ചങ്ങനാശേരി: മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങൾക്കു നേരെയുളള കടന്നു കയറ്റത്തിൽ ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷന്റെ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ ചേർന്ന സമ്മേളനത്തിൽ കൗൺസിൽ ചെയർമാൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. എല്ലാ ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാരും പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനംചെയ്തു.വേണ്ടത്ര കൂടിയാലോചനയും വിചിന്തനവും കൂടാതെ നടപ്പിലാക്കുന്ന ഖാദർ കമ്മീഷന്റെ നിർദേശങ്ങൾ അപ്രായോഗികവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനെയും കേരളം വിദ്യാഭ്യാസരംഗത്തു നേടിയ മികവിനെയും പ്രതികൂലമായി ബാധിക്കുന്നതുമായതിനാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽനിന്നു കേരള സർക്കാർ പിന്മാറണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസസ്ഥാപനത്തിലെ പ്രവേശനത്തിനു മതന്യൂനപക്ഷങ്ങളെ നിർണയിക്കുന്നതിലുളള കോടതിവിധിയെ നിയമപരമായി നേരിടും. 2016-17 മുതൽ സ്കൂളുകളിൽ നിയമാനുസൃതം നടത്തിയ അധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണം. ഈ വിഷയങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുന്നില്ലെങ്കിൽ സമാന നിലപാടുകളുളള സമുദായങ്ങളും സംഘടനകളുമായി ചേർന്നു ഭാവിപരിപാടി ആസൂത്രണം ചെയ്യും.മാർത്തോമ്മാ സഭയുടെ മേലധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മലങ്കര ഓർത്തഡോക്സ് സഭാ പ്രതിനിധി സി. ജോണ്‍ കോർഎപ്പിസ്കോപ്പ, സിഎസ്ഐ സഭാ പ്രതിനിധി റവ.ജോണ്‍ ഐസക്, കൽദായസഭാ പ്രതിനിധി ജോണ്‍ പോൾ, ഫാ. ജോണ്‍ പട്ടാനിയിൽ, പി. ജെ. ഇഗ്നേഷ്യസ്, റവ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, കൗണ്‍സിൽ സെക്രട്ടറി ഫാ. ജോസ് കാരിവേലിക്കൽ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.സമ്മേളനത്തിനു ശേഷം കൗണ്‍സിൽ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച് നിലപാടുകൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചു ഇരുവരും ചർച്ച ചെയ്തു.
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഇന്റർ ചർച്ച് കൗൺസിൽ
