ഫാദര്‍ വില്യം നെല്ലിക്കല്‍
എല്ലാവര്‍ഷവും ആരാധനക്രമ കാലഘട്ടത്തിലെ ആണ്ടുട്ടം 33-Ɔο വാരം ഞായറാഴ്ചയാണ് പാവങ്ങളുടെ ദിനമായി സഭ ആചരിക്കുന്നത്. ഈ വര്‍ഷം അത് നവംബര്‍ 17- Ɔο തിയതി ഞായറാഴ്ചയാണ്.

1. വിശ്വാസം തരുന്ന അസ്തമിക്കാത്ത പ്രത്യാശ
മാനവികതയുടെ സാമൂഹിക പരിസരത്തെ ആഴമായ സത്യങ്ങളാണ് സങ്കീര്‍ത്തനപദങ്ങള്‍ വെളിപ്പെടുത്തുന്നത്. അവ കാലികമായും ഏറെ പ്രസക്തിയുള്ളവയാണ്. മനുഷ്യര്‍ അനുഭവിക്കുന്ന അനീതിക്കും, യാതനകള്‍ക്കും, ജീവിതത്തിന്‍റെ അനിശ്ചിതത്ത്വങ്ങള്‍ക്കും മേലെ ഉയരാന്‍ സാധിക്കുന്നതും ദൈവത്തിലുള്ള വിശ്വാസം തരുന്നതുമായ അസ്തമിക്കാത്ത പ്രത്യാശയെക്കുറിച്ച് സങ്കീര്‍ത്തകന്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കുറിച്ചിട്ടിരിക്കുന്നു (സങ്കീര്‍. 9, 18). പച്ചയായ ജീവിതപരിസരങ്ങളില്‍ ഇന്നും അവ കണ്‍മുന്‍പില്‍ തെളിയുന്ന ചിത്രങ്ങള്‍ മാത്രം!

2. പാവങ്ങളെ കണ്ടില്ലെന്നു നടിക്കാനാകുമോ?
പാവങ്ങളുടെ അവസ്ഥയും, ഒപ്പം അവരുടെ പീഡകരുടെ ദാര്‍ഷ്ട്യവും സങ്കീര്‍ത്തകന്‍ വാക്കുകളില്‍ വരച്ചുകാട്ടുന്നു (9, 22-31). തിന്മയ്ക്കെതിരെ നീതി നടപ്പാക്കണമേയെന്ന് പാവങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു (35-36). ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു മനുഷ്യന്‍റെ പ്രതിസന്ധികളുടെ രോദനമാണു സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ നാം കേള്‍ക്കുന്നത്. ദൈവം എങ്ങനെ ഈ അസമാനതയ്ക്കും അനീതിക്കും നേരെ കണ്ണടയ്ക്കും? അല്ലെങ്കില്‍ എങ്ങനെ ഈ അസമത്വത്തെ ദൈവം ചെറുക്കും? പാവങ്ങളെ പിന്‍തുണയ്ക്കാതെയും, സഹായിക്കാതെയും അവരെ ഈ പീഡനങ്ങള്‍ക്ക് കീഴ്പ്പെടുന്നതിന് അനുവദിക്കാന്‍ എങ്ങനെ അവിടുത്തേയ്ക്കാകും? പാവങ്ങള്‍ അനുദിനം അനുഭവിക്കുന്ന യാതനകളുടെ വെളിച്ചത്തില്‍, എങ്ങനെ അവരുടെ പീഡകരുടെ പെരുമാറ്റത്തെ പഴിക്കാതെ, അവരെ സമ്പന്നതയില്‍ വളര്‍ത്താന്‍ ദൈവത്തിനു സാധിക്കില്ലേയെന്നാണ് സങ്കീര്‍ത്തകന്‍ ആശങ്കപ്രകടിപ്പിക്കുന്നത്.

3. സാമ്പത്തിക വളര്‍ച്ചമൂലമുള്ള സാമൂഹിക അസമത്വം
എവിടെയും എപ്പോഴും സംഭവിക്കുന്നതുപോലെതന്നെ ഇസ്രായേലില്‍‍ വലിയ സാമ്പത്തിക ഉയര്‍ച്ചയുണ്ടായ കാലഘട്ടത്തിലാണ് ഈ സങ്കീര്‍ത്തനം രചിക്കപ്പെട്ടത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഏറെ സാമ്പത്തികവും സമൂഹികവുമായ അസമത്വങ്ങള്‍ സമൂഹത്തില്‍ ഉണ്ടായതായും രചയിതാവ് പദങ്ങളില്‍ വെളിപ്പെടുത്തുന്നു. അങ്ങനെ അന്യായമായി സമൂഹത്തിലെ കുറെപ്പേര്‍ നേടിയ അമിതമായ സമ്പത്ത് സമൂഹത്തില്‍ ഏറെ പാവങ്ങളെ സൃഷ്ടിച്ചു. അവരുടെ ജീവിതം സമ്പത്തു നേടിയ പ്രബലന്മാരായ കുറച്ചുപേരുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ നാടകീയവും പരിതാപകരവുമായിരുന്നു. ഇവിടെ വരികളില്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന ചിത്രം സത്യത്തോളം വികാരമുണര്‍ത്തുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്.

4. ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന പാവങ്ങള്‍
ഇസ്രായേലില്‍ അഹങ്കാരികളും ദൈവവിചാരമില്ലാത്തവരും പാവങ്ങളെ വേട്ടയാടിയ സമയമായിരുന്നു സങ്കീര്‍ത്തകന്‍റെ കാലമെന്നു മനസ്സിലാക്കാം. അവരുടെ പക്കലുണ്ടെന്നു കരുതിയ അല്പംപോലുമായ സമ്പത്തു തട്ടിയെടുക്കാനും, എന്നിട്ടവരെ അടിമകളാക്കാനുമായിരുന്നു അവര്‍ ശ്രമിച്ചത്. ഇന്നത്തെ സാഹചര്യങ്ങളും അത്ര വ്യത്യസ്തമല്ല. വലിയൊരു കൂട്ടം ഉന്നതരെ സമ്പത്തു വാരിക്കൂട്ടാന്‍ സഹായിച്ചതായിരുന്നു ആഗോള സാമ്പത്തിക പ്രതിസന്ധി. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി. അങ്ങനെ നമ്മുടെ പട്ടണങ്ങളിലും നഗരങ്ങളിലും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ക്ലേശിക്കുന്ന പാവങ്ങളുടെ വലിയ കൂട്ടങ്ങള്‍ കാണാറായി. എന്നാല്‍ അനുദിനം പ്രത്യക്ഷപ്പെടുകയും പെരുകിവരുകയും ചെയ്ത ഇക്കൂട്ടരെ സമ്പന്നര്‍ അവിടെയും ചൂഷണംചെയ്യുകയായിരുന്നു.

5. വിലയിരുത്തേണ്ട യാഥാര്‍ത്ഥ്യങ്ങള്‍
ഇവിടെ വെളിപാടിന്‍റെ വചനങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത്, “എന്തെന്നാല്‍ ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല” (വെളിപാട് 3, 17). നൂറ്റാണ്ടുകള്‍ കടന്നുപോകുന്നെങ്കിലും, സമ്പന്നരുടെയും പാവങ്ങളുടെയും അവസ്ഥയ്ക്കു മാറ്റമില്ല, സ്ഥായീഭാവമാണ്! ചരിത്രം നമ്മെ ഒന്നും പഠിപ്പിക്കാത്തതുപോലെയാണ് ചുറ്റുമുള്ള സാഹചര്യങ്ങള്‍. അങ്ങനെയെങ്കില്‍ സങ്കീര്‍ത്തനപദങ്ങള്‍ കഴിഞ്ഞ ഇന്നലെകളെക്കുറിച്ചല്ല പാടുന്നത്, മറിച്ച് ഇന്നിന്‍റെ സാമൂഹികചുറ്റുപാടുകളെയും അതില്‍ അമര്‍ന്നു ജീവിക്കുന്ന പാവങ്ങളെയും കുറിച്ചാണ്. തീര്‍ച്ചയായും അത് ദൈവിക നീതിക്കുമുന്നില്‍ വിലയിരുത്തപ്പെടേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്.