തൃശൂർ: കല്യാണ്‍ രൂപതാംഗമായ ഡീക്കൻ ജെറിൻ ജോയ്സൻ ചിറ്റിലപ്പിള്ളി (27) അൾത്താരയിൽ കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച രാത്രി വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞ് തിരുവോസ്തിയടങ്ങിയ കുസ്തോതി സക്രാരിയിൽ വയ്ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെറിൻ ഡീക്കൻ മിനിസ്ട്രി ചെയ്തിരുന്ന കല്യാണ്‍ രൂപതയിലെതന്നെ നെരുൾ ലിറ്റിൽ ഫ്ളവർ ഫൊറോനപള്ളിയിൽവച്ചായിരുന്നു അന്ത്യം. മുംബൈ സാക്കിനാക്ക മേരിമാതാ പള്ളിയിൽ 25നു സംസ്കാരം നടക്കും. സാക്കിനാക്കയിലെ വസതിയിൽ ഉച്ചയ്ക്കു 12നു സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
കല്യാണ്‍ രൂപത ബിഷപ് മാർ തോമസ് ഇലവനാൽ, ബന്ധുക്കളായ ഷിക്കാഗോ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ അരിക്കാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്കു നേതൃത്വം നൽകും.1992 ജൂൺ 19നു ജനിച്ച ഡീക്കൻ ജെറിന്റെ 27-ാം ജന്മദിനത്തിനു പിറ്റേന്നായിരുന്നു മരണം. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ഫിലോസഫിയും പൂന പേപ്പൽ സെമിനാരിയിൽ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയ ജെറിൻ വരുന്ന ഡിസംബറിൽ പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കാട്ടൂർ ഗവ. ആശുപത്രിക്കു സമീപമുള്ള ചിറ്റിലപ്പിള്ളി ഫ്രാൻസിസിന്റെ പേരക്കുട്ടിയാണ് ഡീക്കൻ ജെറിൻ. പിതാവ് ജോയ്സൻ വർഷങ്ങളായി മുംബൈ സാക്കിനാക്കയിലാണ് താമസം. അമ്മ മേരി അധ്യാപികയാണ്. ഒരു സഹോദരിയുണ്ട്.