“സൃഷ്ടിയുടെ ഋതുകാലം തേടി സഭാ മുന്നേറ്റം” എന്ന വിഷയത്തെ ആസ്പദമാക്കി തദ്ദേശീയ ജനതയുടെ പ്രത്യേകിച്ച് ആമസോൺ പ്രദേശവാസികളെ കേന്ദ്രമാക്കി സഭയിൽ നടക്കാനിരിക്കുന്ന സിനഡിനെ കുറിച്ചും, പരിസ്ഥിതി നാശത്തെ കുറിച്ചുമുള്ള പഠനം.
സൃഷ്ടാവായ ദൈവം
“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു”. (ഉല്‍പ.1:1)
ദൈവം പ്രപഞ്ചത്തെ പരിപാലിക്കാൻ മനുഷ്യനെ നിയോഗിക്കുന്നു
“ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്‌ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി”.(ഉല്‍പ. 2 :15)
ദൈവം പ്രപഞ്ചത്തിന്‍റെ ഉടയവന്‍
“ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്‌തവും നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെതാണ്”.(നിയമാ.10 :14)
“മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്”.(ജോബ്.12:10)
സൃഷ്ടിയെ പരിപാലിക്കുന്ന ദൈവം
ʺഅവിടുന്നു മരുഭൂമിയെ തടാകങ്ങളായും വരണ്ട ഭൂമിയെ നീരുറവകളായും മാറ്റുന്നു. അവിടുന്നു വിശക്കുന്നവരെ അവിടെ പാര്‍പ്പിക്കുന്നു; അവിടെ താമസിക്കാന്‍ അവര്‍ ഒരു നഗരം സ്‌ഥാപിക്കുന്നു. അവര്‍ വയലുകളില്‍ വിതയ്‌ക്കുകയും മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും സമൃദ്ധമായി വിളവു നേടുകയും ചെയ്യുന്നു. അവിടുത്തെ അനുഗ്രഹംകൊണ്ട് അവരുടെ എണ്ണംപെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്നു സമ്മതിച്ചില്ല”. (സങ്കീര്‍.107:35-38)
സൃഷ്ടി സൃഷ്ടാവിനെ സ്മരിക്കുന്നു
“വന്യമൃഗങ്ങളോടു ചോദിക്കുവിന്‍,അവ നിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു ചോദിക്കുവിന്‍,അവ നിങ്ങള്‍ക്കു പറഞ്ഞുതരും. ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിന്‍,അവ നിങ്ങളെ ഉപദേശിക്കും. ആഴിയിലെ മത്‌സ്യങ്ങളും നിങ്ങളോടു പ്രഖ്യാപിക്കും. കര്‍ത്താവിന്‍റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന് അവയില്‍ ഏതിനാണ് അറിഞ്ഞുകൂടാത്തത്? മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്”.(ജോബ്.12:7-10)
സൃഷ്ടിയുടെ വിനാശം മനുഷ്യന്‍റെ പ്രവര്‍ത്തിയാല്‍
“ഞാന്‍ നിങ്ങളെ സമൃദ്ധി നിറഞ്ഞ ഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങള്‍ ആസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്‍റെ ദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്‍റെ അവകാശം മ്ളേഛമാക്കി”. (ജെറ.2:7)
“അവിടുന്നു നദികളെ മരുഭൂമിയായും നീരുറവകളെ വരണ്ട നിലമായും മാറ്റുന്നു. അവിടുന്നു ഫലപുഷ്‌ടിയാര്‍ന്ന ഭൂമിയെ ഓരുനിലമാക്കുന്നു; ഇതെല്ലാം ദേശവാസികളുടെ ദുഷ്‌ടതനിമിത്തമാണ്. (സങ്കീര്‍.107:33)
ഇത് ദൈവവും-മനുഷ്യനും, ദൈവവും-പ്രകൃതിയും, മനുഷ്യനും- ദൈവവും, മനുഷ്യനും-പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളാണ്. തന്‍റെ സാന്നിധ്യത്തിന്‍റെ സംരക്ഷണതയിൽ മനുഷ്യൻ എന്നും ആയിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ദൈവത്തിന്‍റെ സ്വപ്നങ്ങളിലൊന്നായിരുന്നു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധം.
മനുഷ്യനും പ്രകൃതിയും
ഈ ഭൂമിയിലെ സമ്പത്തിനെ ആസ്വദിക്കാനും, സംരക്ഷിക്കാനും മനുഷ്യനെ ഭരമേല്‍പ്പിച്ച ദൈവത്തിന്‍റെ മനസ്സിനെ ഏശയ്യാ പ്രവാചകൻ ഈ വചനങ്ങളിലൂടെ വരച്ചു കാട്ടുന്നു. “ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും, കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്‍റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്‌ഞാനം കൊണ്ടു നിറയും”.(ഏശ.11:6-9)
എന്നാൽ ഹരിതപൂർണ്ണമായ പ്രകൃതിയെ കാർമേഘമായി മനുഷ്യൻ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്‍റെ ചൈതന്യം നിറഞ്ഞു നിന്ന സമുദ്രം മുതൽ ദൈവം സഞ്ചച്ചരിച്ച മണ്ണില്‍ വരെ ഇന്ന് വരള്‍ച്ചയുടെ കാഠിന്യത്തിലേക്കു മനുഷ്യൻ തള്ളിവിട്ടു. പരിപാലനയിൽ നിന്നും അടിച്ചമർത്തി ഭരിക്കുന്ന മനോഭാവമാണ് ഈ ദുരന്തത്തിന് കാരണം. സ്വാർത്ഥതയുടെ ഗോപുരങ്ങൾ പണിയുവാൻ പ്രകൃതിയുടെ താളലയങ്ങളെ നശിപ്പിച്ച മനുഷ്യൻ തന്‍റെ സഹജീവികളുടെ നിലനിൽപ്പിനും ഭംഗം വരുത്തുന്നു. അതിനു കൂടുതൽ ഇരയാക്കപ്പെടുന്ന തദ്ദേശീയ ജനങ്ങളെ സംരക്ഷിക്കാനും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവരുടെ അവകാശങ്ങളെ നേടികൊടുക്കാനും കത്തോലിക്കാ തിരുസഭ പ്രയത്നിക്കുന്നു. ദൈവവുമായുള്ള ഐക്യം മനുഷ്യന് നഷ്ടമായത് ആദിമാതാപിതാക്കളുടെ അനുസരണക്കേടും, അതിനെ തുടർന്ന് വന്ന പാപവും മൂലമാണെന്ന് നാം വിശ്വസിക്കുന്നു. കായേന്‍റെ കരങ്ങളിൽ പതിഞ്ഞ രക്തവും, ഭൂമിയിൽ നിന്നും ആകാശത്തിലേക്കുയർന്ന ആബേലിന്‍റെ നിലവിളിയും പ്രകൃതിയുടെ താളത്തിനു ഇളക്കം സൃഷ്ടിച്ചെങ്കിൽ ഇന്ന് പ്രകൃതി തന്നെ ആകാശത്തെ നോക്കി നിലവിളിക്കുന്നു. ദൈവം പകർന്നു നൽകിയ തന്‍റെ സൗന്ദര്യത്തെയും സമ്പത്തിനെയും നശിപ്പിക്കുന്ന മനുഷ്യന്‍റെ ക്രൂരത നിറഞ്ഞ കൈകളുടെ തടവറയിൽ നിന്നും വിമുക്തി നേടാന്‍ ഭൂമി നെടുവീർപ്പെട്ടുകൊണ്ടിരിക്കുന്നു.
ഋതുക്കൾ.
വസന്തം, ഗ്രീഷ്മം, ശരത്കാലം, ഹേമന്തം.
വസന്തം: പുതിയ മുകുളങ്ങൾ വിരിഞ്ഞും പക്ഷി മൃഗാദികളുണർന്നും ഭൂമി ജീവസുറ്റതായി തീരുന്ന കാലം. കർഷകര്‍ പുതിയ വിത്തുകൾ പാകിയും, തൈകൾ നട്ട് പിടിപ്പിച്ചും ഭൂമിയെ സമ്പുഷ്ടമാക്കുന്ന കാലം.
ഗ്രീഷ്മം:വസന്തത്തിനും, ശരത്കാലത്തിനും ഇടയിൽ വരുന്ന കാലം. ഭൂമിയെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്രീഷ്മത്തിൽ താപനില വ്യത്യാസപ്പെടുന്നത്. ആഘോഷങ്ങളും, ഉത്സവങ്ങളുമായി പ്രകൃതിയും മനുഷ്യനും ആനന്ദത്തിൽ നിറഞ്ഞു നിൽക്കുന്ന കാലം.
ശരത്കാലം: ഗ്രീഷ്മത്തിനും, ഹേമന്തത്തിനുമിടയിൽ ഭൂമിയെ സന്ദർശിക്കുന്ന കാലമാണ് ശരത്കാലം. ശൈത്യകാലത്തെ സ്വീകരിക്കാൻ ഭൂമിയും മനുഷ്യനും മൃഗങ്ങളും ഒരുങ്ങുന്നു. ഭക്ഷണ നിക്ഷേപങ്ങൾ ജീവജാലങ്ങൾ ഒരുക്കി ശരത്കാലത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നു.
ഹേമന്തം: ശൈത്യകാലമെന്നറിയപ്പെടുന്ന ഹേമന്തത്തിലാണ് ഭൂമി കുളിരും തണുപ്പും അനുഭവിക്കുന്നത്. താപനിലയും, മഞ്ഞുമലയും തമ്മിൽ ബന്ധപ്പെടുന്ന കാലം. ഭൂമധ്യരേഖയിൽ അനുഭവപ്പെടുന്ന അന്തരീക്ഷ താപനില സുഖം നൽകുന്ന താപത്തോടെ ഹേമന്തം നമ്മെ സമീപിക്കുന്നു.
ഭൂമിയുടെ താളത്തെ തെറ്റിക്കുന്ന മനുഷ്യന്‍റെ പ്രവർത്തികളും അതിന്‍റെ കാരണങ്ങളും, അതിന്‍റെ പരിണിതഫലങ്ങളും എന്താണ്?
പ്രകൃതിയുടെ താളത്തെ തെറ്റിക്കുന്ന ചില കാരണങ്ങൾ
കാലാവസ്ഥവ്യതിയാനം,വനനശീകരണം,ആഗോളതാപനം,ആഗോളവത്ക്കരണം,നഗരവത്ക്കരണം തുടങ്ങി നിരവധി കാരണങ്ങളുണ്ട്.
കാലാവസ്ഥ വ്യതിയാനം:കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രധാനപ്പെട്ട കാരണം മനുഷ്യനാണ്. കൽക്കരി, എണ്ണ, വൈദ്യുതി ഉത്പാദനം ,ഗതാഗത മാർഗ്ഗങ്ങൾക്കായി ജൈവ ഇന്ധനങ്ങളുടെ അമിത ഉപയോഗം എന്നിവയാണ് ഇതിന്‍റെ പ്രധാപ്പെട്ട കാരണം.
വനനശീകരണം, നഗരവൽക്കരണം, വ്യവസായവൽക്കരണം വ്യവസായവൽക്കരണവും നഗരവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് വനഭൂമി വലിയ അളവിൽ വെട്ടിക്കുറച്ചിട്ടുണ്ട്. അണക്കെട്ടുകൾ നിർമ്മിക്കുന്നതിനായി, വലിയ തോതിലുള്ള വനനാശം സംഭവിക്കുന്നു. ഇത് പ്രദേശത്തിന്‍റെ സ്വാഭാവിക പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുന്നു.അത്തരം പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ എന്നിവ കൂടുതലായി കാണപ്പെടുന്നു. ജൈവവൈവിധ്യത്തിന്‍റെ രൂപത്തിൽ പ്രകൃതിയുടെ വിലമതിക്കാനാവാത്ത ദാനങ്ങളുടെ കലവറകളാണ് വനങ്ങൾ, ഇവയെ നശിപ്പിക്കുന്നതിലൂടെ അവയുടെ നാശം അറിയുന്നതിനു മുമ്പുതന്നെ നമുക്ക് ഈ മൃഗങ്ങളെ നഷ്ടപ്പെടും. ദശലക്ഷക്കണക്കിന് വർഷങ്ങളായി പരിണമിച്ച ഈ മൃഗങ്ങളുടെ സംഭരണശാലകൾ ഒരൊറ്റ ആഘാതത്തിൽ വനനശീകരണം മൂലം നഷ്ടപ്പെടുന്നു.
ഖനനം: ഖനന പ്രക്രിയകളിൽ നിന്നുള്ള രാസവസ്തുക്കളാൽ മണ്ണൊലിപ്പ്, ജൈവവൈവിധ്യനഷ്ടം, മണ്ണ്, ഭൂഗർഭജലം, ഉപരിതലജലം എന്നിവ മലിനമാകുന്നത് പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു ചില സന്ദർഭങ്ങളില്‍ മനുഷ്യന്‍ സൃഷ്ടിച്ച അവശിഷ്ടങ്ങളും, മണ്ണും സംഭരിക്കുന്നതിന് ലഭ്യമായ ശാലകള്‍ വർദ്ധിപ്പിക്കുന്നതിന് ഖനികൾക്ക് സമീപം അധിക വനപ്രദേശം വേണ്ടിവരുന്നു. രാസവസ്തുക്കളുടെ ചോർച്ചയുടെ ഫലമായുണ്ടാകുന്ന മലിനീകരണം ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ പ്രാദേശിക ജനതയുടെ ആരോഗ്യത്തെയും ബാധിക്കും. ഖനന പ്രവർത്തനങ്ങളിൽ നിന്നുള്ള മലിനീകരണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ കൽക്കരി തീ ഉൾപ്പെടുന്നു, ഇത് വർഷങ്ങളോ ദശകങ്ങളോ നീണ്ടുനിൽക്കുകയും വലിയ അളവിൽ പാരിസ്ഥിതിക നാശമുണ്ടാക്കുകയും ചെയ്യുന്നു.
കാട്ടുതീ: അവ സ്വാഭാവികമോ മനുഷ്യനിർമ്മിതമോ ആകാം. എന്നാല്‍ ഇവ വനനഷ്ടത്തിന് കാരണമാവുകയും ചെയ്യും.
ഭൂമിയെ മാറി മാറി സന്ദർശിക്കുന്ന ഋതുക്കളുടെ താളം തെറ്റിയത് കൊണ്ട് പ്രകൃതി പക്ഷികളെയും,വന്യ മൃഗങ്ങളെയും, മനുഷ്യജീവിതങ്ങളെയും, വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ വേട്ടയ്ക്ക് കൂടുതൽ ഇരയാക്കപ്പെടുന്നത് തദ്ദേശജനങ്ങളുടെ ജീവിതമാണ്. ഈ ജീവിതങ്ങളെ സംരക്ഷിക്കുവാനും, അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള നിലവിളിക്കും പരിഹാരം കണ്ടെത്താനുള്ള മാർഗ്ഗമാണ് സഭ ഇന്ന് സ്വീകരിച്ചിരിക്കുന്നത്.
ആമസോണിയൻ മുഖമുള്ള സഭ
യാഥാർഥ്യങ്ങളുടെ വെല്ലുവിളികൾക്കുമുന്നിൽ ആമസോണിൽ സഭ അവിടത്തെ സാമ്പത്തിക പദ്ധതികളിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ജനങ്ങളുമായി വളരെ ആഴത്തിലുള്ള ഒരു ബന്ധം ഉടലെടുത്തിട്ടുണ്ട്. 1968ൽ ലാറ്റിൻ അമേരിക്കൻ മെത്രാൻസമിതി മെഡലിനിൽ ചേർന്ന സമ്മേളനത്തിൽ ആ പ്രദേശവുമായി ബന്ധപ്പെട്ട ഒരു നവീകരണത്തിനായി നടത്തിയ ആഹ്വാനം ആമസോൺ പ്രദേശത്തിന് വളരെ മാറ്റങ്ങൾ വരുത്തി. സഹോദരസഭ എന്ന ഒരു പദ്ധതി ആരംഭിച്ച ബ്രസീലിലെ സഭ 1992ൽ പ്രാദേശീക സഭകളുടെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പുവരുത്തി പല സംഘടനകളുടെ രൂപീകരങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. അങ്ങനെ ആമസോൺ മുഖമുള്ള ഒരു സഭ അവിടത്തെ സാമൂഹീകപ്രദേശിക വൈവിധ്യത്തെ എടുത്തുകാട്ടിക്കൊണ്ടുള്ള ഒന്നായി മാറി. പ്രാദേശികതലത്തിൽ വൈദീകർക്കും സാമൂഹീക പ്രവർത്തകർക്കും രൂപീകരണം നൽകാനുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു. ജനങ്ങൾ നേരിടുന്ന തഴയപ്പെടലുകളും ദാരിദ്രവല്‍ക്കരണവും, നഗരവൽക്കരണം മൂലമുള്ള ദുരിതങ്ങൾക്കും, ആക്രമണങ്ങൾക്കും, അടിമപ്പണി, വേശ്യാവൃത്തി, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയവയ്‌ക്കെതിരെ സാമൂഹീകവാരങ്ങളും ബോധവൽക്കരണ പ്രക്രിയകളും ഏറ്റെടുക്കാൻ തുടങ്ങി. “ആമസോണിൽ ജീവന്‍റെ സംരക്ഷണനത്തിനായി” എന്ന ലക്ഷ്യത്തോടെ ബെലേം പ്രവിശ്യയിൽ 1990 ൽ മെത്രാന്മാരും അജപാലകരും ഒത്തുകൂടി ആദ്യമായി പരിസ്ഥിതിസംരക്ഷണത്തെ ജീവസംരക്ഷണത്തിന്‍റെ പ്രധാന ഘടകമായി പ്രഖ്യാപിച്ചു. 2003ൽ ആമസോണിനായി ഒരു എപ്പിസ്കോപ്പൽ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു. അന്ന് തുടങ്ങി 2014 സെപ്റ്റംബറിൽ പാൻ അമേരിക്കൻ സഭ നെറ്റ്‌വർക്ക് (REPAM) സ്ഥാപിക്കും വരെ നിരന്തരമായ പ്രവർത്തനങ്ങളുമായി ആമസോണിൽ സഭ മുന്നോട്ടു പോവുകയാണ്.
പരിസ്ഥിതിക്കായി ഫ്രാന്‍സിസ് പാപ്പായുടെ ചാക്രീകലേഖനം:‘അങ്ങേയ്ക്ക് സ്തുതി’ (LAUDATO SI):പ്രസക്ത ഭാഗങ്ങള്‍
139. “പരിസ്ഥിതി”യെ കുറിച്ച് സംസാരിക്കുമ്പോൾ, വാസ്തവത്തില്‍ നാം ഉദ്ദേശിക്കുന്നത് പ്രകൃതിയും, അതിൽ വസിക്കുന്ന സമൂഹവും തമ്മിൽ നിലവിലിരിക്കുന്ന ബന്ധത്തെയാണ്. നാം പ്രകൃതിയുടെ ഒരു ഭാഗമാണ്. നാം അതിൽ ഉൾപ്പെട്ടിരിക്കുന്നു. അങ്ങനെ നാം അതുമായി നിരന്തരം പരസ്പര പ്രവർത്തനത്തിലുമാണ്. ഒരു നിശ്ചിത പ്രദേശത്തെ മലിനീകരണത്തിന്‍റെ കാരണങ്ങൾ തിരിച്ചറിയാൻ, സമൂഹത്തിന്‍റെ പ്രവർത്തനം, അതിന്‍റെ സാമ്പത്തീകവ്യവസ്ഥ, പെരുമാറ്റ മാതൃകകൾ, അതിന്‍റെ യാഥാർഥ്യത്തെ മനസ്സിലാകുന്ന മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ഒരു പഠനം ആവശ്യമാണ്”
145. “പാരിസ്ഥീക ചൂഷണത്തിന്‍റെയും അധപതനത്തിന്‍റെയും പല തീവ്ര രൂപങ്ങളും പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവനം നൽകുന്ന വിഭവങ്ങളെ ഉപയോഗിച്ച് തീർക്കുക മാത്രമല്ല സാംസ്കാരിക സ്വത്വത്തിനു വളരെ കാലമായി രൂപം കൊടുത്ത സാമൂഹീക ഘടനകളെയും ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും അർത്ഥം സംബന്ധിച്ച അവരുടെ ബോധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.”
146. ” പ്രാദേശിക സമൂഹങ്ങളോടും,അവരുടെ സാംസ്ക്കാരിക
പാരമ്പര്യങ്ങളോടും സവിശേഷ ശ്രദ്ധ കാണിക്കേണ്ടത് ആവശ്യമാണ്. അവർ കേവലം മറ്റുള്ളവരുടെ കൂട്ടത്തിലെ ന്യൂനപക്ഷമല്ല. അവരെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു വ്യാപാരചരക്കല്ല ; പ്രത്യുത, ദൈവത്തിൽ നിന്നും വിശ്രമം കൊള്ളുന്ന അവരുടെ പൂർവ്വീകരിൽ നിന്നുമുള്ള ഒരു ദാനമാണ്. സ്വത്വവും മൂല്യങ്ങളും നിലനിർത്തുന്നതിന് അവർക്കു ബന്ധപ്പെടേണ്ട ഒരു വിശുദ്ധ ഇടവുമാണ്.”
ആമസോൺ പ്രദേശവാസികളെ കേന്ദ്രമാക്കി ഒരു സിനഡ്
2019 ഒക്ടോബർ 3 മുതൽ 27 വരെ തദ്ദേശീയ ജനതയുടെ പ്രത്യേകിച്ച് ആമസോൺ പ്രദേശികളെ കേന്ദ്രമാക്കി മെത്രാൻമാരുടെ 20 – മതത്തെ സിനഡിനെ പാപ്പാ ക്ഷണിക്കുന്നു. ഫ്രാൻസിസ് പാപ്പാ 2017 ഒക്ടോബർ 15 നു ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയാണ് പാൻ ആമസോൺ പ്രദേശങ്ങളിലെ സുവിശേഷവൽക്കരണത്തിനും അവിടത്തെ തദ്ദേശ ജന്യരായ (Indigenous ) നാട്ടുകാരുടെയും ലോകത്തിന്‍റെ തന്നെ ശ്വാസകോശമായ അവിടത്തെ ആമസോൺ കാടുകളുടെ അപകടകരമായ നശീകരണത്തെക്കുറിച്ചും ഒരു സിനഡു വഴി പുതിയ വഴികൾ തേടാനായുള്ള ആഹ്വാനം നടത്തിയത്. ആമസോൺ സിനഡ് സഭാപരമായും പൗരനെ സംബന്ധിക്കുന്നതും, പരിസ്ഥിതിപരമായും ഇന്നത്തെ കാലത്തിനു അത്യാവശ്യമുള്ള ഒരു മഹാസംരംഭമാണ്. ബ്രസീൽ, ബൊളീവിയ, കൊളംബിയാ, ഇക്വഡോർ, പെറു, വെനിസ്വേല, സൂരിനമേ, ഗയാനാ,ഫ്രഞ്ച് ഗയാനാ എന്നീ 9 രാജ്യങ്ങൾ ചേർന്ന പ്രദേശമാണ് പാൻ ആമസോൺ. ഈ പ്രദേശം മുഴുവൻ ലോകത്തിന് ഓക്സിജൻ നൽകുന്നതിന് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം, ലോകത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം കാടുകളും ഈ പ്രദേശത്തിലാണ്.
ഈ വിസ്തൃതമായ പ്രദേശത്ത് 34 മില്യൺ നിവാസികളിൽ 3 മില്യൺ ജനങ്ങളും തദ്ദേശജന്യരായവരാണ്. 390 ഓളം ഗോത്രങ്ങളിൽപ്പെട്ട ഇവർ മണ്ണുമായും, വനവുമായും അടുത്തു ജീവിക്കുന്നവരാണ്. ഒരിക്കലുമില്ലാത്തവിധം ഇവരുടെയും ഈ പ്രദേശത്തിന്‍റെയും അതുവഴി ഭൂമിയുടെ തന്നെയും നിലനിൽപ്പിനെ തകർക്കുന്ന പ്രവർത്തനങ്ങളാണ് വ്യവസായങ്ങളുടെപേരിലും മനുഷ്യന്‍റെ ധനത്തിനുള്ള ആർത്തി മൂലവും അവിടെ വന്നുകൂടിയിട്ടുള്ളത്. അതിനാൽ തന്നെ ആമസോൺ സിനഡ് ഈ പ്രദേശത്തെ കേന്ദ്രീകരിക്കുന്നെങ്കിലും ഭൂമിശാസ്ത്രപരമായ പരിധികൾ വിട്ടു അത് മുഴുവൻ സഭയുടെയും ഭൂമിയുടെ തന്നെയും ഭാവിയെ പ്രതിനിധാനം ചെയ്യാൻ കഴിയുന്ന പ്രാധാന്യമർഹിക്കുന്ന ഒന്നായി ലോകം മുഴുവനും ഉറ്റുനോക്കുന്നു.
സിനഡിന്‍റെ പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗ രേഖ 3 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ ഭാഗത്ത് ആമസോൺ പ്രദേശത്തെ കണ്ടു കാതോർക്കാൻ ആവശ്യപ്പെടുകയും ആ പ്രദേശത്തിന്‍റെ യഥാർത്ഥ സാഹചര്യങ്ങളും അവിടുത്തെ ജനങ്ങളെയും അവതരിപ്പിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് സമഗ്രമായ പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഭൂമിയുടെയും അവിടുത്തെ പാവങ്ങളുടെയും കരച്ചിലിനെക്കുറിച്ചും പ്രതിപാദിക്കുന്നു. മൂന്നാമത്തെ ഭാഗത്ത് ആമസോണിൽ പ്രവാചക സഭയെ ക്കുറിച്ച് പറഞ്ഞുകൊണ്ട് അവിടുത്തെ വെല്ലുവിളികളെയും പ്രത്യാശകളെയും സഭാപരമായ അജപാലനത്തെക്കുറിച്ചും സംസാരിക്കുന്നു. ഇങ്ങനെ ജനങ്ങളെയും ഭൂമിയെയും ശ്രവിച്ച് ആമസോണിലെ വിരോധാഭാസങ്ങളുമായി ബന്ധപ്പെടാൻ സിനഡു ആഗ്രഹിക്കുന്നു. വനങ്ങള്‍ വെട്ടിനശിപ്പിക്കുമ്പോള്‍ വേദനയുടെ രോദനമുയര്‍ത്തുന്ന പരിസ്ഥിതിയുടെ നിലവിളിക്കുത്തരം നല്‍കുവാന്‍ മാനസാന്തരത്തിനായി സഭ ഈ സിനഡു വഴി ലോകത്തെ മുഴുവൻ ഒരുക്കുകയാണ്.
സൃഷ്ടിയുടെ ഋതുകാലം
SEASON OF CREATION അഥവാ സൃഷ്ടിയുടെ ഋതുകാലം എന്നത് സൃഷ്ട ജാലങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ച് പ്രാർത്ഥനയും പ്രവർത്തികളും ഒന്നിപ്പിച്ച് നടത്തുന്ന ഒരു വാർഷിക ആഘോഷപരിപാടിയാണ്. എല്ലാ ക്രിസ്തീയ വിഭാഗങ്ങളും, വിശ്വാസപാരമ്പര്യങ്ങളും ഒന്നിച്ച് ചേർന്നാണ് ഈ ആഘോഷങ്ങൾക്ക് രൂപംകൊടുക്കയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നത്. 6 ഭൂഖണ്ഡങ്ങളിലുമുള്ള ക്രിസ്ത്യാനികൾ ഇത് സംഘടിപ്പിച്ചു പ്രവർത്തിക്കുന്നു.
സൃഷ്ടിയുടെ ഋതുകാലം എന്ന ആഘോഷകാലം ആരംഭിക്കുക സെപ്റ്റംബർ ഒന്നുമുതലാണ്. പലപാരമ്പര്യങ്ങളും പരിസ്ഥിതിയുടെ പാലകനായി കണക്കാക്കുന്ന ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളായ ഒക്ടോബർ 4നാണ് ഇത് സമാപിക്കുന്നത്. ഈ ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികളിൽ ‘അങ്ങേയ്ക്ക് സ്തുതി’ LAUDATO SI എന്ന മാർപ്പാപ്പയുടെ ചാക്രീകലേഖനത്തിന്‍റെ പ്രായോഗീക പ്രവർത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നീങ്ങുന്നത്. പ്രാദേശികമായ ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സ്രഷ്ടാവിനോടും, സൃഷ്ടികളോടും പരസ്പരവുമുള്ള സ്നേഹത്തെ ആഴത്തിലാക്കാൻ വേണ്ട പ്രായോഗീക കർമ്മപരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുക. ഇതിൽ ആരാധനയും, പ്രാര്‍ത്ഥനായത്നങ്ങളും ആഗോളതാപനത്തെ തടയാൻ ഉപകാരപ്പെടുന്ന നയമാറ്റങ്ങളും ഉൾപ്പെടുന്നു. ഒരു എക്യൂമെനിക്കൽ സമിതിയാണ് ഓരോവർഷത്തെയും വിഷയാവതരണം നടത്തുക. ഈ വർഷം നമുക്ക് നൽകിയിട്ടുള്ള വിഷയം ജീവശ്രൃംഖല എന്നതാണ്. ഇത് സൃഷ്ടിയുടെ കാവൽക്കാരാകാനും, ഈശ്വരൻ സൃഷ്ടിക്ക് നൽകിയ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുമുള്ള നമ്മുടെ ഒരോരുത്തരുടെയും വിളിയെയും, പങ്കാളിത്തത്തെയും ഓർമ്മപ്പെടുത്തുന്നു. ഉൻമൂലനം ചെയ്യപ്പെടുകയും വംശനാശം സംഭവിക്കപ്പെടുകയും ചെയ്യുന്ന ജീവജാലങ്ങളെക്കുറിച്ച് ബോധവാൻമാരാകുന്നതിനും, അതുമൂലം ഭൂമിക്കുതന്നെ സംഭവിക്കുന്ന നാശത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനും അത്തരം പ്രവർത്തനങ്ങളെ ഒഴിവാക്കാനും ഇത് നമ്മെ സഹായിക്കും. ഒരു സമഗ്രമായ പരിസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഈ ആഘോഷപരിപാടികൾ നമ്മെ സഹായിക്കും.
കത്തോലിക്കാ സഭയുടെ പങ്കാളിത്തം ഇക്കാര്യത്തിൽ ഉറപ്പുവരുത്താൻ സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ സെക്രട്ടറി മോൺ. ബ്രൂണോ മരി ദുഫേ ആഹ്വാനം ചെയ്തുകൊണ്ട് നൽകിയ സന്ദേശത്തിൽ സൃഷ്ടിയോടുള്ള കരുതൽ സൃഷ്ടാവ് നൽകിയ പിതൃസമ്പത്തിന്‍റെ സംരക്ഷണമാണെന്നും, Laudato Si എന്ന പരിശുദ്ധപിതാവിന്‍റെ ചാക്രീകലേഖനം ഉദ്ധരിച്ച്, പ്രകൃതിയെ നമ്മിൽ നിന്ന് വേർപെടുത്തിക്കൊണ്ടു നമുക്ക് ജീവിക്കാനുള്ള ഒരിടമല്ല, നമ്മൾ അതിന്‍റെ തന്നെ ഭാഗമാണെന്നും അതിൽ ഉൾപെട്ടവരാണെന്നും, അതുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ ദൈവത്തിന്‍റെ സൃഷ്ടിയുടെ കാവൽക്കാരെന്ന ധർമ്മ നിർവ്വഹണത്തിന് ഈ ആഘോഷത്തില്‍ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്‍റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രപഞ്ചനത്തെ സംരക്ഷിക്കാനുള്ള സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുകാരാകാം.