ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്ക്ക് ഇ-വിസ സംവിധാനമായി. സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സയിദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിരലടയാളം അടക്കമുള്ള സങ്കീര്‍ണമായ നടപടികള്‍ സര്‍ക്കാര്‍ ഒഴിവാക്കി.indianvisaonline.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പാസ്പോര്‍ട്ട് വിവരങ്ങളും വിസ ചാര്‍ജും ഓണ്‍ലൈനില്‍ അടക്കാന്‍ സൗകര്യം ഉണ്ട്. അപേക്ഷ സമര്‍പ്പിച്ചാല്‍ 72 മണിക്കൂറിനകം വിസ ലഭിക്കും. ഒരു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി.
ഇന്ത്യയില്‍ വിമാനം ഇറങ്ങിയാല്‍ അവിടെനിന്നു വിസ കൈപ്പറ്റാം. പ്രിന്റ് ഔട്ട് എമിഗ്രേഷന്‍ കൗണ്ടറില്‍ സമര്‍പ്പിച്ചാല്‍ ഇ-വിസ പാസ്പോര്ട്ടില് സ്റ്റാമ്ബ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഇ-വിസ ലഭ്യമാകുന്നതോടെ അനായാസം ഇന്ത്യയിലെത്താമെന്നതിനാല് ടൂറിസം മേഖലയ്ക്ക് വന്‍ നേട്ടമാകും.നിലവില്‍ ഇന്ത്യയിലേക്ക് വരുന്നതിന് വിരലടയാളം രേഖപ്പെടുത്തല്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കല്‍, അഭിമുഖം തുടങ്ങി കടമ്ബകളേറെയുണ്ടായിരുന്നു. ഇ-വിസ സംവിധാനം അനുവദിച്ചത് ഇന്ത്യയിലേക്കുള്ള സൗദി വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.