കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ച രോഗി മരിച്ചു. ഇടുക്കി സ്വദേശിയായ ജേക്കബ് തോമസ് ആണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സംശയിച്ചാണ് ജേക്കബിനെ വിദഗ്ദ ചികിത്സക്കായി കട്ടപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. അവിടെ ചികിത്സ നിഷേധിക്കപ്പെട്ട അദ്ദേഹം മണിക്കൂറുകള്‍ പരിചരണം ലഭിക്കാതെ, വൈകിട്ട് നാലുമണിയോടെ ആംബുലന്‍സില്‍ കിടന്ന് മരിക്കുകയായിരുന്നു.

രോഗികളുടെ ആധിക്യം മൂലമുണ്ടായ സൗകര്യക്കുറവ് ആയിരിക്കാം ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണം എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച മന്ത്രി, അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും എന്ന് മാധ്യമങ്ങളെ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം മെഡിക്കല്‍കോളേജിനു മുന്നിലെത്തിയ രോഗിയെ ആംബുലന്‍സില്‍നിന്നിറക്കി പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ പരാതി. കട്ടപ്പനയില്‍നിന്നുള്ള ഡിസ്ചാര്‍ജ് സമ്മറി മാത്രം നോക്കിയശേഷം, വെന്റിലേറ്ററും ബെഡും ഒഴിവില്ല എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു.

ഒരു ഡോക്ടറെയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പിആര്‍ഒയെയും കണ്ട് ബന്ധുക്കള്‍ അപേക്ഷിച്ചെങ്കിലും കനിവുണ്ടായില്ല. ആംബുലന്‍സിലെ ഓക്‌സിജന്റെ അളവ് കുറയുകയാണ് എന്ന് അറിയിച്ചിട്ടും കേട്ടഭാവം നടിച്ചില്ല എന്ന്, ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് പറയുന്നു.