക്കാനാകുമോ?
– ന്യൂനപക്ഷങ്ങള്‍ ഭാരതത്തിലുടനീളം നേരിടുന്ന അപകടങ്ങളും അവഗണനകളും എന്നെ അസ്വസ്ഥനാക്കുന്നില്ലെങ്കില്‍….??? തീവ്രമുസ്ലീം സംഘടനകള്‍, ആര്‍എസ്എസ്.-ബിജെപി മുന്നേറ്റങ്ങള്‍ – അവയുടെ അടിക്കളികള്‍ എന്നെ ഇനിയും ഉണര്‍ത്തുന്നില്ലെങ്കില്‍ …
– ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ത്തന്നെ ചിലരിലേക്കൊതുങ്ങുന്നതിനെക്കുറിച്ച് എവിടെയെങ്കിലുമൊക്കെ ഒന്നു സംസാരിക്കാനാരംഭിക്കേണ്ടതില്ലേ?
– സകല ചവറുകളും അടിഞ്ഞുകൂടുന്ന സാമൂഹ്യമാധ്യമങ്ങള്‍ മനുഷ്യന്റെ ചിന്തയും തീരുമാനങ്ങളും സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവില്‍ അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ സാധ്യതകളെപ്പറ്റി ആഴത്തില്‍ ചിന്തിക്കേണ്ടതില്ലേ? പള്ളിപ്രസംഗങ്ങളേക്കാള്‍ സാമൂഹ്യമാധ്യമങ്ങളാണ് പുതിയ തലമുറയെ സ്വാധീനിക്കുന്നതെന്ന സത്യം ഇനിയും അവഗണിക്കാനാകുമോ? പലവിധ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ഞാന്‍ എന്തുചെയ്യുന്നു?
– കൂടുതല്‍ കൂടുതല്‍ ആത്മകേന്ദ്രീകൃതവും ശകലിതവുമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ എന്റെ സമുദായം ഗുണകരമായൊരു മറുജീവിതത്തിന് (ബദല്‍ജീവിതത്തിന്) വഴികാട്ടിയാകുന്നില്ലെങ്കില്‍ ലോകത്തെ വഴിനടത്തിയ കത്തോലിക്കാസഭക്ക് പ്രസക്തിയില്ലാതാകുന്നതിന് ഞാന്‍ സാക്ഷിയാകേണ്ടി വരുമോ?
സമാപനം
ഒരു പശ്ചാത്തലവിശകലനമാണ് മുകളില്‍ നടത്തിയത്. മൂടിന് തീപിടിച്ചതുപോലുമറിയാതെ മൂഡസ്വര്‍ഗ്ഗത്തിലാണ് എങ്കില്‍ ഞാന്‍ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. കൃത്യവിലോപത്തിന്റെയും അധാര്‍മ്മികജീവിതത്തിന്റെയും പേരില്‍ ചിലരെങ്കിലും പഴികേള്‍ക്കുന്ന കാലത്ത് പൗരോഹിത്യവും സഭാനേതൃത്വവും നേരിടുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ മദ്ധ്യേ മനോഭാവങ്ങളിലും ശൈലികളിലും കാതലായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കലാണ് എളുപ്പം. ഞാന്‍ കാണാത്തതും ഞാന്‍ കേള്‍ക്കാത്തതും പക്ഷേ, എന്നോടൊപ്പമുള്ളവര്‍ അതിന്റെ എല്ലാ വിശദാംശങ്ങളിലും അറിയുന്നുണ്ട്. അവരുടെ സംഭാഷണപരിസരങ്ങളിലും ചിന്തകളിലും നിന്ന് ഞാന്‍ ക്രമേണ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാന്‍ കണ്ണടക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും ഇരുട്ടാവുകയില്ലെന്ന ഓര്‍മ്മയില്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനും കുറവുകളെ നികത്താനും ഞാനും എന്റെ സഭയും ഉണരേണ്ടതുണ്ട്. തിരുത്താനും തിരുത്തലുകളിലൂടെ വളരാനും പശ്ചാത്താപിക്കാനും പ്രായ്ശ്ചിത്തം ചെയ്ത് പുരോഗമിക്കാനും ക്രിസ്തുവിന്റെ സഭക്കേ സാധിക്കുകയുള്ളൂ. എനിക്കതിന്റെ ഭാഗമാകാം.
ആത്മനൊമ്പരത്തോടെ.