ഡല്‍ഹി : രാജ്യത്തെ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കാനുള്ളത് അയ്യായിരം കോടിയോളം രൂപ. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പി.എം.എഫ്.ബി.വൈ) പദ്ധതി വഴി ഇന്‍ഷുര്‍ ചെയ്ത തുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ട്ടിഫൈ ചെയ്തിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിക്കാത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയര്‍‘ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.ഡിസംബര്‍ 2018 വരെ കര്‍ഷകര്‍ക്കു ലഭിക്കാനുള്ള ഇന്‍ഷുറന്‍സ് തുകയായ 5,171 കോടി രൂപയെയാണ് ഇതു ബാധിച്ചിരിക്കുന്നത്. ആറു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഒരുരൂപ പോലും ഇന്‍ഷുറന്‍സായി നല്‍കിയിട്ടില്ല. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിലാണിത്.
വിളവെടുപ്പിനുശേഷം രണ്ടുമാസത്തിനുള്ളില്‍ ഈ പണം നല്‍കിയിരിക്കണമെന്നാണ് പി.എം.എഫ്.ബി.ഐ മാനദണ്ഡം. അതായത്, 2018 ഡിസംബറില്‍ അവസാനിച്ച വിളവെടുപ്പിന് ശേഷം ഈവര്‍ഷം ഫെബ്രുവരിയിലെങ്കിലും പണം ലഭിക്കണമായിരുന്നു.കേന്ദ്ര കൃഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വയറിനു നല്‍കിയത്. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കാണ് ഇതില്‍ ഏറ്റവുമധികം പണം ലഭിക്കാനുള്ളത്, 1416 കോടി രൂപ.