കോട്ടയം: പശ്ചിമബംഗാളിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ സമരം രോഗികളെ വലച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും രാവിലെ പത്തുവരെ ഒപി ബഹിഷ്കരിച്ചു.
രാവിലെ അഞ്ചു മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്ക്കുന്നവരില് പലരും. അതേസമയം, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.
ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആശുപത്രികൾ പ്രവർത്തിക്കില്ലെന്ന് ഐഎംഎ അറിയിച്ചിരുന്നു. ഇതിനിടെ സമരം രാജ്യവ്യാപകമായി ശക്തമാകുകയാണ്. ഡൽഹി എയിംസിലെ റെസിഡന്റ് ഡോക്ടർമാർ ഇന്ന് ഉച്ചയ്ക്കു 12 മുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ സമരം പ്രഖ്യാപിച്ചു.കോൽക്കത്തയിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും ആശുപത്രി ആക്രമണങ്ങൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം നൽകുന്ന രീതിയിൽ കേന്ദ്ര നിയമം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി സമരം നടത്തുന്നത്.