കരുമാലൂർ: മൂന്നു കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാതെ രക്ഷിതാക്കൾ വീടിനകത്തു പൂട്ടിയിട്ട സംഭവത്തിൽ അധികൃതർ ഇടപെട്ടു കുട്ടികൾക്കു മോചനം. കലക്ടറുടെ ഉത്തരവിന്റെ തുടര്‍ന്നാണ് നടപടി. കോട്ടുവള്ളി തത്തപ്പിള്ളിയിൽ, അത്താണി കവലയ്ക്കു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു കുട്ടികളെ രക്ഷിതാക്കൾ തടങ്കലിൽ താമസിപ്പിച്ചതായികണ്ടെത്തിയത്. ഒരിക്കല്‍ ശിശുക്ഷേമ വകുപ്പ് അധികൃതർ ഈ കുട്ടികളെ മോചിപ്പിച്ചതാണ്. 6,9,12 വയസ്സുള്ള ഇവരെ 2019 ജൂലൈ 23 മൂന്നിനാണ് മുമ്പ് മോചിപ്പിച്ചത്.
അന്ന് വിദ്യാഭ്യാസം നൽകാമെന്നു പറഞ്ഞു മാതാപിതാക്കള്‍ അവരെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ കുട്ടികളെ സ്കൂളിൽ അയക്കാതെ വീണ്ടും പൂട്ടിയിടാൻ തുടങ്ങിയതോടെ അയല്‍വാസികൾ അധികൃതരെ വിവരം അറിയച്ചു. ഇന്നലെ രാവിലെ അധികൃതരെത്തി മോചിപ്പിക്കുകയായിരുന്നു.ഉദ്യോഗസ്ഥർ എത്തിയപ്പോൾ അകത്തുനിന്നു പൂട്ടിയ വീടിന്റെ വാതിൽ തുറക്കാൻ മാതാപിതാക്കൾ തയാറായില്ല. തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു വാതിലിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ വാതിൽ തുറന്നു. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനാണ് തീരുമാനം.മാതാപിതാക്കൾക്കൊപ്പം വിടുന്ന കാര്യം പിന്നീട് തീരുമാനിക്കും. അമ്മയും കുട്ടികളും ചൈൽഡ് ഹോമിൽ തുടരും. തത്തപ്പിള്ളി അത്താണിക്കു സമീപം താമസിക്കുന്ന പ്ലാച്ചോട്ടിൽ അബ്ദുൽ ലത്തീഫ്, ഭാര്യ രേഖ എന്നിവരാണു കുട്ടികളെ തടങ്കലിൽ താമസിപ്പിച്ചത്. പ്രദേശവാസികളുമായി ഇവർക്ക് ബന്ധമൊന്നും ഇല്ലായിരുന്നു. തുടർനടപടികൾ പിന്നീട് ഉണ്ടായിരിക്കും.