കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നു. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ആറു പേർക്കും നിപ്പയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു.
അതേസമയം, നിപ്പ നിയന്ത്രണവിധേയമായെന്ന് പറയാനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായും യുവാവിൽ രോഗം വലിയ അളവിൽ വ്യാപിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാത്ത് വീണ്ടും നിപ്പ ഭീതിയുയർന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.