അങ്കമാലി: 1959ലെ വിമോചന സമരത്തിലെ രക്തസാക്ഷികൾ മനുഷ്യനീതിക്കുവേണ്ടി പോരാടിയവരാണെന്നു സത്ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വിമോചന സമര രക്തസാക്ഷികളുടെ കല്ലറയ്ക്കു മുന്പിൽ സീറോ മലബാർ അല്മായ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അന്നത്തെ കേരള സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ, മദ്യ നയങ്ങൾക്കും സെൽ ഭരണത്തിനും അക്രമങ്ങൾക്കും കൊലപാതകൾക്കും പോലീസ് രാജിനും ഭരണകൂട ഭീകരതയ്ക്കുമെതിരേ ജനാധിപത്യ വിശ്വാസികൾ നടത്തിയ പോരാട്ടമായിരുന്നു വിമോചന സമരം. എല്ലാ മതവിഭാഗങ്ങളും കമ്യൂണിസ്റ്റിതര രാഷ്ട്രീയകക്ഷികളും സമരത്തിൽ പങ്കുചേർന്നു. സമരത്തെ അടിച്ചമർത്താൻ നടത്തിയ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കരായിരുന്നു. കത്തോലിക്കാസഭയിലെ അല്മായ നേതാക്കളായിരുന്നു സമരങ്ങൾക്കു നേതൃത്വം നൽകിയതെന്നതും ശ്രദ്ധേയമാണ്.
വിമോചന സമര രക്തസാക്ഷികളെ അനുസ്മരിക്കുന്നത് ഉചിതമാണെന്നും മാർ വാണിയക്കിഴക്കേൽ പറഞ്ഞു. കബറിടത്തിൽ പുഷ്പാർച്ചയും പ്രാർഥനകളും ഉണ്ടായിരുന്നു. ബസിലിക്ക റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ ആമുഖപ്രഭാഷണം നടത്തി. ഫാ. മാത്യു ഇടശേരി, പ്രിൻസ് മരങ്ങാട്ട്, ഫ്രാൻസിസ് മുട്ടത്ത്, ആൽബർട്ട് തച്ചിൽ, ജോസ് വാപ്പാലശേരി, ഷൈബി പാപ്പച്ചൻ, പി.ഐ. നാദിർഷ, ലിസി ബേബി, എം.എൽ. ജോണി മാസ്റ്റർ, ലക്സി ജോയി, സെബി വർഗീസ്, മാത്യു തോമസ്, പി.കെ. സജീവൻ, ഡെന്നി തോമസ്, ജോസ് പടയാട്ടിൽ, ദേവാച്ചൻ കോട്ടയക്കൽ, ലിസി പോളി, ജോർജ് കുര്യൻ, ചെറിയാൻ മുണ്ടാടൻ, പി.എ. തോമസ് എന്നിവർ പ്രസംഗിച്ചു.