കാലവസ്ഥമാറ്റ സംബന്ധിയായ അടിയന്തരപ്രശ്നത്തെ നേരിടുന്നതിന് ഉചിതവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമെന്ന് മാര്‍പ്പാപ്പാ.ഊര്‍ജ്ജമാറ്റത്തെ അധികരിച്ച് വത്തിക്കാനില്‍, സമഗ്ര മാനവവികസനത്തിനായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ചര്‍ച്ചചെയ്ത സമ്മേളനത്തില്‍ പങ്കെടുത്ത ആഗോള ഇന്ധനഎണ്ണ വ്യവസായശാലകളുടെ പ്രതിനിധികളെയും വിദഗ്ദ്ധരെയും വെള്ളിയാഴ്ച (14/06/2019) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.പാവപ്പെട്ടവരും ഭാവിതലമുറകളും കടുത്ത അനീതിക്ക് ഇരകളാക്കപ്പെടാതിരിക്കേണ്ടതിന് ഈ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി.
നമ്മുടെ പ്രവൃത്തികളുടെ ഹ്രസ്വ-ദീര്‍ഘകാലങ്ങളിലുണ്ടാകാവുന്ന ആഘാതങ്ങള്‍ കണക്കിലെടുത്തു ഉത്തരവാദിത്വബോധത്തോടു കൂടി നാം പ്രവര്‍ത്തിക്കേണ്ടിയരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.കാലാവസ്ഥ പ്രതിസന്ധിക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് പാവപ്പെട്ടവരാണെന്ന് പാപ്പാ ഇന്നുണ്ടാകുന്ന ചുഴലിക്കാറ്റിന്‍റെയും വര്‍ള്‍ച്ചയുടെയും ജലപ്രളയത്തിന്‍റെയുമൊക്കെ ഫലങ്ങള്‍ ഉദാഹരിച്ചുകൊണ്ട് ആശങ്ക പ്രകടിപ്പിച്ചു.ആകയാല്‍ ഇന്നുപയോഗിക്കപ്പെടുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ഒരു മാറ്റവും പ്രകൃതിവിഭങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതും കാലവസ്ഥമാറ്റത്തിന്‍റെ അപകടങ്ങള്‍ സുതാര്യമായി വെളിപ്പെടുത്തേണ്ടതും പരമാവധി നന്മയ്ക്കുതകും വിധം സാമ്പത്തിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതും ആവശ്യമാണെന്നും പാപ്പാ വശദീകരിച്ചു.ചര്‍ച്ചകളില്‍ നിന്ന് പ്രവൃത്തികളിലേക്കു കടക്കേണ്ടതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.