ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിനായി ഉടൻ പാർലമെന്റിൽ ബില്ല് കൊണ്ടുവരും. നിലവിൽ ചില തൊഴിൽ മേഖലകൾ മാത്രമാണ് മിനിമം വേതനത്തിന്റെ പരിധിയിൽ വരുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയുടെ യോഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടതായാണു റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമൻ, തൊഴിൽ മന്ത്രി, വ്യാപാര, റെയിൽ മന്ത്രി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസവ ആനുകൂല്യങ്ങൾ, പെൻഷൻ, മിനിമം വേജ്, ഹെൽത്ത് ഇൻഷ്വറൻസ്, നൈപുണ്യ വികസന പരിശീലനം എന്നിവ ഉൾപ്പെടുത്തിയാണ് കേന്ദ്രം ബില്ല് വിഭാവനം ചെയ്യുന്നത്. വീട്ടുജോലി, നിർമാണ തൊഴിൽ, കർഷകർ, കലാകാരൻമാർ, കച്ചവടക്കാർ എന്നിവ ഉൾപ്പെടുന്ന അനൗദ്യോഗിക വിഭാഗങ്ങളെ ബില്ലിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.പാർലമെന്റിന്റെ അടുത്ത സെഷനിൽ തന്നെ ബില്ല് അവതരിപ്പിച്ചേക്കും. പുതിയ തൊഴിൽ നിയമം സംബന്ധിച്ച് പ്രധാനപ്പെട്ട എല്ലാ തൊഴിലാളി യൂണിയൻ നേതൃതങ്ങളുമായും ചർച്ച നടത്തിയതായി തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ അറിയിച്ചു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം; ബില്ല് ഉടൻ പാർലമെന്റിൽ
