പാരീസ്: തിരുവസ്ത്രങ്ങളണിഞ്ഞ് വിശുദ്ധ ബലിയ്ക്കായി ആര്‍ച്ച് ബിഷപ് മൈക്കല്‍ ഓയുപെറ്റിറ്റ് നോട്രഡാം കത്തീഡ്രലിലെ ബലിവേദിയിലെത്തി. പക്ഷേ മെത്രാന്റെ തൊപ്പിക്ക് പകരം അദ്ദേഹം ശിരസില്‍ അണിഞ്ഞിരുന്നത് ഹാര്‍ഡ് ഹാറ്റ്- ഹെല്‍മെറ്റ്- ആയിരുന്നു. ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ ഏപ്രിലിലെ തീപിടിത്തത്തെ തുടര്‍ന്ന് രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം നോട്രഡാം കത്തീഡ്രലില്‍ ആദ്യത്തെ ബലിയര്‍പ്പണം നടക്കുകയായിരുന്നു.വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരായ വൈദികരും പങ്കെടുത്ത മുപ്പത് വിശ്വാസികളും ആര്‍ച്ച് ബിഷപ്പിനെ പോലെ തന്നെ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷാകാരണങ്ങളാലാണ് വിശ്വാസികളുടെ എണ്ണം കുറച്ചതും ഹെല്‍മെറ്റ് ധരിക്കേണ്ടിവന്നതും.വിശുദ്ധ കുര്‍ബാന യൂട്യൂബിലൂടെ സംപ്രേഷണം ചെയ്തു.കത്തീഡ്രലിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.