1. ലിറ്റർജി – ആമുഖപാഠങ്ങൾ

“സഭയുടെ പ്രവർത്തനം ഉന്മുഖമാക്കപ്പെട്ടിരിക്കുന്നത് ദൈവാരാധന എന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണ്. അതേസമയം അവളുടെ ശക്തിമുഴുവൻ നിർഗ്ഗളിക്കുന്ന ഉറവയും ഇതുതന്നെ” (“…the liturgy is the summit toward which the activity of the Church is directed; at the same time it is the font from which all her power flows” (രണ്ടാം വത്തിക്കാൻ കൗൺസിൽ, ലിറ്റർജി 10)

ലിറ്റർജി = ദൈവാരാധന

ദൈവവചനം ഏറ്റവും ആധികാരികമായി പ്രഘോഷിക്കപ്പെടുന്നതും വിശ്വാസം അതിന്റെ പരിശുദ്ധിയിൽ പ്രഖ്യാപിക്കപ്പെടുന്നതും ആധ്യാത്മികജീവിതം ഏറ്റവുമധികം പരിപോഷിപ്പിക്കപ്പെടുന്നതും വിശ്വാസത്തിന്റെ ആഘോഷമായ ലിറ്റർജിയിലാണ്. മാമ്മോദീസായിൽ ആരംഭിക്കുന്ന ക്രൈസ്തവജീവിതം സഭയുടെ ആരാധനയിലുള്ള സജീവവും നിരന്തരവുമായ പങ്കാളിത്തത്തിലൂടെ ഫലദായകമാകുന്നു. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണ് ലിറ്റർജി.

1. സഭ: ആരാധനാസമൂഹം

രക്ഷാകരപദ്ധതിയുടെ ലക്ഷ്യം വഴിതെറ്റിയ മനുഷ്യവംശത്തെ സത്യദൈവമായ കർത്താവിനെ ആരാധിക്കുന്ന ഒരു യഥാർത്ഥ ആരാധനാസമൂഹമായി രൂപപ്പെടുത്തി ദൈവികജീവനിൽ പങ്കുചേർക്കുക എന്നതാണ്.

a) ഇസ്രായേൽ: ആരാധനാസമൂഹം

ഈജിപ്തിലെ അടിമത്തത്തിൽനിന്നും ഇസ്രായേൽജനത്തെ കർത്താവ് മോചിപ്പിക്കുന്നത് ഒരു ആരാധനാസമൂഹമാക്കി അവരെ രൂപപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. “നീ ഫറവോയോട് പറയുക, കർത്താവു പറയുന്നു. ഇസ്രായേൽ എന്റെ പുത്രനാണ്, എന്റെ ആദ്യജാതൻ, ഞാൻ നിന്നോട്

b) പുതിയ ഇസ്രായേൽ

ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കുവാൻവേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക” (പുറ 4: 22-23). കർത്താവ് മോചിപ്പിച്ച ഇസ്രായേൽജനം ‘മേഘത്തിലും കടലിലും സ്നാനമേറ്റ് മോശയോട് ചേരുകയും ഒരേ ആത്മീയഭക്ഷണം കഴിക്കുകയും ആത്മീയപാനീയം കുടിക്കുകയും ചെയ്തുകൊണ്ട്’ (cf. 1 കോറി 10: 1-4) ഒരു ആരാധനാസമൂഹമായി. എന്നാൽ അവരിൽ മിക്കവർക്കും ദൈവാരാധനയിൽ നീതിപുലർത്താൻ കഴിഞ്ഞില്ല.മാമ്മോദീസായിലൂടെ ദൈവമക്കളാക്കപ്പെടുന്നവർ ദൈവപിതാവിനെ ആരാധിക്കുന്ന പുതിയ ‘ഇസ്രായേൽ’ ആണ്. സത്യദൈവത്തെ ആരാധിക്കുവാൻ പഴയ ഇസ്രായേലിന് ലഭിച്ച ദൈവവിളി മാമ്മോദീസായിലൂടെ സ്വീകരിച്ചിരിക്കുന്നവരുടെ കൂട്ടായ്മയായതിനാൽ അതിനാൽ സഭയെ ‘പുതിയ ഇസ്രായേൽ’ എന്നു വിശേഷിപ്പിക്കാറുണ്ട്.

2. ദൈവാരാധനയുടെ (ലിറ്റർജി) ഉള്ളടക്കം രക്ഷാകരപദ്ധതി

സൃഷ്ടാവും രക്ഷകനുമായ ദൈവത്തിനു സ്തുതിയും കൃതജ്‌ഞതയും സമർപ്പിക്കുക എന്നതാണ് ആരാധനയുടെ പ്രധാനഭാവം. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന്റെ സൃഷ്ടികർമ്മവും രക്ഷാകരപ്രവർത്തികളുമാണ് ആരാധനയുടെ അടിസ്ഥാനവിഷയം. എന്നാൽ പുതിയനിയമത്തിൽ ‘ദൈവാരാധന’യ്ക്ക് പുതിയ ഒരു തലം കൈവന്നിരിക്കുന്നു. ‘പുതിയ ഇസ്രായേലായ’ സഭയിൽ ലിറ്റർജി ഈശോമിശിഹായിലൂടെ, പിതാവായ ദൈവം സംലഭ്യമാക്കിയിരിക്കുന്ന രക്ഷയുടെ അനുസ്മരണവും ആഘോഷവുമാണ്.

a) പെസഹാരഹസ്യം ദൈവാരാധനയുടെ ക്രേന്ദ്രം

പഴയനിയമത്തിൽ ദൈവത്തിന്റെ ഇടപെടൽ മിശിഹായുടെ പൂർത്തീകരിക്കപ്പെടാനിരുന്ന രക്ഷാകരകൃത്യത്തിന്റെ ആരംഭമായിരുന്നു. “തന്റെ അനുഗ്രഹദായകമായ പീഡാസഹനത്തിന്റെയും മരിച്ചവരിൽനിന്നുള്ള ഉത്ഥാനത്തിന്റെ മഹത്വപൂർണ്ണമായ സ്വർഗ്ഗാരോഹണത്തിന്റെയും പെസഹാരഹസ്യം വഴിയാണ് ഈശോമിശിഹാ ഈ മഹനീയകൃത്യം സാധിച്ചത്” (ആരാധനാക്രമം 5). ‘നമ്മുടെ രക്ഷകനും നാഥനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തിജനകവും ജീവദായകവും ദൈവീകവുമായ’ പെസഹാരഹസ്യങ്ങളുടെ സ്മരണയും സ്തുതിയും അനുഷ്ഠാനവുമാണ് പരിശുദ്ധ കുർബാനയെന്ന് സഭ ഏറ്റുപറയുന്നതിന് കാരണം ഇതാണ് (cf. സീറോ മലബാർ കുർബാന)

3. ദൈവാരാധന (ലിറ്റർജി) വിശ്വാസത്തിന്റെ ആഘോഷം

“ദൈവാരാധനയിലേക്ക് വരുന്നതിനുമുൻപ് മനുഷ്യർ മാനസാന്തരത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും വിളിക്കപ്പെടണം” (ലിറ്റർജി 9) എന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുമ്പോൾ അതിന്റെ അടിസ്ഥാനം റോമാ 10: 14 ആണ്: ‘… തങ്ങൾ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും…’. വിശ്വാസത്തിന്റെ – വിശ്വാസപ്രമാണത്തിന്റെയും – ഉള്ളടക്കം രക്ഷാകരപദ്ധതിയാണ്. ‘ഹൃദയംകൊണ്ട് വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്ത് രക്ഷപ്രാപിക്കുക’ (cf. റോമാ 10: 10) എന്ന ബൈബിൾ സന്ദേശത്തിന്റെ അന്തഃസത്ത ആരാധനയുടെ ആരംഭം വിശ്വാസത്തിൽനിന്ന് എന്നതാണ്.

4. ലിറ്റർജി (Liturgy) എന്ന പദം

ഇംഗ്ലീഷിലെ ‘ലിറ്റർജി’ എന്ന പദത്തിന്റെ മലയാളത് പരിഭാഷ ‘ദൈവാരാധന’ എന്നാണ്. ഗ്രീക്ക് ഭാഷയിലെ ലൈത്തുർഗിയ (Leitourgia) എന്ന പദത്തിൽനിന്നാണ് ‘ലിറ്റർജി’ എന്ന വാക്കിന്റെ ഉത്ഭവം. മൂലപദത്തിന് ‘പരസ്യസേവനം’ എന്നാണ് അർത്ഥം. അത് രാഷ്ട്രപരമോ സാങ്കേതികമോ മതപരമോ ആകാം. ഏതായാലും പൊതുജനതാല്പര്യം ലക്ഷ്യംവച്ചുള്ള പരസ്യസേവനത്തെയാണ് ഈ പദം അർത്ഥമാക്കിയിരുന്നത്.

5. ‘ലിറ്റർജി’ യുടെ ഇന്നത്തെ അർത്ഥം

‘ലിറ്റർജി’യെ അഥവാ ആരാധനക്രമത്തെ പലപ്പോഴും ദൈവാരാധനയുടെ ബാഹ്യകർമ്മങ്ങൾ എന്നുള്ള അർത്ഥത്തിലാണ് പരിഗണിക്കാറുള്ളത്. എന്നാൽ അത് യഥാർത്ഥത്തിൽ ദൈവാരാധനയുടെ ഒരു തലം മാത്രമേ ആകുന്നുള്ളു. സഭ ദൈവത്തിനു നൽകുന്ന ആരാധന, അതിന്റെ പൂർണ്ണതയിൽ, ആന്തരികവും ബാഹ്യവുമായിരിക്കണമെന്നും ഈ രണ്ടു ഘടകങ്ങളും ഗാഢമായി യോജിച്ചിരിക്കേണ്ടത് പരിശുദ്ധ ലിറ്റർജിക്ക് അനുവാര്യമാണെന്നും പന്ത്രണ്ടാം പീയൂസ് മാർപാപ്പ പഠിപ്പിക്കുന്നു (Mediator Dei 23, 24). ലിറ്റർജിയെ അഥവാ ആരാധനാക്രമത്തെ, ദൈവാരാധനയുടെ കേവലം ബാഹ്യവും ദൃശ്യവുമായ ഒരു ഭാഗം മാത്രമായി കാണുന്നതും വിശുദ്ധകർമ്മങ്ങൾ പരികർമ്മം ചെയ്യേണ്ടതിനായി സഭാധികാരികൾ നൽകുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും പട്ടികയിൽ മാത്രമാണ് ‘ആരാധനക്രമം’ ഉൾക്കൊള്ളുന്നതെന്നു കരുതുന്നതും ഒരുപോലെ തെറ്റാണെന്ന് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നു (Meditor Dei 25). ദൈവാരാധയുടെ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളുടെ അർത്ഥപൂർണ്ണമായ സമ്മേളനമാണ് ‘ആരാധനാക്രമം’ അഥവാ ലിറ്റർജി. അവിടെ മാനുഷികമായ ഘടകങ്ങൾ ദൈവീകമായ തലത്തിലേക്ക് ഉയർത്തപ്പെടുന്നു. “സ്വർഗ്ഗീയ ജറുസലേമിൽ ആചരിക്കപ്പെടുന്ന ദൈവാരാധനയുടെ ഒരു മുന്നാസ്വാദനമത്രേ ഈ ഭൗമികമായ ആരാധനാകർമ്മത്തിൽ നമുക്ക് കൈവരുന്നത്” (ലിറ്റർജി 8)

സ്വർഗ്ഗീയലിറ്റർജിയും ഭൗമികലിറ്റർജിയും

ആകാശത്തിൽ അറ്റം സ്പർശിച്ചു ഭൂമിയിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്ന ഗോവണിയിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഒരു ദർശനം യാക്കോബിനുണ്ടാകുന്നത് ഉല്പത്തി 28 ൽ നാം വായിക്കുന്നു.
യാക്കോബ്, തനിക്കു സ്വർഗ്ഗീയ ദർശനമുണ്ടായ സ്ഥലത്തിനു ‘ദൈവഭവനം’ (ബഥേൽ) എന്നു നാമകരണം ചെയ്തു. സ്വർഗ്ഗത്തിൽ സാർത്ഥകമാകുന്ന ഭൗമികാരാധനയുടെ സൂചന നമുക്ക് ആ ദർശനത്തിൽ കാണാം. മദ്ബഹയെ ‘യാക്കോബിന്റെ ഗോവണി’ ആയി പ്രതീകവത്കരിക്കുന്ന ആരാധനാക്രമ പാരമ്പര്യം നാം ഇതിനോട് ചേർത്ത് മനസ്സിലാക്കണം.
ദൈവത്തെ നിരന്തരം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു സ്തുതിക്കുന്ന സ്വർഗ്ഗീയാരാധനാസമൂഹത്തെ പ്രവാചകനായ ഏശയ്യാ ദർശിക്കുകയുണ്ടായി (ഏശ 6:3). യോഹന്നാൻ ശ്ലീഹായും ഇതുപോലൊരു അനുഭവം വിവരിക്കുന്നുണ്ട്: “രാപകൽ ഇടവിടാതെ അവർ ഇങ്ങനെ പാടിയിരുന്നു: ‘ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വാധിപനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” (വെളി 4: 8).

ഇപ്രകാരം സ്വർഗ്ഗത്തിൽ നിരന്തരം നടക്കുന്ന ആരാധനയുടെ മുന്നാസ്വാദനമാണ് ഭൗമകാരാധനയായ ലിറ്റർജി. സ്വർഗ്ഗവാസികളുടെ ആരാധനയിൽ ഭൂവാസികൾ കൗദാശിക അടയാളങ്ങളിലൂടെ പങ്കുചേരുകയാണ്.

6. ‘ലിറ്റർജി’ വത്തിക്കാൻ കൗൺസിൽ പ്രബോധനത്തിൽ

1963 ഡിസംബർ 4 നാണ് ആരാധനാക്രമത്തെ സംബന്ധിക്കുന്ന അതിപ്രധാനമായ വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ പ്രഖ്യാപിക്കപ്പെട്ടത്. ആരാധനക്രമം സംബന്ധിച്ചുള്ള സഭയുടെ ഈ കാലയളവിലെ പ്രബോധനങ്ങളിലെല്ലാം ഈ പ്രമാണരേഖയുടെ സ്വാധീനം പ്രകടമാണ്. ആരാധനക്രമത്തിൽ ദൈവത്തിന്റെ വിളിയും അതിനു വിശ്വാസത്തിലൂടെ മറുപടി പറയുന്ന മനുഷ്യന്റെ സഹകരണവും പ്രകടമാണ്. ദൈവാരാധനയ്ക്ക് വിശ്വാസം അത്യന്താപേഷിതമാകയാൽ ‘ആരാധനാക്രമം’ വിശ്വാസത്തിന്റെ ആഘോഷമാണെന്നു പറയാം (cf. ലിറ്റർജി 9). സഭയിൽ ആരാധനാക്രമത്തിന്റെ അതിവിശിഷ്ടസ്ഥാനത്തെക്കുറിച്ച് കൗൺസിൽ പറയുന്നത് ഇപ്രകാരമാണ്: “സഭയുടെ പ്രവർത്തനം ഉന്മുഖമാക്കപ്പെട്ടിരിക്കുന്നത് ദൈവാരാധന എന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണ്. അതേസമയം അവളുടെ ശക്തിമുഴുവൻ നിർഗ്ഗളിക്കുന്ന ഉറവയും ഇതുതന്നെ” (ലിറ്റർജി 10). ആരാധനാക്രമത്തിന്റെ (മാത്രമല്ല സഭയുടെ എല്ലാ പ്രവർത്തികളുടെയും) അടിസ്ഥാന ലക്ഷ്യമായി രണ്ടാം വത്തിക്കാൻ കൗൺസിൽ അവതരിപ്പിക്കുന്നത് ‘ദൈവമഹത്വീകരണവും മിശിഹായിലുള്ള മനുഷ്യവിശുദ്ധീകരണവുമാണ്’ (cf. ലിറ്റർജി 10).

രണ്ടാം വത്തിക്കാൻ കൗൺസിൽ വീക്ഷണത്തിൽ ആരാധനാക്രമം ഫലദായകമാകുവാൻ അത്യന്താപേക്ഷിതമായവ ഇവയാണ്:

1. വിശ്വാസികൾ അനുഗുണമായ മനോഭാവത്തോടെ അതിനെ സമീപിക്കുക.

2. വിശ്വാസികളുടെ മനസ്സുകൾ അവരുടെ ശബ്ദത്തോട് ഒന്നുചേരുന്ന അവസ്ഥയുണ്ടാകണം

3. ദൈവകൃപ നിഷ്പ്രയോജനകരമായി സ്വീകരിക്കപ്പെടാതിരിക്കാൻ, അതിനോട് വിശ്വാസികൾ സഹകരിക്കുക.

ആരാധനാക്രമത്തിന്റെ ഫലദായകത്വം വിശ്വാസികളിൽ സാധ്യമാക്കുവാൻ, അതു സാധുവായും (valid) നൈയ്യാമികമായും (licit) പരികർമ്മം ചെയ്യപ്പെടേണ്ടതിനായുള്ള നിയമങ്ങളുടെ പാലനത്തെക്കാൾ അല്പംകൂടി കടന്ന്, ആത്മപാലകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും കൗൺസിൽ ചൂണ്ടിക്കാട്ടുന്നു:

1. തങ്ങൾ എന്താണ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ചുള്ള പൂർണ്ണമായ അറിവോടെ വിശ്വാസികൾ അതിൽ പങ്കെടുക്കുന്നുവെന്ന്…

2. വിശ്വാസികൾ കർമ്മക്രമത്തിൽ സജീവമായി ഭാഗഭാക്കുകളാകുന്നുവെന്ന്…

3. തിരുക്കർമ്മത്തിന്റെ ഫലങ്ങളാൽ വിശ്വാസികൾ നിറയപ്പെടുന്നുവെന്ന്…

ആരാധനാക്രമത്തിന്റെ പ്രബോധനാത്മകവും ആത്മപാലനപരവും കൂദാശകൾ, യാമപ്രാർത്ഥനകൾ, ആരാധനാക്രമവത്സരം, ഭക്താനുഷ്ഠാനങ്ങൾ, അനുബന്ധകലകൾ തുടങ്ങിയുള്ള ആചാരണപരവുമായ വിവിധതലങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം കാലദേശാനുബന്ധിയായ ആരാധനാക്രമ പരിഷ്കരണ സാധ്യതകളെപ്പറ്റിയും വത്തിക്കാൻ കൗൺസിൽ വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നുണ്ട്. എല്ലാ ആരാധനാക്രമ റീത്തുകളുടെയും ‘തുല്യതയും ശ്രേഷ്ഠതയും’ പ്രഖ്യാപിച്ചുകൊണ്ട്, ഭാവിയിലും ആ റീത്തുകൾ സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് കൗൺസിൽ പ്രഖ്യാപിക്കുന്നു. (cf. ലിറ്റർജി 4)

തുടരും… (വിവിധ ആരാധനാക്രമങ്ങൾ)

അവലംബം: മാർത്തോമാ വിദ്യാനികേതൻ, ചങ്ങനാശേരി

സംയോജകൻ: ഫാ. സെബാസ്ററ്യൻ ചാമക്കാല