ഉത്തര ഇറ്റലിയില്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ ആലിപ്പഴവര്‍ഷവും കാറ്റും പെരുമഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കിയപ്പോള്‍ റോമിലാകട്ടെ വേനല്‍ക്കാലത്തിന്‍റെ ശക്തിയേറിക്കൊണ്ടിരിക്കയാണ്. ഈ ഞായാറാഴ്ചയും (24/06/19) റോമില്‍ താപനില ഉയര്‍ന്നുതന്നെ നിന്നു. എങ്കിലും അന്ന് മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് പലരും കുടകള്‍ ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്തിരുന്നു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.
വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (23/06/19) ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 9-Ↄ○ അദ്ധ്യായം 11-17 വരെയുള്ള വാക്യങ്ങള്‍, അതായത്, വിശന്നിരിക്കുകയായിരുന്ന അയ്യായിരപേരെ, യേശു, അഞ്ചപ്പവും രണ്ടു മീനും അത്ഭുതകരമായി വര്‍ദ്ധിപ്പിച്ചു ഊട്ടുന്ന സംഭവം ആയിരുന്നു പാപ്പായുടെ , ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, വിചിന്തനത്തിന് അവലംബം.
പാപ്പായുടെ പ്രഭാഷണം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
ഇന്ന് ഇറ്റലിയിലും ഇതര നാടുകളിലും ക്രിസ്തുവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍ ആചരിക്കുന്നു. ഗലീലിയാതടാകത്തിന്‍റെ തീരത്തുവച്ച് അപ്പം വര്‍ദ്ധിപ്പിക്കപ്പെടുന്ന അത്ഭുതസംഭവമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ആയിരക്കണക്കിനാളുകളോടു പ്രസംഗിക്കുകയും രോഗശാന്തി നല്കുകയും ചെയ്യുകയായിരുന്നു യേശു. പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ ശിഷ്യന്മാര്‍ കര്‍ത്താവിനെ സമീപിച്ച് പറഞ്ഞു: “ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയക്കുക” (ലൂക്കാ 9:12). ശിഷ്യന്മാരും ക്ഷീണിതരായിരുന്നു. വാസ്തവത്തില്‍ അവര്‍ ഒരു വിജനപ്രദേശത്തായിരുന്നു. ആകയാല്‍ ആഹാരം വാങ്ങുന്നതിന് ജനങ്ങള്‍ നടന്ന് ഗ്രാമങ്ങളിലേക്കു പോകേണ്ടിയിരുന്നു. ഇതു മനസ്സിലാക്കിയ യേശു ശിഷ്യരോടു പറയുന്നു: “നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്‍” (ലൂക്കാ 9:13). ഈ വാക്കുകള്‍ ശിഷ്യരെ വിസ്മയത്തിലാഴ്ത്തി. അവര്‍ക്ക് ഒന്നും മനസ്സിലായില്ല, ഒരു പക്ഷേ അവര്‍ക്ക് ദേഷ്യം വന്നിട്ടുമുണ്ടാകും. അവര്‍ യേശുവിനോടു പറഞ്ഞു: “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനും മാത്രമെയുള്ളു. ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടുവരണം” (ലൂക്കാ 9:13)
“പങ്കുവയ്ക്കലിന്‍റെ” യുക്തിയിലേക്കുള്ള ക്ഷണം
എന്നാല്‍ യേശുവാകട്ടെ “അവനവനുവേണ്ടി മാത്രം” എന്ന യുക്തിയില്‍ നിന്ന് പങ്കുവയ്ക്കലിന്‍റെ യുക്തിയിലേക്കുള്ള മാറ്റത്തിന്, ദൈവികപരിപാലന നമുക്കു നല്കിയിട്ടുള്ളത് അല്പമാണെങ്കിലും അത് പങ്കുവയ്ക്കുന്നതിന് ശഷ്യരെ ക്ഷണിക്കുന്നു. താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് തനിക്കു സുവ്യക്തമാണെന്ന് യേശു ഉടനെ തന്നെ കാട്ടിത്തരുകയും ചെയ്യുന്നു. അവിടന്ന് ശിഷ്യരോടു പറയുന്നു: “അമ്പതുപേരെ വീതം പന്തികളിലായി ഇരുത്തുവിന്‍” (ലൂക്കാ 9:14). തുടര്‍ന്ന് യേശു അഞ്ചപ്പവും രണ്ടു മീനും കരങ്ങളിലെടുത്ത് സ്വര്‍ഗ്ഗീയപിതാവിന്‍റെ നേരേ കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ച് ആശീര്‍വ്വദിക്കുന്നു. തദ്ദനന്തരം അപ്പവും മീനും വിഭജിക്കുകയും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ശിഷ്യരെ ഏല്പിക്കുകയും ചെയ്യുന്നു. എല്ലാവരും ഭക്ഷിച്ച് തൃപ്തിയടയുന്നതു വരെ ആ ഭക്ഷണം തീരുന്നില്ല.
മിശിഹായുടെ ശക്തിപ്രഭാവത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആവിഷ്ക്കാരം
എല്ലാ സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുള്ള സുപ്രധാനമായ ഈ അത്ഭുതം മിശിഹായുടെ ശക്തിയെയും ഒപ്പം അവിടത്തെ കാരുണ്യത്തെയും ആവിഷ്ക്കരിക്കുന്നു. യേശുവിന് ജനത്തോടു കരുണ തോന്നി. ഈ അത്ഭുത ചെയ്തി യേശുവിന്‍റെ പരസ്യജീവിത്തിലെ വലിയൊരു അടയാളം മാത്രമായിട്ടല്ല പരിണമിക്കുന്നത്. അത്, പിന്നീട്, അതായത് അവസാനം, ആയിത്തീരാനിരിക്കുന്ന, അവിടത്തെ ബലിയുടെ സ്മരണയെ, അതായത്, ദിവ്യകാരുണ്യത്തെ, ലോകത്തിന്‍റെ രക്ഷയ്ക്കായി നല്കപ്പെട്ട അവിടത്തെ മാംസരക്തങ്ങളുടെ കൂദാശയെ മുന്‍കൂട്ടി അവതരിപ്പിക്കുന്നു.
ദിവ്യകാരുണ്യം-യേശുവിന്‍റെ അസ്തിത്വത്തിന്‍റെ സംക്ഷേപം
യേശുവിന്‍റെ ആകമാന അസ്തിത്വത്തിന്‍റെ സംഗ്രഹമാണ് ദിവ്യകാരുണ്യം. അത്, സ്വര്‍ഗ്ഗീയ പിതാവിനോടും സഹോദരങ്ങളോടുമുള്ള അവിടത്തെ സ്നേഹത്തിന്‍റെ ഏക പ്രവൃത്തിയാണ്. ഈ പ്രവൃത്തിയിലും, യേശു, അപ്പംവര്‍ദ്ധിപ്പിച്ച അത്ഭുതത്തില്‍ ചെയ്തതുപോലെ കരങ്ങളില്‍ അപ്പമെടുത്ത് പിതാവിനോടു പ്രാര്‍ത്ഥിച്ച്, മുറിച്ച് ശിഷ്യര്‍ക്കു നല്കുന്നു. അവിടന്ന് വീഞ്ഞടങ്ങിയ പാനപാത്രമെടുത്തുകൊണ്ടും അപ്രകാരം തന്നെ ചെയ്യുന്നു. എന്നാല്‍ ആ വേളയില്‍, അതായത്, തന്‍റെ പീഢാസഹനത്തിന്‍റെ തലേന്ന് രാത്രിയില്‍, ആ പ്രവൃത്തിവഴി, അവിടന്ന് നൂതനവും സനാതനവുമായ ഉടമ്പടി, തന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ശാശ്വതസ്മരണ നല്കുകയാണ്. വിശുദ്ധ കുര്‍ബ്ബാന എന്ന കര്‍ത്താവിന്‍റെ വിസ്മയകരമായ ഈ ദാനം ഉളവാക്കുന്ന അത്ഭുതവും ആനന്ദവും നവീകരിക്കാന്‍ ഈ ദിവ്യകാരുണ്യത്തിരുന്നാള്‍ നമ്മെ അനുവര്‍ഷം ക്ഷണിക്കുന്നു. നിഷ്ക്രിയമായിട്ടും യാന്ത്രികമായിട്ടുമല്ല പ്രത്യുത കൃതജ്ഞാതാനിര്‍ഭരരായി നമുക്ക് അവിടത്തെ സ്വീകരിക്കാം.
ദിവ്യകാരുണ്യസ്വീകരണം
ഒരു പതിവായിട്ടല്ല നാം ദിവ്യകാരുണ്യത്തെ സമീപിക്കേണ്ടത്, ഒരു സ്ഥിരാചാരമായിട്ടല്ല ദിവ്യകാരുണ്യസ്വീകരണത്തിന് അണയേണ്ടത്. ഒരിക്കലും അങ്ങനെയാകരുത്. ഓരോ തവണയും നാം അള്‍ത്താരയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ എത്തുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരത്തോടുള്ള നമ്മുടെ “ആമ്മേന്‍” നാം നവീകരിക്കണം. പുരോഹിതന്‍ “ക്രിസ്തുവിന്‍റെ ശരീരം” എന്നു പറയുമ്പോള്‍ നമ്മള്‍ “ആമ്മേന്‍” എന്നു പ്രതിവചിക്കുന്നു. ഈ ആമ്മേന്‍ ബോധ്യത്തോടുകൂടി നമ്മുടെ ഹൃദയത്തില്‍ നിന്നു വരുന്നതാകണം. യേശുവാണ് എന്നെ രക്ഷിച്ചത്, ജീവിക്കാനുള്ള ശക്തി എനിക്കേകാന്‍ വരുന്നത് യേശുവാണ്. യേശു, ജീവിക്കുന്ന യേശു. എന്നാല്‍ നാം ശീലത്തില്‍ നിപതിക്കരുത്. ഓരോ തവണയും ആദ്യകുര്‍ബ്ബാനസ്വീകരണം എന്ന പോലെയാകണം അവിടത്തെ സ്വീകരിക്കേണ്ടത്.
ദിവ്യകാരുണ്യ പ്രദക്ഷിണം
ദൈവത്തിന്‍റെ വിശുദ്ധജനത്തിന്‍റെ ദിവ്യകാരുണ്യവിശ്വാസത്തിന്‍റെ ആവിഷ്ക്കാരമാണ് പരിശുദ്ധതമ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണങ്ങള്‍. ദിവ്യകാരുണ്യത്തിന്‍റെ തിരുന്നാള്‍ ദിനത്തില്‍ കത്തോലിക്കാസഭിയിലാകമാനം ഈ പ്രദക്ഷിണം നടത്താറുണ്ട്. ഞാനും ഇന്നു വൈകുന്നേരം റോം പ്രവിശ്യയില്‍പ്പെട്ട കസാല്‍ ബെര്‍ത്തോണെയില്‍ ദിവ്യബലിയര്‍പ്പിക്കും. ഈ ദിവ്യബലിക്കുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവുമുണ്ടായിരിക്കും. അതില്‍ ആത്മീയമായും, റേഡിയോ-ടെലവിഷന്‍ മാദ്ധ്യമങ്ങളിലൂടെയും പങ്കുചേരാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ദിവ്യകാരുണ്യത്തില്‍ നാം ആരാധിക്കുന്ന യേശുവിനെ വിശ്വാസത്തോടും സ്നേഹത്തോടും കൂടെ അനുഗമിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു.
നവവാഴ്ത്തപ്പെട്ട നിണസാക്ഷികള്‍
അമലോത്ഭവത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിലെ അംഗങ്ങളായിരുന്ന മരിയ കാര്‍മെന്‍ ലക്കാബ ആന്തിയയും 13 സഹസന്ന്യാസിനികളും ശനിയാഴ്ച (22/06/2019) സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ വച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ ആശീര്‍വ്വാദാന്തരം അനുസ്മരിച്ചു.
1936-നും 1939-നും ഇടയില്‍ സ്പെയിനില്‍ നടന്ന മതപീഢനവേളയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണ് ഈ നവവാഴ്ത്തപ്പെട്ടവരെന്ന് പാപ്പാ പറഞ്ഞു.
ദിവ്യ മണാളന്‍റെ ആഗമനം വീരോചിതമായ വിശ്വാസത്തോടെ പാര്‍ത്തിരുന്ന വിവേകമതികളായ കന്യകകള്‍ക്ക് സദൃശരാണ് ആവൃതിക്കുള്ളില്‍ കഴിഞ്ഞിരുന്ന ഈ യോഗിനികളെന്ന് പാപ്പാ അനുസ്മരിച്ചു.
പ്രത്യേകിച്ച് പരീക്ഷണവേളകളില്‍, ശക്തരും സ്ഥൈര്യമുള്ളവരുമായിരിക്കാന്‍ നാമെല്ലാവരെയും ക്ഷണിക്കുന്നതാണ് അവരുടെ രക്തസാക്ഷിത്വമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് അഭിവാദ്യം
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ ബ്രസീല്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഗ്വാം ദ്വീപ്, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും ഇറ്റലിയുടെ വിവിധഭാഗങ്ങളിലും നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തു.തദ്ദനന്തരം എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി” (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി