വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളിൽ സദാസമയവും ചെലവഴിക്കുന്നതിനെതിരേ മുന്നറിയിപ്പു നല്കി ഫ്രാൻസിസ് മാർപാപ്പ. സമൂഹമാധ്യമങ്ങളിൽ എത്ര കൂടുതൽ സമയം ചെലവഴിക്കുന്നുവോ, യഥാർഥ സമൂഹത്തിൽനിന്ന് അത്രയും അകലുമെന്ന് മാർപാപ്പ പറഞ്ഞു. പന്തക്കുസ്ത ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽമീഡിയയിലെ ചെറിയ ഗ്രൂപ്പുകളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നതിനെതിരേ മാർപാപ്പ മുന്നറിയിപ്പു നല്കി. സാംസ്കാരിക അധിക്ഷേപത്തിനു തുല്യമായ വിശേഷണങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ഭിന്നത വെടിഞ്ഞ് സമാധാനവും ഐക്യവും സ്ഥാപിതമാവാൻ പരിശുദ്ധാരൂപിയുടെ സഹായം തേടണമെന്നു മാർപാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അരൂപിയാൽ പ്രചോദിതരാവുന്നവർക്കു മാത്രമേ തിന്മയെ നന്മകൊണ്ടു നേരിടാനാവൂ. ഏഷണികളെ പ്രാർഥനകൊണ്ടും, പരാജയമനോഭാവത്തെ പ്രോത്സാഹനംകൊണ്ടും, ദുഷ്ടതയെ നന്മപ്രവൃത്തികൾകൊണ്ടും, ശബ്ദകോലാഹലത്തെ നിശ്ശബ്ദതകൊണ്ടും നേരിടാൻ അവർക്കാവുമെന്നു മാർപാപ്പ പറഞ്ഞു.സുഡാനിൽ സമാധാനത്തിനു വേണ്ടി പ്രാർഥിക്കണമെന്നു പിന്നീട് ത്രികാലജപ പ്രാർഥനാവേളയിൽ സന്ദേശം നൽകവേ മാർപാപ്പ വിശ്വാസികളോട് അഭ്യർഥിച്ചു.
സോഷ്യൽമീഡിയ: മുന്നറിയിപ്പു നല്കി മാർപാപ്പ
