റോം: കഴിഞ്ഞ ദിവസം അന്തരിച്ച വിശ്രുത ഇറ്റാലിയൻ ചലച്ചിത്ര പ്രതിഭ ഫ്രാങ്കോ സിഫിറെല്ലി(96) യേശുവിന്റെ ത്യാഗജീവിതം വെള്ളിത്തിരയിൽ എത്തിച്ച ലോകോത്തര സംവിധായകരിൽ പ്രമുഖനാണ്. മറ്റു പലരും യേശുവിന്റെ ജീവിതകഥ അഭ്രപാളികളിലാക്കിയിട്ടുണ്ടെങ്കിലും സിഫിറെല്ലി അതു ചെയ്തപ്പോൾ വിശേഷപ്പെട്ട പ്രതിഭയുടെ ഒരു കൈയൊപ്പുണ്ടായിരുന്നു.
ജീസസ് ഓഫ് നാസരേത്ത് എന്ന ചരിത്രസിനിമയിലൂടെ ലോകനായകന്റെ ബെത്ലഹേമിലെ ജനനം മുതൽ സുവിശേഷ ജീവിതവും കുരിശുമരണവും ഉയിർത്തെഴുന്നേല്പുമെല്ലാം സിഫിറെല്ലി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എഴുതിച്ചേർത്തു. യേ ശുവിനെക്കുറിച്ചുള്ള ആറു മണിക്കൂർ നീളമുള്ള ഈ ടെലിവിഷൻ സിനിമ സിഫിറെല്ലിയുടെ പ്രതിഭ ഏറ്റവും വ്യക്തമാകുന്നതാണ്. ഫ്രാങ്കോ സിഫറെല്ലി അഭിനയകലയുടെ വിസ്മയങ്ങൾ ചമച്ചതു നാടക വേദിയിലും വെള്ളിത്തിരയിലുമാണ്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ഇറ്റാലിയൻ ഓപ്പറയിലും ടെലിവിഷൻ സ്ക്രീനിലും വെള്ളിത്തിരയിലും സിഫിറെല്ലി എന്ന നവതരംഗ സംവിധായക ശില്പിയുടെ കരവിരുത് തെളിഞ്ഞുനിൽക്കുന്നു. ഷേക്സ്പിയർ നാടകങ്ങളെ ഇറ്റാലിയൻ ജനതയ്ക്കായി ഇത്രമേൽ വൈകാരികമായി ചേർത്തുപിടിച്ച മറ്റൊരാൾ ഉണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഫ്രാങ്കോ സിഫിറെല്ലിയുടെ വിയോഗം തീർക്കുന്ന ശൂന്യത നാടകകലയിലും വെള്ളിത്തിരയിലും നികത്താനാവാത്തതാണ്.