സീറോമലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയുടെ പുതിയമെത്രാനായി മാര്‍ സാമുവേല്‍ ഇറേനിയോസ് നിയമിതനായി.ഈ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന മാര്‍ യൂഹനാന്‍ ക്രിസോസ്റ്റോം പ്രായപരിധിയെത്തിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി സീറോ മലങ്കരകത്തോലിക്കാസഭയുടെ സിനഡ് സ്വീകരിക്കുകയും ഫ്രാന്‍സീസ് പാപ്പാ അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍ മാര്‍ സാമുവേല്‍ ഇറേനിയോസ് പ്രസ്തുത രൂപതയുടെ അദ്ധ്യക്ഷനായിരിക്കുന്നത്.കടമ്മനിട്ട സ്വദേശിയാണ് മാര്‍ സാമുവേല്‍ ഇറേനിയോസ്.1952 മെയ് 13 ന് ജനിച്ച അദ്ദേഹം 1978-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും 2010 മാര്‍ച്ച് 13-ന് തിരുവനന്തപുരം സീറോമലങ്കര കത്തോലിക്കാ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.2018 ഏപ്രില്‍ 10-നാണ് മാര്‍ സാമുവേല്‍ ഇറേനിയോസ് പത്തനംതിട്ട രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി നിയമിതനായത്.