ഫാദര്‍ വില്യം നെല്ലിക്കല്‍.
ക്രിസ്തു വെളിപ്പെടുത്തിയ ദിവ്യരഹസ്യം
പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നുള്ള ത്രിയേക ദൈവിക രഹസ്യമാണ് ഈ മഹോത്സവത്തില്‍ നാം ധ്യാനിക്കുന്നത്. നിത്യം ജീവിക്കുന്നവനും മനുഷ്യകുലത്തെ സ്നേഹിക്കുന്നവനുമായ ദൈവത്തോടും, ആ ദൈവത്തിലുള്ള വ്യക്തിത്വങ്ങളോടും പരസ്പരമുള്ള കൂട്ടായ്മയാണ് പരിശുദ്ധത്രിത്വം. അപ്പോള്‍ ദൈവസ്നേഹത്തിന്‍റെ രഹസ്യമാണ് ഈ മഹോത്സവത്തിന്‍റെ പൊരുള്‍. ക്രിസ്തുവാണ് ഈ ദിവ്യരഹസ്യം ലോകത്തിനു വെളിപ്പെടുത്തി തന്നത്. ദൈവത്തെ പിതാവായും, ദൈവാത്മാവായും, തന്നെത്തന്നെ ദൈവപുത്രനായും വെളിപ്പെടുത്തിയത് ക്രിസ്തുവാണ്. “പിതാവിനുള്ളവയെല്ലാം എനിക്കുള്ളവയാണ്. എനിക്കുള്ളവയില്‍നിന്നും സ്വീകരിക്കുന്ന സത്യാത്മാവ്, എല്ലാം ലോകത്തിനായി വെളിപ്പെടുത്തിതരുമെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ. 16, 15).
നിങ്ങള്‍ ലോകമെങ്ങുംപോയി പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സകലരെയും ജ്ഞാനസ്നാനപ്പെടുത്തുവിന്‍ എന്ന് ഉത്ഥാനാനന്തരം അവിടുന്നു ശിഷ്യന്മാരോട് ആഹ്വാനംചെയ്തപ്പോഴും ഈ ത്രിത്വരഹസ്യം വെളിപ്പെടുത്തപ്പെടുകയാണ് (മത്തായി 28, 19). പിന്നെ അപ്പസ്തോലന്മാരിലൂടെ ക്രിസ്തുവിന്‍റെ പ്രേഷിതദൗത്യം പൈതൃകമായി സ്വീകരിച്ചിട്ടുള്ള സഭ എക്കാലത്തും എവിടെയും ത്രിത്വമഹാരഹസ്യം പ്രഘോഷിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ ഈ സുവിശേഷപ്രഘോഷണ ദൗത്യത്തില്‍ സഭാമക്കളായ നാം പങ്കുകാരാകുന്നു – നിങ്ങളും ഞാനും, നാമെല്ലാവരും പങ്കുകാരാകുന്നു.
ജീവിതത്തില്‍ തെളിയേണ്ട ത്രിത്വപ്രഭ
ആരാധനക്രമപരമായി ഈ ദിവസം ഒരു മഹോത്സവമായി ആചരിച്ചുകൊണ്ട് ത്രിത്വൈക ദൈവത്തിന്‍റെ അത്ഭുതാവഹമായ ദിവ്യരഹസ്യം ധ്യാനിക്കുകയും പ്രഘോഷിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. അതുവഴി പരിശുദ്ധ ത്രിത്വത്തിന്‍റെ മാതൃകയില്‍ ദൈവികൈക്യത്തില്‍ പങ്കുചേരുവാനും, മനുഷ്യരുമായി ഐക്യത്തില്‍ ജീവിക്കുവാനുമുള്ള ദൗത്യം നവീകരിക്കപ്പെടുകയും ചെയ്യുന്നു. ഒറ്റയ്ക്കു ജീവിക്കുവാനോ, കലഹിച്ചിരിക്കുവാനോ വിളിക്കപ്പെട്ടവരല്ല നാം ക്രൈസ്തവര്‍, മറിച്ച് മറ്റുള്ളവരുടെ കൂടെയും, അവരുടെ കൂട്ടായ്മയിലും സമൂഹത്തിലും ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. അതായത് ജീവിത പരിസരങ്ങളില്‍ സന്തോഷവും സന്താപവും പങ്കുവച്ചും, പരസ്പരം ക്ഷമിച്ചും സഹിച്ചും സ്നേഹത്തില്‍ ജീവിച്ചുകൊണ്ടു സുവിശേഷത്തിന്‍റെ മനോഹാരിതയ്ക്കും മൂല്യങ്ങള്‍ക്കും സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് നിങ്ങളും ഞാനും, ക്രൈസ്തവര്‍. ചുരുക്കത്തില്‍ ത്രിത്വത്തിന്‍റെ പ്രഭ പ്രതിഫലിപ്പിക്കുന്ന സഭാ സമൂഹങ്ങളാകുവാനുള്ള ഉത്തരവാദിത്വം ക്രൈസ്തവ കുടുംബങ്ങള്‍ക്കുണ്ടെന്നും, സുവിശേഷവത്ക്കരണം വാക്കാല്‍ മാത്രമല്ല, നമ്മില്‍ വസിക്കുന്ന ദൈവത്തിന്‍റെ ശക്തിയാലാണ് യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും ഈ മഹോത്സവം നമ്മെ പഠിപ്പിക്കുന്നു, അനുസ്മരിപ്പിക്കുന്നു.
ത്രിത്വത്തിലേയ്ക്കുള്ള കൂട്ടായ്മയുടെ യാത്ര
ഇങ്ങനെയുള്ള സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രത്യേക കാഴ്ചപ്പാടില്‍ ജീവിതയാത്രയുടെ പരമമായ ലക്ഷൃം പരിശുദ്ധത്രിത്വവും, ഈ ദിവ്യരഹസ്യത്തിലുള്ള പങ്കുചേരലുമാണ്. അതിനാല്‍ ക്രൈസ്തവ ജീവിതം ത്രിത്വത്തിലേയ്ക്കുള്ള ആത്മീയയാത്രയാണ്. ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെയും പ്രബോധനങ്ങളുടെയും അറിവിന്‍റെയും പൂര്‍ണ്ണിമയിലേയ്ക്ക് ഇതു നമ്മെ പടിപടിയായി നയിക്കുന്നു. ക്രിസ്തു ഈ ലോകത്തിലേയ്ക്കു വന്നത് പിതാവിനെക്കുറിച്ചുള്ള അറിവു നമുക്ക് നല്കുന്നതിനും അവിടുത്തെ പക്കലേയ്ക്കു നമ്മെ നയിക്കുന്നതിനും, അവിടുന്നുമായി നമ്മെ രമ്യപ്പെടുത്തുന്നതിനുമാണ്. അങ്ങനെ ക്രിസ്തീയജീവിതം ത്രിത്വരഹസ്യത്തില്‍ കേന്ദ്രീകൃതമായ മുന്നോട്ടുള്ള യാത്രയാണ്. അനന്തമായ ഈ ദിവ്യരഹസ്യത്തില്‍ സ്ഫുരിക്കുന്ന കൂട്ടായ്മയുടെ ക്രമത്തിലാണ് ക്രൈസ്തവ ജീവിതങ്ങള്‍ മെച്ചപ്പെടുത്തേണ്ടതും വളര്‍ത്തേണ്ടതും.
അനുദിന ജീവിതത്തില്‍ നാം നേടേണ്ട അമൂല്യമായ ത്രിത്വദാനത്തെ അംഗീകരിച്ചുകൊണ്ടും, ഏറ്റുപറഞ്ഞുകൊണ്ടും, ജീവിത യാതനയിലും വേദനയിലും, അദ്ധ്വാനത്തിലും സഹനത്തിലും, വിജയത്തിലും പരാജയത്തിലും പരമമായ ഈ ലക്ഷ്യം മാനിച്ചുകൊണ്ട് ക്രൈസ്തവ ജീവിതത്തിന്‍റെ പൊലിമ നിലനിര്‍ത്താന്‍ നാമെന്നും പരിശ്രമിക്കേണ്ടതാണ്. നമ്മുടെ ജീവിതങ്ങളെ പൂര്‍ണ്ണമായും ആശ്ലേഷിക്കുന്ന ഒന്നാണ് ത്രിത്വത്തിന്‍റെ ദിവ്യരഹസ്യം. അതുകൊണ്ടാണ് പിതാവിന്‍റെ പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ കുരിശടയാളം വരച്ചുകൊണ്ടാണ് നാം എന്നും എല്ലാം ആരംഭിക്കുന്നത്. അതിനാല്‍ ഒരുമിച്ചും ഒറ്റയ്ക്കും, ഉറക്കെയും പതുക്കെയും ഈ ത്രിത്വസ്തുതി ഏറ്റുചൊല്ലാന്‍ മടിക്കരുത്. “പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!”
ത്രിത്വരഹസ്യം ധ്യാനിച്ച പരിശുദ്ധ കന്യകാമറിയം
മറ്റാരെയുംകാള്‍ ത്രിത്വമഹാരഹസ്യം അറിയുകയും സ്നേഹിക്കുകയും ധ്യാനിക്കുകയും ചെയ്ത വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. ഈ ജീവിതത്തിലെ സംഭവബഹുലതയില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കി ജീവിക്കത്തക്കവിധം നമ്മെ കൈപിടിച്ചു നടത്താന്‍ കെല്പുള്ള അമ്മയാണു പരിശുദ്ധ കന്യകാനാഥ. തിരുക്കുമാരനായ ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട് ത്രിത്വദര്‍ശനത്തില്‍ വളരാന്‍ ഈ അമ്മ നമ്മെ സഹായിക്കുന്നു. കൂട്ടായ്മയുടെ മൗതികരഹസ്യമായ സഭ, സകലരെയും വിശിഷ്യ പാവങ്ങളും പരിത്യക്തരുമായവരെ ആശ്ലേഷിക്കുന്ന സ്നേഹസമൂഹമായി വളരുവാന്‍ സ്വര്‍ഗ്ഗപുത്രിയും സ്നേഹപൂര്‍ണ്ണയുമായ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കും, സംശയമില്ല!
പരിശുദ്ധ കുര്‍ബ്ബാനയും ത്രിത്വമഹാരഹസ്യവും
ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച, അതായത് അടുത്ത ഞായറാഴ്ച സഭ പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ മഹോത്സവവും ആചരിക്കുകയാണ്. പരിശുദ്ധ കുര്‍ബ്ബാന ക്രിസ്തുവിന്‍റെ സത്താപരമായ സാന്നിദ്ധ്യമാണ് പ്രതീകാത്മകമായ സാന്നിദ്ധ്യമല്ല, ദൈവികജീവന്‍റെ സാന്നിദ്ധ്യമാണ്. പരിശുദ്ധ കുര്‍ബ്ബാന ത്രിത്വൈക ദൈവത്തിന്‍റെ സാന്നിദ്ധ്യം തന്നെയാണെന്നാണ് സഭയുടെ ദൈവശാസ്ത്ര പണ്ഡിതനായ വിശുദ്ധ തോമസ് അക്വിനാസ് വിശദീകരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയാണ് ദൈവികജീവനെങ്കില്‍, അത് പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ്. ക്രിസ്തു തന്നെത്തന്നെ ജീവന്‍റെ അപ്പമായി നല്കിക്കൊണ്ടു സ്ഥാപിച്ച പരിശുദ്ധ കുര്‍ബ്ബാന, അതിനാല്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിദ്ധ്യമാണ്. ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമായ മനുഷ്യാവതാരത്തിലൂടെ ഉണ്ടായ മാറ്റം, transition of God becoming man, ഒരിക്കലും പുത്രനായ ദൈവത്തെ, ക്രിസ്തുവിനെ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍നിന്നും വിച്ഛേദിക്കുന്നില്ല, അവിടുത്തെ ത്രിത്വൈക സാന്നിദ്ധ്യത്തിനു മങ്ങലേല്പിക്കുന്നുമില്ല.
ത്രിത്വരഹസ്യത്തില്‍ നമുക്കും പങ്കുചേരാം
ഈ ജീവിതത്തിലും, മറുജീവിതത്തിലും ക്രിസ്തുവുമായി നമ്മെ അഭേദ്യമായി ബന്ധിപ്പിക്കുന്ന കൂദാശയാണ് കുര്‍ബ്ബാന, പരിശുദ്ധ ദിവ്യകാരുണ്യം. “എന്‍റെ മാംസം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനില്‍ ഞാനും, അവന്‍ എന്നിലും വസിക്കുന്നു! എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും” (യോഹ. 6, 56-57). അങ്ങനെ കൂദാശകള്‍ക്കുള്ള അടിസ്ഥാനം ക്രിസ്തുവിലുള്ള ജീവിതമാണ്. മറ്റ് ആറു കൂദാശകളും ദിവ്യകാരുണ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്, are directed to the Holy Eucharist. അതിനാല്‍ ദിവ്യകാരുണ്യം കൂദാശകളുടെയെല്ലാം പ്രഭവസ്ഥാനമാണ് (summa III, 73, 3). ത്രിത്വത്തിലെ രണ്ടാമാളായ ക്രിസ്തു തന്‍റെ മനുഷ്യാവതാരവും സ്വയാര്‍പ്പണവും വഴി മനുഷ്യകുലത്തെ മുഴുവന്‍ ഇതിലൂടെ ദൈവവുമായി രമ്യപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും, ദൈവികജീവനില്‍ പങ്കുകാരാക്കുകയും ചെയ്തിരിക്കുന്നതിനാല്‍ എല്ലാമനുഷ്യരും ത്രിത്വൈക സാന്നിദ്ധ്യമായ ദൈവികജീവനില്‍ നിഗൂഢമായി പങ്കുകാരാക്കപ്പെടുന്നുണ്ട്. അതിനാല്‍ ത്രിത്വദൈവത്തിന്‍റെ ക്രിസ്തുവിലുള്ള കീഴ്പ്പെടുത്തുന്ന അസ്തിത്വവും സാന്നിദ്ധ്യവുമാണ് പരിശുദ്ധ കുര്‍ബ്ബാന.
ത്രിത്വത്തോട് ഐക്യപ്പെട്ടു ജീവിക്കേണ്ടവര്‍ നാം
ത്രിത്വൈക ദൈവത്തോട് ഐക്യപ്പെട്ടു ജീവിക്കേണ്ടവരാണു നാം എന്ന് ഈ മഹോത്സവം അനുസ്മരിപ്പിക്കുന്നു. ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാന ലക്ഷ്യവും ദൗത്യവും ഇതാണ്. ത്രിയേകദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ ഈ ഭൂമിയില്‍ മനുഷ്യരോടും രമ്യപ്പെട്ടു ജീവിക്കും. ഇതുതന്നെയാണ് ക്രിസ്തു പഠിപ്പിച്ച സുവിശേഷസാക്ഷ്യം. സുവിശേഷസാക്ഷ്യത്തിന്‍റെ മനോഹാരിതയാണ് പരിശുദ്ധ ത്രിത്വത്തില്‍ പ്രതിഫലിക്കുന്ന ഐക്യവും, കൂട്ടായ്മയുള്ള സ്നേഹവും! അനുദിന ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാനും, നമുക്കു ചുറ്റും – കുടുംബത്തിലോ, സമൂഹത്തിലോ, ജോലിസ്ഥലത്തോ, അയല്‍പക്കത്തോ, എവിടെയായാലും ക്രൈസ്തവ ജീവിതത്തിന്‍റെ സത്തയാകേണ്ട സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും രഹസ്യം അനുദിനം ജീവിക്കാന്‍ ഈ ത്രിത്വമഹോത്സവം നമ്മെ സഹായിക്കട്ടെ! പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമേന്‍!
ഗാനമാലപിച്ചത് കെ. ജി. മര്‍ക്കോസും സംഘവും, രചനയും സംഗീതവും ഫാദര്‍ തദേവൂസ് അരവിന്ദത്ത്. എറണാകുളം – അങ്കമാലി അതിരൂപതയുടെ മതബോധന കേന്ദ്രത്തിനുവേണ്ടിയും കുട്ടികള്‍ക്ക് വേദപാഠക്ലാസ്സുകളില്‍ കൂട്ടമായി ആലപിക്കുന്നതിനുംവേണ്ടി ഫാദര്‍ തദേവൂസ് അരവിന്ദത്ത് ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ഇന്ന് കേരളത്തില്‍ ഉടനീളം ഇത് ഉപയോഗിക്കുന്നുണ്ട്. തദേവൂസച്ചന്‍റെ മതബോധനാത്മകവും സുവിശേഷാത്മകവുമായ മനസ്സ് ലളിത സുന്ദരമായ ഈ ഗാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്‍റെ നിര്‍മ്മിതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി.