മനില: ചേരിയിൽ ജനിച്ച് , ചേരിൽ വളർന്ന് ഇഹലോകവാസം വെടിഞ്ഞ ‘സ്‌നേഹമുള്ള കുട്ടി’യുടെ വിശുദ്ധാരാമയാത്രയെ ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം. എത്ര മോശം സാഹചര്യത്തിൽ ജനിച്ചുവളർന്നാലും പുണ്യജീവിതം നയിക്കാനാകുമെന്ന് പ~ിപ്പിച്ച ഫിലിപ്പൈൻസിലെ ഡാർവിൻ റാമോസ് എന്ന 17 വയസുകാരനാണ് ആ ‘സ്‌നേഹമുള്ള കുട്ടി’. 2018ൽ ദൈവദാസപദവിയിലെത്തിയ കുഞ്ഞു വിശുദ്ധന്റെ നാമകരണ നടപടികൾ പുരോഗമിക്കുകയാണിപ്പോൾ.

മനിലയിലെ പാസേ നഗരത്തിലെ ചേരിയിലാണ് 1994ൽ ഡാർവിൻ ജനിച്ചത്. ഏഴ് വയസുള്ളപ്പോൾ ‘ഡുഷീൻ മസ്‌കലർ ഡിസ്‌ട്രോഫി’ എന്ന ഗുരുതര രോഗത്തോട് മല്ലടിച്ച അവന്റെ സംരക്ഷണം 2006ൽ ‘ബ്രിഡ്ജ് ഓഫ് ചിൽഡ്രൻ’ എന്ന സംഘടന ഏറ്റെടുത്തു. അതോടെയാണ് ചേരി വാസത്തിന് അറുതിയായത്. വൈകല്യം ബാധിച്ച കുട്ടികൾക്കായുള്ള ഔർ ലേഡി ഓഫ് ഗ്വാദലൂപ്പെ കേന്ദ്രത്തിലായിരുന്നു അതിൽപ്പിന്നെ അവന്റെ വാസം.

പതിമൂന്നാം വയസിൽ ജ്ഞാനസ്‌നാനവും സൈര്യലേപനവും സ്വീകരിച്ച ഡാർവിൻ, തന്റെ രോഗാവസ്ഥയെ ഒരു ദൗത്യമായി സ്വീകരിക്കുകയായിരുന്നു. ‘എനിക്ക് ഈ അവസ്ഥ എനിക്ക് ഒരു ദൗത്യമാണ്. ഇതു വഴി ഞാൻ ദൈവത്തെ കൂടുതൽ നന്നായി അറിയുന്നു. യേശുവിന് എല്ലാം അറിയാം. നമ്മെൾ നന്നായി അറിയാം” എന്ന അവന്റെ വാക്കുകൾ നിരവധിപേർക്ക് നിരാശയിൽ പ്രത്യാശാവചനമായി.

2007മുതൽതന്നെ ഡാർവിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയെങ്കിലും അവൻ എല്ലാവരോടും സ്‌നേഹത്തിൽ പെരുമാറി. ‘സ്‌നേഹമുള്ള കുട്ടി’ എന്നാണ് അവനെ ശുശ്രൂഷകരും മറ്റുകുട്ടികളും വിളിച്ചിരുന്നത്.

ഫിലിപ്പെൻസിലെ ചിൽഡ്രൻസ് മെഡിക്കൽ സെന്ററിൽ 2012 സെപ്തംബർ 23നായിരുന്നു വിയോഗം. മരണത്തിന്റെ തലേന്ന് അവൻ എഴുതി സന്ദേശം ഇന്നും ഓർമയുണ്ട് അവിടത്തെ ശുശ്രൂഷകർക്കും അന്തേവാസികൾക്കും: ‘വലിയ നന്ദി. ഞാൻ വളരെ സന്തോഷവാനാണ്.’