കൊച്ചി: സമൂഹത്തിൽ വളർന്നുവരുന്ന തീവ്രവാദ പ്രവണതകളിൽ ഭരണകൂടവും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് കെസിബിസി വർഷകാല സമ്മേളനം ആഹ്വാനം ചെയ്തു.ആരോഗ്യമുള്ള പൊതുസമൂഹവും മത-സമുദായങ്ങളും ഒരിക്കലും തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയില്ല. സമുദായങ്ങൾ തമ്മിലുള്ള ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കേണ്ടതായിട്ടുണ്ട്. മതസാഹോദര്യം, ഇതരമതസൗഹാർദം, സമാധാനപൂർണമായ സഹവർത്തിത്വം എന്നിവ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായിത്തീരണം. ഭരണകൂടവുമായി സഹകരിച്ചു മാത്രമേ തീവ്രവാദപ്രവർത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂ. ക്രൈസ്തവ ആധ്യാത്മികതയ്ക്ക് അനുയോജ്യമായ രീതിയിൽ യോഗ അനുഷ്ഠിക്കുന്നതിൽ തെറ്റില്ല. ക്രൈസ്തവർ യോഗയെ ശാരീരിക-മാനസിക വ്യായാമമുറയായാണ് മനസിലാക്കുന്നത്. യോഗയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ തലങ്ങളെക്കുറിച്ച് ചില മുൻകരുതലുകൾ ആവശ്യമാണ്. യോഗചര്യയെയും ക്രൈസ്തവവിശ്വാസത്തെയും സംബന്ധിച്ച് കെസിബിസി പഠനരേഖ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് ആഗോളസഭയോടു ചേർന്നു കേരള കത്തോലിക്കാസഭയും 2019 ഒക്ടോബർ മിഷനറിമാസമായി ആചരിക്കും. സഭയുടെ ഓഖി പുനരധിവാസ പ്രവർത്തനങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പ്രദേശങ്ങളിൽ പൂർത്തീകരണത്തോടടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രവർത്തനം കുറെക്കൂടി കാര്യക്ഷമമാക്കണം. പ്രളയ പുനരധിവാസ – പുനർനിർമാണ പ്രവർത്തനങ്ങൾ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളുടെ നേതൃത്വത്തിൽ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നതിൽ കെസിബിസി സംതൃപ്തി രേഖപ്പെടുത്തി. സർക്കാരിന്റെ സഹായങ്ങൾ അർഹിക്കുന്നവരിലേക്ക് എത്തിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹവും ജാഗ്രത പുലർത്തണം. സ്പെഷൽ സ്കൂളുകളും അഗതി – അനാഥ ക്ഷേമസ്ഥപനസംരക്ഷണവും സംബന്ധിച്ച് കെസിബിസി മുഖ്യമന്ത്രിക്കു നിവേദനം സമർപ്പിക്കും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1500-ൽ അധികം ക്ഷേമസ്ഥാപനങ്ങളിൽ നാനൂറോളം സ്ഥാപനങ്ങൾ അടുത്തകാലത്ത് നിർത്തലാക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടുമൂലം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സ്ഥാപന പ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കണം.
സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ നേരിടുന്നതിനായി സ്പെഷൽ സ്കൂൾ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും സ്ഥാപന പ്രതിനിധികളെ വിളിച്ചുചേർത്ത് സ്പെഷൽ എഡ്യൂക്കേഷൻ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും കെസിബിസി സമ്മേളനം സർക്കാരിനോട് അഭ്യർഥിച്ചു.
തീവ്രവാദ പ്രവണതകൾ ഗൗരവമായി കാണണം: കെസിബിസി
