ഫാ. ജോസഫ് വയലില്‍ CMI
ജൂണ്‍ 20 വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആണ്. ഈ അവസരത്തില്‍ മൂന്ന് തരം കാഴ്ചകള്‍ ഓര്‍മയില്‍ തെളിയുകയാണ്. ഒന്നാമത്തേത് എന്റെ കുട്ടിക്കാലത്തെ ഓര്‍മകളാണ്. എന്റെ ഇടവക പള്ളിയിലെ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷം ഇന്നും മനസില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ആഘോഷമായ ഒരു വിശുദ്ധ കുര്‍ബാന, വിശുദ്ധ കുര്‍ബാനയുടെ ആരാധന, പള്ളിക്കകത്തുകൂടി ദിവ്യകാരുണ്യപ്രദക്ഷിണം. ഇത്രയും കാര്യങ്ങളേ ഉള്ളൂ. പക്ഷേ അതൊരു സംഭവം ആയിരുന്നു, ഒരു അനുഭവമായിരുന്നു. ഇടവകജനം മുഴുവന്‍ പള്ളിയില്‍ ഉണ്ടാകും. തികച്ചും ഭക്തിനിറഞ്ഞ അന്തരീക്ഷമാണ് പള്ളിയില്‍. അള്‍ത്താരയില്‍നിന്നും പള്ളിയുടെ പ്രധാന വാതിലിനടുത്തേക്കും അവിടെനിന്ന് തിരിച്ച് അള്‍ത്താരയിലേക്കുമാണ് ദിവ്യകാരുണ്യ പ്രദക്ഷിണം.
ഒലിവുമലയില്‍നിന്നും ജറുസലേം ദൈവാലയത്തിലേക്ക് ഓശാന ഞായറാഴ്ച യേശു നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണമായിരുന്നു അത്. പള്ളി മുഴുവന്‍ അലങ്കരിക്കും. പ്രദക്ഷിണം പോകുന്ന വഴിയില്‍ വെള്ളത്തുണി വിരിച്ചിരിക്കും. വിശുദ്ധ കുര്‍ബാന വഹിക്കുന്ന വൈദികന് ചുറ്റും അള്‍ത്താര ബാലന്മാരും മറ്റും മെഴുകുതിരികളുമായി നീങ്ങും. പ്രദക്ഷിണം നീങ്ങുമ്പോള്‍ ജനങ്ങള്‍ ഒന്നാകെ ദിവ്യകാരുണ്യത്തിന്റെ നേരെ തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കും. അരുളിക്കയിലേക്ക് കുട്ടികള്‍ പൂക്കള്‍ വിതറും, മണിയടിക്കും. അതൊരു സംഭവംതന്നെയായിരുന്നു.
ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാനപ്പെട്ട ഓര്‍മ വീടുകളില്‍ രോഗികളായി കിടക്കുന്നവര്‍ക്ക് നല്‍കാന്‍ വൈദികന്‍ ദിവ്യകാരുണ്യവുമായി പോകുന്നതുമായി ബന്ധപ്പെട്ടതാണ്. അച്ചന്‍ സുര്‍പ്ലീസും ഊറാലയും ധരിച്ച് കുടയും നിവര്‍ത്തുപിടിച്ചാണ് രോഗികളുടെ വീട്ടിലേക്കുള്ള വഴികളിലൂടെ നടന്നിരുന്നത്. അങ്ങനെ കിലോമീറ്ററുകള്‍വരെ ചിലപ്പോള്‍ അച്ചന്മാര്‍ക്ക് നടക്കേണ്ടിവരുമായിരുന്നു. അച്ചന്‍ ഈ വിശുദ്ധ വസ്ത്രങ്ങള്‍ ധരിച്ച് കുടയും ചൂടി വരുന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസിലാകുമായിരുന്നു. അച്ചന്‍ ആര്‍ക്കോ നല്‍കാനായി ദിവ്യകാരുണ്യവുമായി പോവുകയാണെന്ന്.
സംസാരിച്ചുകൊണ്ട് നടന്നുപോകുന്നവര്‍ അപ്പോള്‍ സംസാരം നിര്‍ത്തുമായിരുന്നു. തങ്ങളുടെ അടുത്തുകൂടി അച്ചന്‍ കടന്നുപോകുമ്പോള്‍ ആളുകള്‍ വഴിയില മൗനമായി നില്‍ക്കുകയോ മുട്ടുകള്‍ കുത്തുകയോ ചെയ്യുമായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ആളുകള്‍ എന്തുമാത്രം വില കല്‍പിച്ചിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന രണ്ട് അനുഭവങ്ങളാണ് മുകളില്‍ കുറിച്ചത്.
ഇനി രണ്ടാമത്തെ തരം കാഴ്ചകളെപ്പറ്റി പറയാം. എന്റെ യൗവനകാലഘട്ടത്തിലും ഞാന്‍ വൈദികനായി ജീവിതം ആരംഭിച്ച ആദ്യ കാലഘട്ടത്തിലുമൊക്കെ കണ്ട കാഴ്ചകളാണ് ഇവ. കാണാന്‍ കഴിയാതെപോയ കാഴ്ചകളുമുണ്ട്. ഒന്നാമതായി, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ അപ്രത്യക്ഷമായി. സഭയുടെ കലണ്ടറില്‍ അച്ചടിച്ചുവച്ച ഏതാനും വാക്കുകള്‍ മാത്രമായി അത് ഒതുങ്ങി. ദിവ്യകാരുണ്യ പ്രദക്ഷിണം ഇല്ലാതായി.
ദിവ്യകാരുണ്യം രോഗികള്‍ക്ക് കൊടുക്കുവാന്‍ പോകുന്ന വൈദികരെ കണ്ടാല്‍ തിരിച്ചറിയാതായി. ളോഹയുടെ ചെസ്റ്റ് പോക്കറ്റില്‍ ചെറിയ ഡപ്പിയില്‍ വിശുദ്ധ കുര്‍ബാന വച്ച് നടന്നും മോട്ടോര്‍ സൈക്കിളിലും തനിച്ച് കാര്‍ ഓടിച്ചുമൊക്കെ ഞാനും മറ്റുള്ളവരും പോകുന്നത് കണ്ടാല്‍ വിശുദ്ധ കുര്‍ബാനയുംകൊണ്ട് പോകുന്നതാണെന്ന് ആര്‍ക്കും മനസിലാകാതായി. മനസിലായാലും ആരും മാനിക്കാതായി. നടന്നുപോകാന്‍ വഴിപോലും തരാതെ ആളുകള്‍ നടക്കുന്ന അനുഭവങ്ങളും ഉണ്ട്. ചില വിദേശ രാജ്യങ്ങളില്‍കൂടി സഞ്ചരിച്ചപ്പോള്‍ അവിടെ സേവനം ചെയ്യുന്ന ചില വൈദികര്‍ പറഞ്ഞുകേട്ട ഒരു കാര്യം പറയാം.
വിശുദ്ധ കുര്‍ബാന വീടുകളിലും കെയര്‍ഹോമുകളിലുമൊക്കെ കൊണ്ടുപോയി കൊടുക്കുവാന്‍ അല്മായര്‍ക്ക് അനുവാദം ഉണ്ട്. അവരില്‍ ചിലരെങ്കിലും വിശുദ്ധ കുര്‍ബാന എടുത്ത് അതിനുള്ള ചെപ്പില്‍ വച്ചിട്ട് അത് അവരുടെ കാറില്‍ ഇട്ടിരിക്കും. എന്നിട്ട് അവരുടെ സൗകര്യംപോലെ കൊണ്ടുപോയി കൊടുക്കും.
മൂന്നാമത്തെ ഓര്‍മ ഈ കാലഘട്ടത്തെക്കുറിച്ച് ആണ്. കരിസ്മാറ്റിക് നവീകരണം സഭയില്‍ ശക്തി പ്രാപിച്ചപ്പോള്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
ഒന്ന്, വിശുദ്ധ ബലിയോടും ദിവ്യകാരുണ്യത്തോടുമുള്ള ഭക്തിയും വിശ്വാസവും അനേകരില്‍ വര്‍ധിച്ചു.
രണ്ട്, അനുദിന ബലിയില്‍ പങ്കെടുക്കുന്നവരുടെയും അനുദിന ദിവ്യകാരുണ്യം സ്വീകരിക്കുന്നവരുടെയും എണ്ണം ഗണ്യമായി കൂടി.
മൂന്ന്, നിരവധി സ്ഥലങ്ങളില്‍ ദിവ്യകാരുണ്യ ആരാധനാചാപ്പലുകള്‍ ഉണ്ടായി. അവിടെ ധാരാളം പേര്‍ പോയി പ്രാര്‍ത്ഥിക്കുന്നു.
നാല്, എല്ലാ ദൈവാലയങ്ങളിലുംതന്നെ കൂടെക്കൂടെ ദിവ്യകാരുണ്യ ആരാധന നടത്തുന്നു. ധാരാളം പേര്‍ അതില്‍ പങ്കെടുക്കുന്നു.
അഞ്ച്, ദൈവാലയത്തില്‍ തനിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നതിനായി ധാരാളംപേര്‍ ദൈവാലയങ്ങളില്‍ എത്തുന്നു.
ആറ്, ദിവ്യകാരുണ്യം സ്വീകരിക്കുന്നത് മുടക്കാതിരിക്കുവാനും വിശുദ്ധിയില്‍ വളരുവാനുമായി ധാരാളംപേര്‍ ചെറിയ ഇടവേളകളില്‍ കുമ്പസാരിക്കുന്നു.
ഏഴ്, അനുദിന ദിവ്യബലി, അനുദിന ദിവ്യകാരുണ്യസ്വീകരണം, ആരാധന ഇടയ്ക്കിടെ കുമ്പസാരം എന്നിവ അനേകം യുവജനങ്ങള്‍ ശീലമാക്കിയിരിക്കുന്നു.
ഇനി മറ്റുചില ദിവ്യകാരുണ്യ അനുഭവങ്ങള്‍കൂടി കുറിക്കട്ടെ. അനേകം വീടുകളില്‍ രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുക്കുവാന്‍ ഞാന്‍ പോയിട്ടുണ്ട്. ചില വീടുകളില്‍ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും നിരവധി വര്‍ഷങ്ങള്‍ പോയിട്ടുണ്ട്. ആ യാത്രയില്‍ ചിലപ്പോള്‍ വലിയ സങ്കടവും ചിലപ്പോള്‍ അതിരറ്റ സന്തോഷവും തോന്നിയിട്ടുണ്ട്. സങ്കടത്തിന്റെ കാരണം ഇതാണ്: ഇന്ന ദിവസം ഇത്ര മണിക്ക് തങ്ങളുടെ വീട്ടില്‍ അച്ചന്‍ ദിവ്യകാരുണ്യവുമായി വരും എന്ന് അറിയാമായിരുന്നിട്ടും തികഞ്ഞ നിസംഗതയും അവഗണനയും പുലര്‍ത്തിയ കുടുംബാംഗങ്ങളെ കണ്ടിട്ടുണ്ട്. വീടിന്റെ മുറ്റത്തുചെന്ന് ബെല്ലടിച്ച് വളരെ സമയം കാത്തുനിന്നാലാണ് ചിലര്‍ വാതില്‍ തുറക്കുക. വാതില്‍ തുറന്നിട്ട് അവര്‍ അകത്തേക്ക് പോയി മറയും.
“തന്റെ സാന്നിധ്യം എന്നും മനുഷ്യരോടുകൂടി ഉണ്ടായിരിക്കുന്നതിനായി യേശു കണ്ടുപിടിച്ച ഒരു സംവിധാനം കൂടിയാണ് ദിവ്യകാരുണ്യം. സക്രാരിയില്‍ വസിച്ചുകൊണ്ടും ആരാധനാസമയത്ത് അള്‍ത്താരയിലേക്ക് എഴുന്നള്ളിവന്നും യേശു നമ്മോടുകൂടി ആയിരിക്കുന്നു. ഈ സാന്നിധ്യം ഉള്ളതുകൊണ്ടാണ് അനേകം മനുഷ്യര്‍ ദൈവാലയത്തിലും ദിവ്യകാരുണ്യ ആരാധന നടക്കുന്ന സ്ഥലങ്ങളിലും പോയിരുന്ന് പ്രാര്‍ത്ഥിക്കുന്നത്. ആന്തരികസൗഖ്യം, സംശയങ്ങള്‍ക്ക് ഉത്തരം, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നിവ തേടി ദൈവസാന്നിധ്യത്തിന്റെ മുമ്പില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണം വിരളമല്ല എന്ന് നമുക്ക് ഓര്‍ക്കാം.”
പിന്നെ ആ വീട്ടിലെ ആരും രംഗത്ത് വരില്ല. അച്ചന്‍ രോഗിയുടെ മുറിയില്‍ തനിച്ചുപോയി വിശുദ്ധ കുര്‍ബാന കൊടുത്ത് പ്രാര്‍ത്ഥിച്ചിട്ട് പൊയ്‌ക്കൊള്ളണം. കുടുംബാംഗങ്ങള്‍ ആരും വരില്ല, രോഗിയുടെ മുറിയിലും ആരും നില്‍ക്കുകയില്ല. ഇനി സന്തോഷം തന്ന അനുഭവം പറയാം: ചില വീടുകളില്‍ ചെല്ലുമ്പോള്‍ ഈശോയ്ക്ക് വലിയ സ്വീകരണമാണ്. വാതില്‍ തുറന്നിട്ട് വീട്ടുകാര്‍ കാത്തിരിക്കും. ഒരു മേശമേല്‍ വെള്ളത്തുണി വിരിച്ച് പൂക്കള്‍ വച്ച് മെഴുകുതിരി കത്തിച്ചുവച്ച് അവര്‍ തയാറായിരിക്കുന്നു. ആ മേശമേല്‍ ഈശോയെ വച്ചിട്ട് പോയി രോഗിയെ കുമ്പസാരിപ്പിക്കും. അപ്പോള്‍ വീട്ടില്‍ ഉള്ളവര്‍ ഈശോയുടെ അടുത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയായിരിക്കും. രോഗിയുടെ മുറിയിലേക്ക് ഈശോയെ കൊണ്ടുപോകുമ്പോള്‍ അവരും കൂടെ വരും. അവരും പ്രാര്‍ത്ഥിക്കും. വലിയ സന്തോഷം തന്ന അനുഭവങ്ങള്‍.
ഇന്ത്യയില്‍ നിരവധി ദൈവാലയങ്ങളില്‍ നിത്യാരാധന ചാപ്പലുകള്‍ ഉണ്ട്. പകല്‍ മുഴുവന്‍ അവിടെ ആരാധന നടക്കുന്നു. മിക്ക ധ്യാനകേന്ദ്രങ്ങളിലും പകല്‍ മുഴുവന്‍ ആരാധനയുണ്ട്. പല കത്തോലിക്കാ ആശുപത്രികളിലും പകല്‍ മുഴുവന്‍ ആരാധന ഉണ്ട്. പക്ഷേ കേരളത്തില്‍ എവിടെയും എല്ലാ ദിവസവും രാത്രിയും പകലും ആരാധന നടക്കുന്ന ഒരു സ്ഥലവും ഇല്ലെന്ന് തോന്നുന്നു.
എന്നാല്‍ അമേരിക്കയില്‍ 24 മണിക്കൂറും ആരാധന നടക്കുന്ന ചാപ്പലുകള്‍ കണ്ടിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു കത്തോലിക്കാ ദൈവാലയത്തില്‍ ഉച്ചയ്ക്കുള്ള ലഞ്ച് ബ്രേക്കിന്റെ സമയത്ത് പള്ളിയില്‍ ദിവ്യബലി നടക്കുന്നതും അതിന് ധാരാളംപേര്‍ സംബന്ധിക്കുന്നതും കണ്ടിട്ടുണ്ട്.
മേല്‍ വിവരിച്ച സംഭവങ്ങളില്‍നിന്നെല്ലാം ദിവ്യകാരുണ്യത്തോട് ആളുകള്‍ പലതരം സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്ന് നമുക്ക് മനസിലാകുന്നു.
ഇനി ദിവ്യകാരുണ്യത്തെപ്പറ്റി ബൈബിളില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ നമുക്ക് ഓര്‍മയില്‍ കൊണ്ടുവരാം. ഏതാനും ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി നമുക്ക് ഈ കാര്യങ്ങള്‍ ഓര്‍ക്കാം.
ഒന്ന്: എന്താണ് വിശുദ്ധ കുര്‍ബാന?
ഈ ചോദ്യത്തിന് ഈശോ തന്നെ ഉത്തരം പറഞ്ഞിട്ടുണ്ട്. ഞാനാണ് ജീവന്റെ അപ്പം (യോഹന്നാന്‍ 6:35). സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് (യോഹ. 6:51). യേശു അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിചെയ്തു: ഇത് എന്റെ ശരീരമാണ് (മത്തായി 26:26).
ഈ വചനങ്ങളെല്ലാം വ്യക്തമാക്കുന്നത് ഒരു കാര്യമാണ്. വിശുദ്ധ കുര്‍ബാന എന്നു പറഞ്ഞാല്‍ യേശുതന്നെയാണ്. യേശുസാന്നിധ്യമാണ് ദിവ്യകാരുണ്യം.
രണ്ട്: എന്തിനാണ് യേശു വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്നത്?
ഉത്തരം: നമ്മോടുകൂടി വസിക്കുന്നതിനും നമുക്ക് ഭക്ഷണമായിത്തീരുന്നതിനും.
യേശു പറഞ്ഞു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ് (മത്തായി 26:26).
മൂന്ന്: വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് യേശു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ്?
”ഇത് ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല (യോഹ. 635). ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും (യോഹ. 6:51). എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്. അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്കും (യോഹ. 6:54). എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (യോഹ. 6:56).
ചുരുക്കിപ്പറഞ്ഞാല്‍, നല്ല മരണവും മഹത്വപൂര്‍ണമായ പുനരുത്ഥാനവും സ്വര്‍ഗഭാഗ്യവുമാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് യേശു നല്‍കിയിട്ടുള്ള ഏറ്റവും വലിയ വാഗ്ദാനങ്ങള്‍.
നാല്: വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് നന്മരണവും മഹത്വപൂര്‍ണമായ പുനരുത്ഥാനവും കിട്ടുമെങ്കില്‍ ഏത് തെറ്റും ചെയ്തിട്ട് വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ മതിയല്ലോ.
എന്ത് തെറ്റും ചെയ്തിട്ട് വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ മതിയാവുകയില്ല. ഈ ചോദ്യത്തിന് 1 കോറിന്തോസ് 11:28-30 വചനങ്ങളില്‍ വിശുദ്ധ പൗലോസ് ശ്ലീഹ ഉത്തരം നല്‍കുന്നുണ്ട്. അത് ഇവിടെ ഉദ്ധരിക്കാം: തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്ന് പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തശേഷം മാത്രം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. അതായത്, ആത്മീയമായ യോഗ്യതയോടുകൂടി മാത്രം വേണം വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍.
അപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമുണ്ട്. എന്നില്‍ പാപത്തിന്റെ അശുദ്ധി ഉണ്ട്; എന്നാല്‍ എനിക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും വേണം. എന്താണ് പോംവഴി? ഈ പോംവഴിയാണ് കുമ്പസാരം. പാപം ഉണ്ടെന്നുള്ള തിരിച്ചറിവും ദിവ്യകാരുണ്യം സ്വീകരിക്കണമെന്നുള്ള ആഗ്രഹവും ഒരാളെ കുമ്പസാരത്തിലേക്ക് നയിക്കുന്നു. അങ്ങനെ കുമ്പസാരംവഴി പാപമോചനം നേടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ആ വ്യക്തി യോഗ്യത നേടുന്നു. പിന്നെയും പാപത്തില്‍ വീഴാം. അപ്പോള്‍ പിന്നെയും കുമ്പസാരിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യും. അതായത് കഴിയുന്നിടത്തോളം ദിവസങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുക്കുകയും യോഗ്യതയോടുകൂടി ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തി മരിച്ചാല്‍ സ്വര്‍ഗരാജ്യം അവകാശമാക്കും. ആ വ്യക്തി ഒരിക്കലും നിത്യശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല. അതിനാല്‍ യോഗ്യതയോടുകൂടി ദിവ്യകാരുണ്യസ്വീകരണം സ്വര്‍ഗരാജ്യം ഉറപ്പാക്കുന്നു.
ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍കൂടി ഓര്‍ക്കാം. അതില്‍ ഒന്ന് ദിവ്യബലി അര്‍പ്പണമാണ്. ദിവ്യബലി അര്‍പ്പണത്തിലൂടെയാണ് ദിവ്യകാരുണ്യം ഉണ്ടാകുന്നത്. ഭക്തിയോടുകൂടി ദിവ്യബലിയില്‍ പങ്കെടുത്ത്, ദിവ്യകാരുണ്യം സ്വീകരിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ഒരു ഹീലിങ്ങ് ശുശ്രൂഷയായി മാറുന്നു. അതുവഴി ശരീരത്തിനും മനസിനും ആത്മാവിനുമെല്ലാം കൂടുതല്‍ സൗഖ്യവും ശക്തിയും അഭിഷേകവും കിട്ടുന്നു. അതുകൊണ്ടാണ് അനുദിന ബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ച് പതിവുള്ളവര്‍ ദിവ്യബലി ഒഴിവാക്കാതിരിക്കുവാന്‍ പരമാവധി ശ്രദ്ധിക്കുന്നത്. തന്റെ സാന്നിധ്യം എന്നും മനുഷ്യരോടുകൂടി ഉണ്ടായിരിക്കുന്നതിനായി യേശു കണ്ടുപിടിച്ച ഒരു സംവിധാനം കൂടിയാണ് ദിവ്യകാരുണ്യം.
സക്രാരിയില്‍ വസിച്ചുകൊണ്ടും ആരാധനാസമയത്ത് അള്‍ത്താരയിലേക്ക് എഴുന്നള്ളിവന്നുകൊണ്ടും യേശു നമ്മോടുകൂടി ആയിരിക്കുന്നു. ഈ സാന്നിധ്യം ഉള്ളതുകൊണ്ടാണ് അനേകം മനുഷ്യര്‍ ദൈവാലയത്തിലും ദിവ്യകാരുണ്യ ആരാധന നടക്കുന്ന സ്ഥലങ്ങളിലും പോയിരുന്ന് പ്രാര്‍ത്ഥിക്കുന്നത്. അവിടെവച്ച് വിശ്വാസിയും യേശുവും തമ്മില്‍ കണ്ടുമുട്ടുന്നു. പലവിധ അനുഗ്രഹങ്ങള്‍ യേശുവില്‍നിന്ന് ആളുകള്‍ വാങ്ങിയെടുക്കുന്നു. ആന്തരികസൗഖ്യം, സംശയങ്ങള്‍ക്ക് ഉത്തരം, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നിവ തേടി ദൈവസാന്നിധ്യത്തിന്റെ മുമ്പില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണം വിരളമല്ല.
നമ്മെ പരിപാലിക്കുന്ന ദൈവം, നമ്മുടെ പ്രാര്‍ത്ഥന കേട്ട് ഉത്തരം നല്‍കേണ്ട ദൈവം, നമ്മുടെ വിധിവാചകം കേള്‍ക്കാനായി ആരുടെ മുമ്പിലാണോ നമ്മള്‍ പോയിനില്‍ക്കേണ്ടത് ആ ദൈവം, നമ്മുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നല്‍കാതിരിക്കുന്ന ദൈവം, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കേണ്ട ദൈവം, ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്നു! ഒരിക്കല്‍ ഈ ദൈവത്തെ നമ്മള്‍ കാണും. അന്ന് പ്രത്യാശയോടെ ആ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കണമെങ്കില്‍ ഇന്ന് നമ്മള്‍ ഈ ദൈവത്തിന്റെ മുമ്പില്‍ എങ്ങനെ പെരുമാറണം എന്ന് നമുക്ക് ധ്യാനിക്കാം. എല്ലാവര്‍ക്കും വിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.