പാലാ: ജനതയെ വളർത്താനും സ്നേഹിക്കുവാനും പ്രത്യാശ പകരുവാനുമുള്ള മഹത്തായ ഉത്തരവാദിത്വമാണ് സിവിൽ സർവീസ് ഉദ്യോഗമെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിജയദിനാഘോഷവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. ഭാരതത്തിന്റെ മതേതര സംസ്കാരം ലോകത്തിന് മാതൃകയാണ്.പദവിയും ശക്തിയും പ്രകടിപ്പിക്കുന്നവരെയല്ല, സാഹോദര്യവും സമത്വവും സഹിഷ്ണുതയും മുറുകെപ്പിടിക്കുന്നവരെയാണ് ഈ കാലഘട്ടത്തിന് ആവശ്യമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പി.സി. ജോർജ് എംഎൽഎ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, പാലാ നഗരസഭാ ചെയർപേഴ്സണ് ബിജി ജോജോ, പിഎസ്സി അംഗം പ്രഫ. ലോപ്പസ് മാത്യു, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ജോണ് മംഗലത്ത്, സിവിൽ സർവീസ് പരീക്ഷാവിജയി ആര്യ ആർ. നായർ, ഐപിഎസ് നേടിയ നിഥിൻ രാജ് എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. ഫിലിപ്പ് ഞരളക്കാട്ട്, വൈസ് പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.