കൊച്ചി: നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയിൽനിന്നുള്ള പ്രത്യേക മരുന്നാണ് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എത്തിച്ചത്. മരുന്ന് ഉപയോഗിക്കുന്നതിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അനുമതി നൽകിയിരുന്നു.
ഇതിനിടെ, നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഐസലേഷൻ വാർഡിലുള്ളവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ടേറ്റിൽ അവലോകന യോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.