ഫാ. പ്രോബോ വക്കാറിനിയെ നമുക്ക് എങ്ങനെയെല്ലാമാണ് വിശേഷിപ്പിക്കാന്‍ കഴിയുക? അദ്ദേഹം ഒരു നല്ല പിതാവാണ്, എന്നാല്‍ അദ്ദേഹം ഒരു നല്ല വൈദികനുമാണ്. വൈദികരുടെ പിതാവും ശതാഭിഷിക്തനുമാണ്, വിശുദ്ധ പാദ്രെ പിയോയുടെ ശിഷ്യനും രണ്ടാം ലോകമഹായുദ്ധകാലത്തെ പോരാളിയും എഴുത്തുകാരനുമാണ്. അതോടൊപ്പം സമയനിഷ്ഠ പാലിക്കുന്ന വ്യക്തിയും ഒരു നിമിഷം പോലും അലസമായി ചെലവഴിക്കാത്ത ആളുമാണ്. ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വ്യക്തി.
ജൂണ്‍ നാലിനാണ് ഇദ്ദേഹം നൂറു വയസു പൂര്‍ത്തിയാക്കിയത്. നൂറാം പിറന്നാളിന്റെ ആഘോഷമായി മാറിയ വിശുദ്ധ ബലിയില്‍ മുഖ്യകാര്‍മ്മികന്‍ ഇറ്റലി, റിമിനിയിലെ ബിഷപ് ഫ്രാന്‍സിസ്‌ക്കോ ആയിരുന്നു.സഹകാര്‍മ്മികരായി ഫാ. പ്രോബോ വക്കാറിനിയും അദ്ദേഹത്തിന്റെ വൈദികരായ നാലു മക്കളും. ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നുള്ള പേപ്പല്‍ ആശീര്‍വാദവും ഈ ചടങ്ങിനായി അദ്ദേഹത്തിന് കിട്ടിയിരുന്നു.