Noble Thomas Parackal
ലളിതകലകളെന്നാല് അശ്ലീലവും ആഭാസവും നിറഞ്ഞ സാഹിത്യവും വരകളും (നാട്ടുഭാഷയില്‍ കൊച്ചുപുസ്തകങ്ങളുടെ ഉള്ളടക്കമുള്ള) ആണെന്നും ലളിതകലാ അക്കാദമി അവയെ പരിപോഷിപ്പിക്കാനും വളര്‍ത്താനുമുള്ള പ്രസ്ഥാനമാണെന്നും ആത്മനിര്‍വ്വചനം ചെയ്തിരിക്കുകയാണ് സമീപകാലത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ. ഒരു സമുദായത്തിന്‍റെ വിശ്വാസചിഹ്നമായ വിശുദ്ധ കുരിശിനെ അടിവസ്ത്രമുപയോഗിച്ച് മറക്കുന്നത്രയും ആഭാസകരമായ ആവിഷ്കരണത്തെ അപലപിക്കുക എന്ന കുലീനകര്‍മ്മം നിര്‍വ്വഹിക്കേണ്ട അക്കാദമി ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിന് പകരം അതിന് അവാര്‍ഡ് നല്കുക എന്നതും പ്രസ്തുത സമുദായത്തിന്‍റെ ശക്തമായ എതിര്‍പ്പ് ഭരണതലത്തില്‍പ്പോലും പ്രകടിപ്പിക്കപ്പെട്ട ശേഷവും അത് പിന്‍വലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാതെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക എന്നതും ഉത്തമമായ കലയോടും സാഹിത്യത്തോടും അശേഷമെങ്കിലും ബന്ധമുള്ള ആരും ചെയ്യുമെന്ന് കരുതുന്നില്ല. കേരളം പോലെ സംസ്കാരസന്പന്നമെന്നും വിദ്യഭ്യാസപരമായി ഉന്നതമെന്നും കരുതുന്ന സംസ്ഥാനത്തിന്‍റെ മാറാക്കളങ്കമാണ് ഈ അവാര്‍ഡ് എന്നത് നിസ്സംശയം പറയാം.
അംശവടി ഇടയധര്‍മ്മത്തിന്‍റെ അടയാളം
മെത്രാന്‍റെ അംശവടി അധികാരത്തിന്‍റെ ചിഹ്നമാണ് മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ ഭാഗമല്ലെന്ന ദുര്‍ബലമായ വാദമാണ് അക്കാദമി തങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ മെത്രാന്‍റെ അംശവടി എന്താണെന്ന് തീരുമാനിക്കേണ്ടത് പ്രസ്തുത അക്കാദമി അംഗങ്ങളല്ല. എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും തലവന്മാര്‍ ഉപയോഗിക്കുന്ന പ്രസ്തുത അംശവടി നല്ലയിടയനായ ഈശോയുടെ അടയാളമാണ്. മദ്ധ്യപൂര്‍വ്വദേശങ്ങളിലെ ആട്ടിടയന്മാരുടെ ആയുധവും അടയാളവുമായിരുന്ന നീളമുള്ള വടിയില്‍ ഈശോമിശിഹാ പകരുന്ന രക്ഷയുടെ അടയാളമായ കുരിശ് ആലേഖനം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്താണ് അവിടുത്തെ അപ്പസ്തോലന്മാരുടെ പിന്ഗാമികളായ മെത്രാന്മാരുടെ അംശവടി തയ്യാറാക്കുന്നത്. നല്ലയിടനായ മിശിഹാ ശിഷ്യപ്രമുഖനായ പത്രോസിനോട് “എന്‍റെ ആടുകളെ മേയ്ക്കുക” എന്ന് പറഞ്ഞ് ഭരമേത്പിക്കുന്ന ഉത്തരവാദിത്വത്തിന്‍റെയും പ്രസ്തുത ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി അപ്പസ്തോലന്മാരും അവരുടെ പിന്ഗാമികളായ മെത്രാന്മാരും ദൈവജനത്തിന്‍റെ കൂട്ടായ്മകളെ രൂപപ്പെടുത്താനും അവരെ നയിക്കാനും ശുശ്രൂഷിക്കാനും സദാ സജ്ജരാണെന്ന് ഏറ്റുപറയുന്നതിന്‍റെയും അടയാളമാണ് ക്രൈസ്തവസഭകളിലെ മെത്രാന്മാരുടെ അംശവടി. അത് മതാധികാരത്തിന്‍റെ ചിഹ്നമാണെന്ന് വാദിക്കുന്നവര്‍ മതത്തെ അധികാരസ്ഥാനവും തന്മൂലം വിരുദ്ധശക്തിയുമായിക്കാണുന്ന പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കള്‍ മാത്രമാണ്.
ക്രൈസ്തവസഭകളുടെ ഇടയധര്‍മ്മത്തെ അധിക്ഷേപിക്കല്‍
ഒരു മെത്രാന്‍ കുറ്റാരോപിതനാണ് എന്നതിന്‍റെ മാത്രം പശ്ചാത്തലത്തില്‍ (കുറ്റം തെളിയിക്കപ്പെടുകയോ അദ്ദേഹം ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല) ക്രൈസ്തവസഭകളുടെ പൊതുപൈതൃകത്തിന്‍റെ ഭാഗമായ അംശവടിയില്‍ അവഹേളനപരമാം വിധം അടിവസ്ത്രം ചിത്രീകരിച്ചത് തികച്ചും അപലപനീയമാണ്. പ്രസ്തുത മെത്രാന്‍ കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയാണെങ്കില്‍ത്തന്നെ ക്രൈസ്തവബോധ്യങ്ങളുടെയും വിശുദ്ധപാരന്പര്യങ്ങളുടെയും ഭാഗമായ ഇത്തരം പ്രതീകങ്ങളെന്തു പിഴച്ചു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാന്‍ പോലും കഴിയാത്ത ഒരു സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെയല്ല, ക്രൈസ്തവസഭകളുടെ വിശ്വാസപരമായ അടയാളങ്ങളെ അധിക്ഷേപിച്ചതിന് ഒരു ജനാധിപത്യസംവിധാനത്തിലെ പൊതുസംവിധാനം അവാര്‍ഡു നല്കുക കൂടി ചെയ്യുന്നത് ക്രൈസ്തവവിശ്വാസത്തോടും മതവിശ്വാസത്തിന്‍റെ അടയാളങ്ങളോടും പൈതൃകങ്ങളോടുമുള്ള അളവറ്റ അവഹേളനം മാത്രമാണ്.
സഭാവിരുദ്ധ സംഘടനകളുടെയും വിമതരുടെ ആഹ്ലാദപ്രകടനങ്ങള്‍
AMT, SOS പോലെ മദ്ധ്യകേരളം കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന പല സഭാവിരുദ്ധ സംഘടനകളും കാര്‍ട്ടൂണിനെ പ്രതി ആഹ്ലാദപ്രകടനം നടത്തി. പേരിനു മാത്രം ക്രിസ്ത്യാനികളായ പലരും ഇതിനെ ന്യായീകരിക്കുന്നതും പിന്തുണക്കുന്നതും കണ്ടു. ക്രൈസ്തവസംഘടനകള്‍ക്ക് പരാതിയില്ലെന്ന് അക്കാദമിയെ വിളിച്ചറിയിക്കുന്നതിലും കത്തുകളെഴുതുന്നതിലും ഈ സഭാവിരുദ്ധ സംഘടനകള്‍ മുന്നില്‍ത്തന്നെയായിരുന്നു. ക്രൈസ്തവസഭയിലെ ആര്‍ക്കെങ്കിലും ധാര്‍മ്മികമായ അപചയങ്ങളുണ്ടായെങ്കില്‍ അതെല്ലാം ക്രൈസ്തവവിശ്വാസത്തെയും ക്രൈസ്തവാരാധനയുടെ അടയാളങ്ങളെയും അധിക്ഷേപിക്കാനുള്ള ലൈസന്‍സാണെന്ന് കരുതുന്നവരും ധാര്‍മ്മികബോധവും ആത്മീയതയും തൊട്ടുതീണ്ടിയിട്ടില്ലാത്തവരും, കത്തോലിക്കാസഭയെന്താണ് ക്രൈസ്തവസഭകളുടെ പൈതൃകമെന്താണ് എന്ന് വെളിവില്ലാത്തവരുമായ വിമതരും സഭാവിരുദ്ധരുമാണ് ഇക്കൂട്ടര്‍.
എറണാകുളം ആസ്ഥാനമായി കേരളകത്തോലിക്കാസഭയിലെ മെത്രാന്മാര്‍ക്കെതിരേ രൂപപ്പെടുത്തിയ വ്യാജരേഖകളുടെ ഉറവിടം തേടിയുള്ള അന്വേഷണം തങ്ങളിലേക്കെത്തിച്ചേരുമെന്ന ഭയക്കുന്ന വിമതരും സഭാവിരുദ്ധരും കാര്‍ട്ടൂണിലേക്ക് ശ്രദ്ധതിരിക്കാന്‍ അതുയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ആരോടെന്നില്ലാതെ പടവെട്ടുന്ന ഇക്കൂട്ടര്‍ സ്വന്തം ഭവനത്തിന്‍റെ കഴുക്കോലുകളൂരിയാണ് പരസ്പരം ആക്രമിക്കുന്നതെന്ന് തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍ തിരിച്ചറിയാനുള്ള വകതിരിവോ വിവേകമോ അവര്‍ക്കില്ല. ചാവികൊടുത്ത യന്ത്രങ്ങളെപ്പോലെ മെത്രാന്മാരെയും സിനഡിനെയും കേരളകത്തോലിക്കാമെത്രാന്‍ സമിതിയെയും വൈദികരെയുമെല്ലാം പുലഭ്യം പറഞ്ഞും മാധ്യമവാര്‍ത്തകള്‍ നല്കിയും ക്ഷുദ്രപ്രവര്‍ത്തനം നടത്തുന്നവര്‍ തന്നെയാണ് കാര്‍ട്ടൂണിന്‍റെയും പിന്നാന്പുറത്ത് സജീവമായുള്ളതെന്ന് ചുരുക്കം.
സമാപനം
പ്രസ്തുത കാര്‍ട്ടൂണിനോടും കാര്‍ട്ടൂണിന് അവാര്‍ഡ് നല്കിയ അക്കാദമിയോടുമുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇതരസമുദായങ്ങളെപ്പോലെ ക്രൈസ്തവര്‍ ആയുധങ്ങളുമായി വരില്ലായിരിക്കാം. പക്ഷേ, ക്രൈസ്തവമനസ്സില്‍ വിലയില്ലാതാവുകയെന്നാല്‍ ഉത്തമബോദ്ധ്യങ്ങളും കാഴ്ചപ്പാടുകളുമുള്ളവര്‍ നിങ്ങളെ കൈവിട്ടുവെന്നാണര്‍ത്ഥം. തരംതാണ കാര്‍ട്ടൂണിനോടും അതിനവാര്‍ഡ് നല്കിയ അതിലും താണ അക്കാദമിയോടും പ്രത്യേകിച്ച് ശത്രുതയോ അതേസമയം മമതയോ നമുക്കില്ല. പക്ഷേ, വിലിയിരുത്തിയിട്ടുണ്ട്. അക്കാദമിയെയും അവരുടെ അവാര്‍ഡുകളെയും. വിലയുള്ളതെന്ന് ഇനി സ്ഥാപിച്ചെടുക്കാന്‍ അല്പം കഷ്ടപ്പെടുക തന്നെ വേണ്ടി വരും.