കൊച്ചി: ഭീകരവാദത്തിനും വർഗീയതയ്ക്കുമെതിരേ യുവജനങ്ങളെ അണിനിരത്തി കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (കെസിവൈഎം) ആഭിമുഖ്യത്തിൽ സമാധാന സന്ദേശയാത്ര സംഘടിപ്പിക്കുന്നു. കാസർഗോഡ് മുതൽ കന്യാകുമാരി വരെ എട്ടു ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കു നാളെ കാസർഗോഡ് ചിറ്റാരിക്കാലിൽ തുടക്കമാകും. രാവിലെ 8.30ന് ആരംഭിക്കുന്ന യാത്ര തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഫ്ളാഗ് ഓഫ് ചെയ്യും.
ആദ്യദിനം തലശേരി, കണ്ണൂർ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തും. അതത് പ്രദേശങ്ങളിൽ കെസിവൈഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമാധാന സദസുകളും ജാഥയുടെ ഭാഗമായി നടക്കും. വിവിധ മതങ്ങളുടെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുക്കും. 10ന് താമരശേരി, കോഴിക്കോട്, സുൽത്താൻപേട്ട, പാലക്കാട്, തൃശൂർ, 11ന് ഇരങ്ങാലക്കുട, കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി, 12ന് എറണാകുളം-അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി, 13ന് കാഞ്ഞിരപ്പള്ളി, പാലാ, വിജയപുരം, കോട്ടയം, 14ന് ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട, പുനലൂർ, 15ന് ആലപ്പുഴ, കൊല്ലം, മാവേലിക്കര, തിരുവനന്തപുരം മലങ്കര, തിരുവനന്തപുരം ലാറ്റിൻ, 16ന് നെയ്യാറ്റിൻകര, പാറശാല, കന്യാകുമാരി എന്നീ രൂപത കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.
16ന് കന്യാകുമാരി വിവേകാനന്ദ പാറയ്ക്ക് സമീപം ഗാന്ധിസമാധിയിലാണു ജാഥ സമാപിക്കുന്നത്. ജൂലൈ ഏഴ് യുവജനദിനത്തിൽ കെസിവൈഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവകകളിൽ സമാധാന നടത്തം സംഘടിപ്പിക്കുമെന്നു കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. യൂത്ത് ഫോർ പീസ് എന്ന പേരിൽ ലോകസമാധാനത്തിനായി കെസിവൈഎം സംഘടിപ്പിക്കുന്ന പരിപാടികളുടെ അവസാനഘട്ട പരിപാടിയായ സമാധാന സമ്മേളനം ഓഗസ്റ്റിൽ തിരുവനന്തപുരത്തു നടക്കും. 21 രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി. ബാബു, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കെസിവൈഎം സമാധാന സന്ദേശയാത്ര നാളെ തുടങ്ങും
