ഈ ബുധനാഴ്ചയും (19/06/2019) ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ വത്തിക്കാനില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. റോമില്‍ വേനല്‍ക്കാല സൂര്യകിരണതാപം ശക്തമായിരുന്നെങ്കിലും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം തന്നെ ആയിരുന്നു ഈ ആഴ്ചയും പൊതുകൂടിക്കാഴ്ചാവേദി. ഭാരതമുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഇറ്റലിയിലെ നാവികസേനയുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരേയും വാഹനത്തിലേറ്റി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, സാവധാനം നീങ്ങി. പതിവുപോലെ, അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും പിന്നീട് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. തുടര്‍ന്നു പാപ്പാ നാവികസേനാംഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി”
(അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2:1-4)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു താന്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പ്രബോധന പരമ്പര തുടര്‍ന്നു.
പ്രഭാഷണ സംഗ്രഹം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
ഇപ്പോള്‍ തങ്ങളുടെ വാസസ്ഥലം പോലെയായിമാറിയിരിക്കുന്നതും ഐക്യത്തിന്‍റെ ഘടകമായ കര്‍ത്താവിന്‍റെ അമ്മയായ മറിയത്തിന്‍റെ സാന്നിധ്യമുണ്ടായിരിക്കുകയും ചെയ്ത ഊട്ടുമുറിയില്‍, അപ്പസ്തോലന്മാര്‍, യേശുവിന്‍റെ ഉത്ഥാനനാന്തരം അമ്പതു ദിവസം കഴിഞ്ഞപ്പോള്‍, അവരുടെ പ്രതീക്ഷകളെയെല്ലാം ഉല്ലംഘിക്കുന്ന ഒരു സംഭവം ജീവിക്കുകയാണ്. എക്കാലത്തെയും ക്രിസ്തു ശിഷ്യര്‍ക്ക് പ്രാണവായുവേകുന്ന ശ്വാസകോശമായ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുകയായിരുന്ന അവരുടെ മദ്ധ്യത്തിലേക്കു ദൈവം അതിശക്തിയോടെ കടന്നു വരുകയും അവര്‍ വിസ്മയത്തിലാഴുകയും ചെയ്യുന്നു. പ്രാര്‍ത്ഥന കൂടാതെ യേശുവിന്‍റെ ശിഷ്യനാകാന്‍ സാധിക്കില്ല. പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല. പ്രാര്‍ത്ഥന പ്രാണവായുവാണ്, ക്രിസ്തീയ ജീവിതത്തിന്‍റെ ശ്വാസകോശമാണ്. അടച്ചിടുന്നതിനെ വച്ചുപൊറുപ്പിക്കാത്ത ഒരു തള്ളിക്കയറ്റമായിരുന്നു ദൈവത്തിന്‍റെ കടന്നുവരവ്. ഒരു കാറ്റിന്‍റെ ശക്തിയാല്‍ വാതില്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. ഈ കാറ്റ്, ആദ്യ നിശ്വാസമായ “റൂഹാ”യെ അനുസ്മരിപ്പിക്കുകയും വിടപറയുന്നതിനു മുമ്പ് ഉത്ഥിതന്‍ ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി, ഉന്നതത്തില്‍നിന്ന് കൊടുങ്കാറ്റുപോലെ ഒന്നുണ്ടാകുകയും അത് ആ ഭവനം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു.
കാറ്റിനെ തുടര്‍ന്ന് അഗ്നിയും ഇറങ്ങുന്നു. മുള്‍പ്പടര്‍പ്പില്‍ എരിയുന്ന അഗ്നിയെയും പത്തു കല്പനകളോടുകൂടിയ സീനായ് മലയെയും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു അത്. ബൈബിള്‍ പാരമ്പര്യത്തില്‍ അഗ്നിയോടുകൂടി ദൈവാവിഷ്ക്കാരവും നടക്കുന്നു. ഭാവി തുറന്നുകൊടുക്കാന്‍ പ്രാപ്തമായ സജീവവും കര്‍മ്മോദ്യുക്തവുമായ വചനം അഗ്നിയിലൂടെ ദൈവം പ്രദാനം ചെയ്യുന്നു. ഹൃദയങ്ങള്‍ക്ക് ചൂടുപകരുകയും, ഹൃദയങ്ങളെ ജ്വലിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്നതാണ് അഗ്നി. സീനായ് മലമുകളില്‍ ദൈവത്തിന്‍റെ സ്വരമാണ് ശ്രവിക്കുന്നതെങ്കില്‍, ജറുസലേമില്‍ പന്തക്കൂസ്താദിനത്തില്‍ സംസാരിക്കുന്നത്, തന്‍റെ സഭ പണിതുയര്‍ത്താന്‍ ക്രിസ്തു തിരഞ്ഞെടുത്ത പാറയായ പത്രോസാണ്. ബലഹീനവും, കര്‍ത്താവിനെ നിഷേധിക്കുക പോലും ചെയ്ത പത്രോസിന്‍റെ വാക്കുകള്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നിയിലൂടെ കടന്നു പോയപ്പോള്‍ ശക്തിയാര്‍ജ്ജിച്ചു, ഹൃദയങ്ങളില്‍ തുളച്ചുകയറാന്‍ പ്രാപ്തങ്ങളായി, ഹൃദയങ്ങളെ മാനസാന്തരത്തിലേക്കു നയിക്കാന്‍ കഴിവുറ്റവയായി. വാസ്തവത്തില്‍ ദൈവം ശക്തരെ സംഭ്രാന്തിയിലാഴ്ത്താന്‍ തിരഞ്ഞെടുക്കുന്നത് ലോകത്തില്‍ ബലഹീനമായവയെ ആണ്.
ആകയാല്‍ സഭ ജന്മം കൊള്ളുന്നത് സ്നേഹാഗ്നിയില്‍ നിന്നാണ്, പന്തക്കൂസ്തായില്‍ പടര്‍ന്നു പിടിക്കുന്ന അഗ്നിയില്‍ നിന്നാണ്. ഈ അഗ്നി, പരിശുദ്ധാത്മാവിനാല്‍ പൂരിതമായ ഉത്ഥിതന്‍റെ വചനത്തിന്‍റെ ശക്തി ആവിഷ്ക്കരിക്കുന്നു. നൂതനവും സനാതനവുമായ ഉടമ്പടി ഇനി അധിഷ്ഠിതമായിരിക്കുന്നത് ശിലാഫലകത്തില്‍ കൊത്തിയ നിയമങ്ങളിലല്ല, പ്രത്യുത, സകലത്തെയും നവീകരിക്കുകയും മാംസഹൃദയങ്ങളില്‍ കുറിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിലാണ്.അപ്പസ്തോലന്മാരുടെ വാക്ക് ഉത്ഥിതന്‍റെ ആത്മാവിനാല്‍ പൂരിതമാകുകയും പുതിയതും വ്യത്യസ്തവും, ഒരേസമയം വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു പോലെ, മനസ്സിലാക്കാന്‍ കഴിയുന്നതുമായ വാക്കായി പരിണമിക്കുന്നു. അത് സാര്‍വ്വലൗകിക ഭാഷയായ സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വചനമാണ്. സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഭാഷ സകലര്‍ക്കും മനസ്സിലാകും. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. നീ ഹൃദയത്തില്‍ സത്യവും ആത്മാര്‍ത്ഥതയും സ്നേഹവും പേറിയാണ് നീങ്ങുന്നതെങ്കില്‍, നിനക്കു സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആത്മാര്‍ത്ഥവും സ്നേഹമസൃണവുമായ ഒരു തലോടല്‍ മാത്രം മതി, നിന്നെ മനസ്സിലാക്കാന്‍ സകലര്‍ക്കും സാധിക്കും.
വിവിധ സ്വരങ്ങള്‍ ലയിപ്പിക്കപ്പെട്ട ഒരു ഗാനമായിട്ടു മാത്രമല്ല ദൈവത്തിന്‍റെ മഹാ പ്രവൃത്തികളെ സ്തുതിക്കുന്നതിന് ഗായകസംഘത്തെ നയിക്കുന്നവനായിട്ടും പരിശുദ്ധാരൂപി പ്രത്യക്ഷപ്പെടുന്നു. പരിശുദ്ധാത്മാവ് കൂട്ടായ്മയുടെ ശില്പിയാണ്, എല്ലാവരെയും ഒന്നാക്കിത്തീര്‍ക്കുന്നതിന് യഹൂദര്‍ക്കും ഗ്രീക്കുകാര്‍ക്കും മദ്ധ്യേയും, അടിമകള്‍ക്കും സ്വതന്ത്രരര്‍ക്കും മദ്ധ്യേയുമുള്ള പ്രതിബന്ധത്തെ നീക്കിക്കളയുന്ന അനുരഞ്ജനത്തിന്‍റെ ഒരു കലാകരനാണ്. ഒരാള്‍ വഴി, അതായത്, മനുഷ്യര്‍ മരക്കുരിശില്‍ തറയ്ക്കുകയും ദൈവം മരണത്തിന്‍റെ വേദനയില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് മൃതരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിക്കുകയും ചെയ്ത യേശുക്രിസ്തുവിലൂടെ കൈവന്ന രക്ഷ സ്വീകരിക്കുന്നതിന് ദൈവത്തിന്‍റെ ആത്മാവ് ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുന്നു.നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുകയും നമ്മുടെ വികാരവിചാരങ്ങളെ ക്രിസ്തുവിന്‍റെതിനോടു പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന നവമായൊരു പന്തക്കൂസ്താനുഭവം പകരാനായി നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. അപ്രകാരം നമുക്ക് രൂപാന്തരീകരണ ശക്തിയുള്ള അവിടത്തെ വചനം ലജ്ജകൂടാതെ പ്രഘോഷിക്കുന്നതിനും നാം കണ്ടുമുട്ടുന്നസകലത്തിലൂടെയും ജീവനെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന സ്നേഹത്തിന്‍റെ ശക്തിക്ക് സാക്ഷ്യമേകുന്നതിനും നമുക്കു സാധിക്കട്ടെ. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഭാരതത്തില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകസംഘത്തെയുള്‍പ്പെടെ, ആംഗലഭാഷ സംസാരിക്കുന്നവരെ സംബോധന ചെയ്ത പാപ്പാ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നിന്നെത്തിയിരുന്ന ശാന്തിദൂതരായ യുവജനത്തെ പ്രത്യേകം അഭിവാദ്യം ചെയ്തു.പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം ജൂണ്‍ 21-ന് വിശുദ്ധ ലൂയിജി ഗൊണ്‍സാഗയുടെ, അഥാവാ, അലോഷ്യസ് ഗൊണ്‍സാഗയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. യേശുവുമായി ഉറ്റ സൗഹൃദബന്ധം സ്ഥാപിക്കാനും സ്വന്തം ജീവിതത്തെ പ്രശാന്തതയോടെ നേരിടുന്നതിനുള്ള കഴിവു ലഭിക്കുന്നതിനും വേണ്ടി തീവ്രവിരക്തിയുടെയും സുവിശേഷാത്മക പരിശുദ്ധിയുടെയും ഉദാത്ത മാതൃകയായ ഈ വിശുദ്ധനോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ അവരെ ക്ഷണിച്ചു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.