ബുധനാഴ്ചയും (12/05/2019) ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ വത്തിക്കാനില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. ശ്രീലങ്ക, കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ, വിവിധരാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു തീര്‍ത്ഥാടകരും സന്ദര്‍ശകരും, സൂര്യതാപം ശക്തമായിരുന്നെങ്കിലും, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അങ്കണത്തില്‍  പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. പതിവുപോലെ, അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് ഒരാള്‍ നമ്മളോടൊപ്പം സാക്ഷിയായിരിക്കണം.  യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മില്‍ നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു, നമ്മോടൊപ്പം ജീവിച്ച കാലം മുഴുവനും നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍…  പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്നു അപ്പസ്തോലന്മാരുടെ കൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.”   (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1, 21-22.26)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു താന്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു.