വത്തിക്കാൻ സിറ്റി: ത്തോലിക്കാസഭയുടെ ശക്തി പരിശുദ്ധാത്മാവാണെന്നും പരിശുദ്ധാത്മാവ് വസിക്കാത്ത സഭ ശൂന്യമെന്നും ഫ്രാൻസിസ് പാപ്പ. സഭയിലും വ്യക്തിജീവിതത്തിലും സമാധാനവും ഐക്യവും സൂക്ഷിക്കാൻ പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ സ്വീകരിക്കണമെന്നും പാപ്പ പറഞ്ഞു.പന്തക്കുസ്താ തിരുനാളിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം പങ്കുവെക്കുകയായിരുന്നു പാപ്പ. ഉത്ഥിതനായ ക്രിസ്തുവിനെ കാണുക മാത്രമല്ല മറിച്ച്, നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വാഗതം ചെയ്യണം. അങ്ങനെ ഈശോയെ ഉള്ളിൽ സ്വീകരിച്ച് ഈശോയിൽ കേന്ദ്രീകരിച്ച് വളരണമെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായം അനിവാര്യമാണ്.പരീക്ഷണങ്ങളിൽ ധൈര്യമായും തളർച്ചകളിൽ ആത്മവിശ്വാസമായും അസ്വസ്ഥതകളിൽ സമാധാനമായും പ്രായമാകുമ്പോൾ യുവത്വമായുമാണ് ഓരോരുത്തരുടെ ഉള്ളിലും പരിശുദ്ധാത്മാവുള്ളത്. പരിശുദ്ധാത്മാവില്ലാത്ത ക്രിസ്ത്യാനികളുടെ ജീവിതം അർത്ഥശൂന്യവും സ്നേഹമില്ലാത്തും വരണ്ടതുമായിത്തീരും. ആത്മാവ് നീർജീവമായ സഭയുടെ ദൗത്യം വെറും പ്രചാരണപ്രവർത്തനവും സഭയാകുന്ന കൂട്ടായ്മ ഭാരമേറിയ ഒരു അധ്വാനവുമായി മാത്രം മാറും.
ഈ കാലഘട്ടത്തിൽ ഐക്യതയുടെ അഭാവംമൂലം തികഞ്ഞ ഭിന്നതയിലാണ് മനുഷ്യർ വസിക്കുന്നത്. അതുപോലെ തന്നെ ഈ കംപ്യൂട്ടർ യുഗത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നാം സജീവമാണെങ്കിലും ഒട്ടും സാമൂഹ്യമല്ലാതാവുകയും പരസ്പരമുള്ള അകലങ്ങൾ വർദ്ധിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഒരുമയുള്ള ഏക സഭയായി, ദൈവത്തിന്റെ ജനങ്ങളായി മാറണമെങ്കിൽ ഐക്യത്തിന്റെ പരിശുദ്ധാത്മാവിനെ ആവശ്യമാണ്. പരിശുദ്ധാത്മാവിനോടൊപ്പം സഭ ദൈവത്തിന്റെ വിശുദ്ധജനഗണമായി മാറും.അപ്പോൾ സഭയിലെ നമ്മുടെ ദൗത്യം സന്തോഷമായി മാറും. എല്ലാവരും പരസ്പരം ഒരേ പിതാവിന്റെ മക്കളായ സഹോദരീ സഹോദരന്മാരുമായി തീരുകയും ചെയ്യും. അങ്ങനെ പരിശുദ്ധാത്മാവിന്റെ വഴിയിലൂടെ കാര്യങ്ങളെ സ്വീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.