കേരള ലളിതകലാ അക്കാദമി ഇത്തവണ കാർട്ടൂൺ പുരസ്കാരത്തിനു തെരഞ്ഞെടുത്ത കാർട്ടൂൺ ക്രൈസ്തവ സമുദായത്തെ അടച്ചാക്ഷേപിക്കുന്നതും മതചിഹ്നങ്ങളോടു തികഞ്ഞ അനാദരവു കാട്ടുന്നതുമാണ്. “വിശ്വാസം രക്ഷതി’ എന്ന അടിക്കുറിപ്പോടെ ഒരു വാരികയിൽ പ്രസിദ്ധീകരിച്ച ഈ കാർട്ടൂണിന് സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള ലളിതകലാ അക്കാദമി അവാർഡ് നൽകി ആദരിക്കുന്പോൾ അതു ഭരണകൂടത്തിന്റെ നയവും നിലപാടുകളുമായി ബന്ധപ്പെടുത്തി കാണാതിരിക്കാനാവില്ല. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ചുവെന്നാരോപിച്ചു അറസ്റ്റിലായ മാധ്യമപ്രവർത്തകനെ ഉടൻ വിട്ടയയ്ക്കുന്നതിനായി സുപ്രീംകോടതി ഇടപെട്ട സാഹചര്യം ദേശീയതലത്തിൽ വലിയ ചർച്ചയായ ദിവസംതന്നെയാണ് മാധ്യമധർമത്തിന്റെ അന്തസു കെടുത്തുന്ന ഈ സംഭവം നടന്നത്.
ഒരു ക്രൈസ്തവ സഭാധ്യക്ഷന്റെ അധികാരചിഹ്നങ്ങൾക്കു മതാത്മകവും ആചാരപരവുമായ ചില മാനങ്ങളുണ്ട്. അംശവടിയെന്നത് അധികാര ദണ്ഡ് എന്നതിലുപരി നല്ല ഇടയന്റെ പ്രതീകമാണെന്നു മനസിലാക്കാത്തവർ അതിൽ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രം വരച്ചുചേർക്കുന്പോൾ അതിനെ മഹത്തായ കലാസൃഷ്ടിയായി കാണുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇവരെ കലാകാരന്മാരെന്നു വിളിക്കുന്നത് ആ സമൂഹത്തിനുതന്നെ അപമാനകരമാണ്. രാജ്യത്തെ ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആയ മറ്റേതെങ്കിലുമൊരു സമൂഹത്തിന്റെ മതചിഹ്നത്തെ ഇപ്രകാരം അവഹേളിക്കാൻ ഒരു കലാകാരൻ മുതിരുമോ? ഇത്തരം “ധീരരായ ഭീരുക്കൾ’ മറ്റു സമുദായങ്ങളെയും സമുദായനേതാക്കളെയും തങ്ങളുടെ രചനകളിലൂടെ ഇതുപോലെ അപമാനിക്കാൻ തുനിയുമോ? അങ്ങനെ ചെയ്തവർക്കുണ്ടായ അനുഭവം തേടി അകലെയൊന്നും പോകേണ്ട. ക്രൈസ്തവ സമൂഹത്തെ ആക്ഷേപിച്ചാൽ ആരും കൈ വെട്ടാൻ വരില്ലെന്നും ഒരു മാധ്യമസ്ഥാപനവും കത്തിക്കില്ലെന്നും ഉറപ്പുള്ളതുകൊണ്ടല്ലേ ഇത്തരം അധിക്ഷേപങ്ങൾക്കു തയാറാവുന്നത്?
ആക്ഷേപഹാസ്യത്തിന്റെ എല്ലാ സീമകളെയും അതിലംഘിക്കുന്ന അശ്ലീലപ്രയോഗത്തിലൂടെയാണ് ഈ കാർട്ടൂൺ ശ്രദ്ധിക്കപ്പെടുന്നത്. അതു ക്രൈസ്തവ സമൂഹത്തെയും അതിന്റെ ഹയരാർക്കിയെയുമൊക്കെ സമൂഹമധ്യത്തിൽ കരിവേരിത്തേക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന കാര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മാനിക്കുന്ന നിഷ്പക്ഷമതികൾക്കു വിരുദ്ധാഭിപ്രായമുണ്ടാവില്ല. എന്നാൽ, മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയുമൊക്കെ പേരുപറഞ്ഞ് ഈ അശ്ലീല കാർട്ടൂണിനെ ന്യായീകരിക്കാൻ ചിലർ രംഗത്തെത്തിയിട്ടുണ്ടെന്നതു കേരളത്തിനുതന്നെ അപമാനമാണ്. ഇന്നലെ ഈ വിഷയത്തെക്കുറിച്ചു നടന്ന ചാനൽ ചർച്ചകളിലും ക്രൂരമായ ഈ ഹാസ്യാവിഷ്കരണത്തെ മുൻനിർത്തി കത്തോലിക്കാ സഭയെയും സഭാധികാരികളെയും അവഹേളിക്കാനാണു അവതാരകരും ചർച്ചയിൽ പങ്കെടുത്ത ഒട്ടുമിക്കവരും ശ്രമിച്ചത്. ഒരു പ്രമുഖ ചാനൽ തികച്ചും ഏകപക്ഷീയവും അതിക്രൂരവുമായ ചർച്ചയാണു നടത്തിയത്.
ചില വ്യക്തികളെയും സമൂഹങ്ങളെയും ആർക്കും കൊട്ടാവുന്ന ചെണ്ടകളായി കാണുന്ന വിമർശന സ്വാതന്ത്ര്യം യാഥാർഥ ജനാധിപത്യ സ്വാതന്ത്ര്യമാണോ? വിദ്വേഷത്തിന്റെ വിത്തുകൾ വാക്കുകളായും വരകളായും പരന്പരാഗത മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പരക്കുന്പോൾ അതുണ്ടാക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പലരും കാണുന്നില്ല. പക്ഷേ, ഭരണകൂടവും അതിന്റെ ഭാഗമായവരും ഇത്തരം കാര്യങ്ങളെ നിസാരമായി കാണരുത്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വിശ്വാസി സമൂഹത്തെ കുത്തിനോവിച്ചുകൊണ്ട് ഒരു അധികാരകേന്ദ്രത്തിനും അധികനാൾ പിടിച്ചുനിൽക്കാനാവില്ല.
ക്രിസ്ത്യാനികൾ ഏറെ ആദരവോടെ കാണുന്ന കുരിശിനെ തികച്ചും അശ്ലീലമായൊരു പ്രതീകത്തിലൂടെ അവതരിപ്പിക്കുന്പോൾ അത് വിശ്വാസികളെ മാത്രമല്ല, മാന്യതയും മനുഷ്യത്വവും സാമാന്യബുദ്ധിയുമുള്ള ഏതൊരു വ്യക്തിയെയും ലജ്ജിപ്പിക്കുക മാത്രമല്ല, വേദനിപ്പിക്കുകയും ചെയ്യും. ക്രൈസ്തവ സമൂഹത്തെയും അവയുടെ സ്ഥാപനങ്ങളെയും മാത്രമല്ല, അവർ പാവനമായി കാണുന്ന മതചിഹ്നങ്ങളെയും വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ അപഹസിക്കാനും സമൂഹമധ്യത്തിൽ അവയെക്കുറിച്ച് അവമതി ഉണ്ടാക്കാനുമുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാവൂ.
ലളിതകലാ അക്കാദമി അവാർഡിനായി തെരഞ്ഞെടുത്ത ഈ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതായി സർക്കാർ വിലയിരുത്തിയതായി സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഈ അവാർഡ് നിർണയം ലളിതകലാ അക്കാദമി പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടുണ്ട്.സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ അക്കാദമികളുടെയും ഇതര സ്ഥാപനങ്ങളുടെയും തലപ്പത്തു ഭരണത്തിലിരിക്കുന്നവർക്കു താത്പര്യമുള്ളവരെയാണു സാധാരണ നിയമിക്കാറുള്ളത്. ഇടതു സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ചുമതലക്കാരിൽ ഒട്ടുമിക്കവരും പാർട്ടിയുമായി ഉറ്റബന്ധം പുലർത്തുന്നവരുമായിരിക്കും. സ്ഥാപനത്തിന്റെ നയങ്ങളിലും തീരുമാനങ്ങളിലും ആ പാർട്ടിക്കൂറ് പ്രകടമായിരിക്കും.
കാർട്ടൂൺ അവാർഡ് വിധികർത്താക്കളുടെ സ്വതന്ത്ര തീരുമാനമാണെന്നു വാദിക്കാമെങ്കിലും പത്രക്കുറിപ്പിറക്കിയിരിക്കുന്നതു കാർട്ടൂൺ അക്കാദമി ചെയർമാനും സെക്രട്ടറിയുമാണ്. അവാർഡിനർഹമായ സൃഷ്ടി അവർ കാണാതിരിക്കില്ല. ആ സൃഷ്ടിയുടെ കലാമൂല്യത്തെക്കുറിച്ചും അവാർഡിനുള്ള അർഹതയെക്കുറിച്ചും അവർക്കും വിധികർത്താക്കളുടെ അതേ അഭിപ്രായമായിരുന്നോ? ഇത്തരമൊരു കാർട്ടൂൺ ആക്ഷേപഹാസ്യമല്ല, അശ്ലീലമാണെന്നു തിരിച്ചറിയാനും അവർക്കു കഴിഞ്ഞില്ലേ? ക്രൈസ്തവ സഹിഷ്ണുത ക്രിസ്തുവിന്റെ ക്ഷമയുടെ പാഠത്തിൽനിന്നുള്ളതാണ്. ഏഴ് എഴുപതു പ്രാവശ്യം എന്ന ക്ഷമയുടെ നെല്ലിപ്പലകയെക്കുറിച്ചു ബോധ്യമുള്ള സമൂഹത്തെ തലങ്ങും വിലങ്ങും ആക്ഷേപിച്ചു മുന്നേറുന്നവർ ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ചൊന്നും പറയാതിരിക്കുകയാണു നന്ന്.
ലളിതകലാ അക്കാദമി അവാർഡ് നൽകി ആദരിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ കാഴ്ചപ്പാടും ഇവിടെ വിമർശനവിധേയമാകേണ്ടതുണ്ട്. ഉത്തരവാദിത്വപൂർണമായ മാധ്യമപ്രവർത്തനത്തെക്കുറിച്ചു സംസാരിക്കാനുള്ള ആർജവം മാധ്യമങ്ങൾതന്നെ നഷ്ടപ്പെടുത്തുന്നതു മാധ്യമസ്വാതന്ത്ര്യത്തെ കൂടുതൽ ദുർബലമാക്കും. അക്കാദമിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞ് അശ്ലീല കാർട്ടൂൺ അവാർഡ് പ്രഖ്യാപനത്തിൽനിന്നു കൈകഴുകാൻ സർക്കാരിനു കഴിയില്ല. ഇത്തരമൊരു വികല തീരുമാനത്തിൽനിന്ന് അക്കാദമിയെ പിന്തിരിപ്പിക്കാൻ സംസ്ഥാന സർക്കാരിനു ചുമതലയുണ്ട്, അധികാരവുമുണ്ട്.
കടപ്പാട്: ദീപിക