ചിറ്റാരിക്കാൽ (കാസർഗോഡ്): യുവജനങ്ങൾ സമാധാനത്തിന്റെ വക്താക്കളാകണമെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ മുതൽ കന്യാകുമാരി വരെ നടത്തുന്ന സമാധാന സന്ദേശ യാത്ര തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയാങ്കണത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഭീകരവാദം തിന്മയുടെ മതമാണ്.അത് കൊലപാതകങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും കാരണമാകുന്നു. യഥാർഥത്തിൽ മതങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. അന്യോന്യം സ്നേഹിക്കാൻ കഴിഞ്ഞാലേ സമാധാനം നിലനിൽക്കൂ. അതുകൊണ്ട് യുവജനങ്ങൾ സ്നേഹിക്കാൻ കഴിയുന്ന ഹൃദയമുള്ളവരായിരിക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.മാർ ജോസഫ് പാംപ്ലാനിയും നിയുക്ത കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും ചേർന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പതാക കൈമാറി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. സോണി വടശേരി, തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലക്കൽ, മേഖല ഡയറക്ടർ ഫാ. അലക്സ് നിരപ്പേൽ, അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത് എന്നിവർ പ്രസംഗിച്ചു.
അതിരൂപത, സംസ്ഥാന ഭാരവാഹികൾ, തോമാപുരം മേഖല ഭാരവാഹികൾ, തോമാപുരം ശാഖ ഭാരവാഹികൾ, സംസ്ഥാനത്തെ കെസിവൈഎം പ്രവർത്തകർ എന്നിവർ സന്ദേശയാത്രയിൽ പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടന മ്മേളനത്തിൽ ചെമ്പരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് റോബോട്ടിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തി. സമ്മേളനത്തിനു മുന്നോടിയായി ആയിരത്തോളം യുവജനങ്ങൾ പതാകയേന്തി ബൈക്ക് റാലി, നാസിക് ബാൻഡ് തുടങ്ങിയവയുടെ അകമ്പടിയോടെ തോമാപുരം പള്ളിയിൽനിന്ന് ചിറ്റാരിക്കാൽ ടൗൺ ചുറ്റി ചെറുപുഴ റോഡിൽ കാര ജംഗ്ഷനിൽ വരെ സന്ദേശയാത്ര നടത്തി. ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി കണ്ണൂർ ജില്ലയിലെ ചെറുപുഴവരെ സമാധാനസന്ദേശ യാത്രയെ തോമാപുരം മേഖലയിൽനിന്നുള്ള യുവജനങ്ങൾ അനുഗമിച്ചു. ചടങ്ങുകൾക്ക് സംഘാടകസമിതി ഭാരവാഹികളായ ഫാ. സുനീഷ് പുതുക്കുളങ്ങര, നിക്കി മാളിയേക്കൽ, ഷിജിത്ത് കുഴുവേലിൽ, സിസ്റ്റർ ബെറ്റി, ബെന്നി കലയത്താങ്കൽ, അമൽ സജി കോട്ടയിൽ, വിവേക് പുതുമന, ജിലിയ ആലുങ്കൽ, ടോണി തുടിയംപ്ലാക്കൽ, ആനന്ദ് പാഴുർതടത്തിൽ അലീന വാലുമ്മേൽ, എബിൻ എഴുത്തുപുരയിൽ എന്നിവർ എന്നിവർ നേതൃത്വം നൽകി.
ദേശീയ-അന്തർദേശീയതലത്തിൽ വ്യാപിക്കുന്ന തീവ്രവാദത്തിനും മതത്തിന്റെ പേരിലുള്ള ഭീകരപ്രവർത്തനങ്ങൾക്കുമെതിരേ ‘യുവജനങ്ങൾ സമാധാനത്തിന്’ എന്നപേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ സമാപിക്കുന്ന സമാധാന സന്ദേശയാത്ര. എട്ടു ദിവസംകൊണ്ട് കന്യാകുമാരിയിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ 32 രൂപതകളിലെയും അല്മായ സംഘടനാ നേതാക്കളെയും പങ്കെടുപ്പിച്ച് തീവ്രവാദം, മതഭീകരവാദം, ലോകസമാധാനം, മതേതരത്വം എന്നീ വിഷയങ്ങളിൽ കെസിവൈഎം സമാധാനസദസ് സംഘടിപ്പിക്കും. ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് രാജ്യാന്തര സമാധാന സമ്മേളനം നടത്തും. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവജനപ്രതിനിധികൾ പങ്കെടുക്കും.
കെസിവൈഎം സമാധാന യാത്രയ്ക്ക് ഉജ്വല തുടക്കം
