ക്രിസ്തീയതയും ക്രൈസ്തവ മത ചിഹ്നമായ കുരിശിനെയും അപമാനിച്ചുകൊണ്ട് തികച്ചും അവഹേളനപരമായ രീതിയിൽ സുഭാഷ് കെ കെ എന്ന കാർട്ടൂണിസ്റ്റ് ഹാസ്യ കൈരളി മാസികയിൽ പ്രസിദ്ധീകരിച്ച വിവാദ കാർട്ടൂണിന് കേരള ലളിത കല അക്കാദമി ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വളരെ ഏറെ കോളിളക്കം സൃഷ്ടിച്ചു സാമൂഹിക മാധ്യമങ്ങളിലും പൊതുനിരത്തുകളിലും ക്രൈസ്തവർ സംഘടിതമായി പ്രതിഷേധിച്ചു. കാർട്ടൂൺ അവാർഡ് പുനപരിശോധിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇത്രയധികം പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ഈ കാർട്ടൂൺ അവാർഡ് പിൻവലിക്കുവാൻ തയ്യാറല്ല എന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അറിയിച്ചു. അക്കാദമി, ജൂറി അംഗങ്ങളുടെ തീരുമാനങ്ങൾക്കൊപ്പം ആണെന്നും അതിനു വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കാൻ ആവുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവന തുടർന്നും വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കും എന്നാണ് സൂചന.