കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റും സഭയുടെ പോസ്റ്റുലേറ്റർ ജനറലും ഓറിയന്റൽ കാനൻ ലോ സൊസൈറ്റി പ്രസിഡന്റുമായ റവ. ഡോ. ജോസ് ചിറമേലിന്റെ നിര്യാണത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രഗല്ഭനായ ശ്രേഷ്ഠ വൈദികനായിരുന്ന ചിറമേലച്ചൻ സഭയുടെ കേന്ദ്ര കാര്യാലയത്തിൽ സേവനം ചെയ്തുവരവെയാണ് നിത്യതയിലേക്കു കടന്നുപോയത്.
കാനൻ നിയമത്തിൽ റോമിൽനിന്ന് ഉന്നത ബിരുദം നേടിയ അച്ചൻ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അതെല്ലാം അജപാലകർക്കും ജനങ്ങൾക്കും സഭാനിയമം മനസിലാക്കുന്നതിന് ഉപകാരപ്രദമായിരുന്നു. വിവിധ മേജർ സെമിനാരികളിൽ അധ്യാപകനായിരുന്നു. സീറോ മലബാർ സഭയുടെ കൂരിയായിൽ അഞ്ചു വർഷം സേവനം ചെയ്ത അദ്ദേഹത്തിന്റെ കാനോനിക വിഷയങ്ങളിലെ വ്യക്തത പ്രശംസനീയമായിരുന്നുവെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.